കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം

മിസിസാഗാ: കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സിഎംഎന്‍എ) ആനുവല്‍ ഡിന്നര്‍ ആന്റ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസ്സാഗയിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്നു. 22 ന് വൈകിട്ട് നടന്ന ഡിന്നര്‍ നൈറ്റില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവർ സംബന്ധിച്ചു. എം.പി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു.

ദീര്‍ഘകാലം കാനഡയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേല്‍, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേല്‍ എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. എം.പി റൂബി സഹോട്ട ആദരിക്കപ്പെട്ടവര്‍ക്ക് കനേഡിയന്‍ ഗവണ്‍മെന്റിന്റെ അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് വെരി റവ. പി.സി. സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ സിഎംഎന്‍എ ഭാരവാഹികള്‍ സമ്മാനിച്ചു.  ഡോ. സജീവ് അമ്പാടി നടത്തിയ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഓണ്‍ സിപിആര്‍ പ്രത്യേകം ശ്രദ്ധേയമായി.

നിരവധി കലാപരിപാടികള്‍ ഡിന്നറിനു മാറ്റുകൂട്ടി. സിനി തോമസ്, ഷിജി ബോബി, റോജിന്‍ ജേക്കബ് തുടങ്ങിയവര്‍ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. റവ.ഫാ. ഡാനിയേല്‍ പുല്ലേലില്‍, റവ.ഡോ. തോമസ് ജോര്‍ജ് തുടങ്ങിയവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കനേഡിയന്‍ ഗവണ്‍മെന്റിന്റെ അഭിമാനപത്രം മുഖ്യാതിഥി അസോസിയേഷന്‍ പ്രസിഡന്റ് ആനി സ്റ്റീഫന് കൈമാറി. മാംഗളൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ സ്വപ്ന ഡെന്നീസ് സിഎംഎന്‍എ കൊണ്ട് തനിക്കുണ്ടായ പ്രയോജനങ്ങള്‍ സദസുമായി പങ്കുവെച്ചു.

ഓഗസ്റ്റ് 26 ന് വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഏര്‍ളി ഡിറ്റക്ഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഓഫ് സ്‌ട്രോക്ക് എന്നീ വിഷയത്തെപ്പറ്റി ഇന്‍ഫര്‍മേഷന്‍ സെഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. സിഎംഎന്‍എ വൈസ് പ്രസിഡന്റ് ഷീല ജോൺ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി സൂസന്‍ ഡീന്‍ കണ്ണമ്പുഴയുടെ നന്ദി പ്രകടനത്തിനും ഡിന്നറിനും ശേഷം 2017-ലെ ഡിന്നര്‍നൈറ്റിനു തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *