ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; മുന്‍ അധ്യാപകനെ ഇന്ത്യയിലേക്ക് നാടുകടത്തും

പി. പി. ചെറിയാൻ

ടെക്സാസ് : ഹൈദരാബാദിൽ  നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിൽ തട്ടിപ്പ് നടത്തിയ ടെക്സസിലെ മുൻ അധ്യാപകൻ ജോർജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും പിഴയായി 53,000 ഡോളർ ഈടാക്കുന്നതിനും കോടതി വിധിച്ചു.

ടെക്സസിലെ ഫോർട്ട് സ്റ്റോക്റ്റൺ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു അമ്പത്തിഒന്നുകാരനായ ജോർജ്. ഹൈദരാബാദിലെ പത്രങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകി അവരിൽ നിന്നും വലിയ തുകകൾ ഫീസായി വാങ്ങുകയും അമേരിക്കയിലേക്ക് വരുവാൻ അവസരം ലഭിച്ചവരിൽ നിന്നും ശമ്പളത്തിന്റെ 15 ശതമാനം നിർബന്ധമായി വാങ്ങുകയും ചെയ്തതിനാണ് അധ്യാപകനെതിരെ കേസെടുത്തിരുന്നത്.

സമറിറ്റൺ എഡ്യുക്കേഷണൽ സർവ്വീസസ് എന്ന കമ്പനി രൂപീകരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. 2012 ഡിസംബർ മുതൽ 2016 മെയ് വരെയാണ് അധ്യാപകൻ തുടർച്ചയായി തട്ടിപ്പു നടത്തിയത്. ജനുവരിയിലാണ്  അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

അധ്യാപകൻ കഴിഞ്ഞ ഒരു വർഷമായി ജയിലിലായിരുന്നു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയിൽ വിമുക്തനാക്കി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനാണ് കോടതി വിധി. അധികൃതരുടെ അനുമതിയോ, അറിവോ ഇല്ലാതെ സ്റ്റേറ്റ് ഡിപ്പാർട്മെന്റിനും സ്റ്റോക്റ്റൺ ഇൻഡിപെന്റന്റ് വിദ്യാഭ്യാസ ജില്ലയ്ക്കും ഇടയിൽ മദ്ധ്യവർത്തിയാണ് എന്ന പ്രചരണം നടത്തിയാണ് ഹൈദരാബാദിൽ നിന്നും അധ്യാപകരെ ഇദ്ദേഹം ആകർഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.