നൂറിന്റെ നിറവില്‍ നര്‍മത്തിന്റെ നറുനിലാവ്

നൂറിന്റെ നിറവിലാണ് നര്‍മത്തിന്റെ നറുനിലാവ്. ചിരിയില്‍ ചാലിച്ച് ചിന്തയിലേക്ക് ഇറ്റിറ്റുവീഴുന്ന തേന്‍നിലാവിന്റെ വാങ്മയം. ലാളിത്യവും വിനയവും സമന്വയിച്ച റവ.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് ഏപ്രില്‍ 27ന് നൂറുവയസു തികയുകയാണ്. ഇന്ത്യയില്‍ ബിഷപ് പദവിയില്‍ കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സന്യസ്തനും മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി തന്നെ. കുറ്റിയില്‍ തളയ്ക്കപ്പെടാത്ത മതസാമുദായിക കാഴ്ചപ്പാടും ആഴമേറിയ ജീവിതവീക്ഷണവും സ്വതസിദ്ധവും അനന്യവുമായ ഭാഷണശൈലിയുമാണ് ക്രിസോസ്റ്റം തിരുമേനിയെ ശ്രേഷ്ഠരില്‍ ശ്രേഷ്ഠനാക്കുന്നത്.

പറയുന്ന കാര്യങ്ങള്‍ ലഘൂകരിച്ച്, സന്ദേശങ്ങളുടെ ഗൗരവം ചോരാതെ, ആത്മീയമൂല്യങ്ങളുടെ അകമ്പടിയോടെയാണ് ഓരോ പ്രഭാഷണവും. ‘വിശ്വാസത്തെ ചോദ്യംചെയ്യാന്‍ ആളുകളെ ഞാന്‍ പ്രേരിപ്പിക്കാറുണ്ട്. ചോദ്യംചെയ്യപ്പെടാത്ത വിശ്വാസം, ശരിയായ വിശ്വാസമല്ല’. ആത്മീയതയുടെ ആഴംകണ്ട ആ കര്‍മയോഗിയുടെ വാക്കുകളാണിത്. വിശ്വാസം ഉള്ളില്‍നിന്നും ഉരുത്തിരിയേണ്ടതാണ്. ദൈവദോഷംകൊണ്ടല്ല, നമ്മിലെ കുറ്റവും കുറവും കൊണ്ടാണ് നമുക്ക് അത്യാഹിതങ്ങള്‍ സംഭവിക്കുന്നതെന്ന് തിരിച്ചറിയണം. ഈ സന്ദേശം ഉള്ളില്‍കയറണമെങ്കില്‍ അല്പം വക്രീകരിച്ച് പറയേണ്ടിവരും. ക്രിസോസ്റ്റം തിരുമേനിയുടെ പ്രഭാഷണങ്ങള്‍ നിഷേധാത്മകമായി ആദ്യമേ തോന്നുന്നതും അതുകൊണ്ടാണ്. ചിന്തയുടെ മുനയും ചിരിയുടെ പടച്ചട്ടയും ക്രിസോസ്റ്റം തിരുമേനി ഒരേസമയം പ്രയോഗിക്കും. നിത്യദുഖവും, ദാരിദ്ര്യവും ദുരിതവും സംഭവിപ്പിക്കുന്ന ദൈവം മനുഷ്യസ്‌നേഹിയാണോ?. അദ്ദേഹം ചോദ്യമെറിഞ്ഞു കഴിഞ്ഞാല്‍ ശ്രോതാക്കള്‍ ചെവികള്‍ കൂര്‍പ്പിക്കും. അത്തിയെ കര്‍ത്താവ് ശപിച്ച കഥയും കൂടെപ്പറയും. ദൈവം ശപിക്കുന്നത് ശരിയാണോ?. ഇതെന്താ അദ്ദേഹം ഇങ്ങനെയൊക്കെ എന്ന സംശയമുന ഉള്ളില്‍ കുത്തിത്തുടങ്ങും. ‘കായ്കനികള്‍ ഇല്ലാതിരുന്ന സമയം അത്തിയിലെങ്കിലും ഫലമുണ്ടോ എന്നറിയാനായിരിക്കും കര്‍ത്താവ് അത്തിയില്‍ നോക്കിയത്. ശപിക്കാനായിരിക്കില്ല. നോക്കിയത് കുറ്റമാക്കാമോ? പുഞ്ചിരിച്ച മുഖത്തോടെ തിരുമേനി മറുചോദ്യമെറിയും. സ്വന്തം തെറ്റുകള്‍ തിരിച്ചറിയുകയാണ് വേണ്ടതെന്നും ദോഷം ചെയ്യുന്നത് ദൈവത്തിന്റെ ജോലിയല്ലെന്നും ഇത്രയും എളുപ്പത്തില്‍ പറഞ്ഞുമനസിലാക്കാന്‍ ആ കര്‍മയോഗിക്കേ കഴിയൂ. ‘സാധാരണക്കാര്‍ക്ക് മനസിലാകുന്ന കാര്യം വളരെ സരസമായി അവതരിപ്പിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അറിവുള്ളവര്‍ ആശയമാണ് നോക്കുന്നത്. ആശയം സാധാരണക്കാരനില്‍ എത്തണമെങ്കില്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ പറയണം’ ക്രിസോസ്റ്റം തിരുമേനി പറയുന്നു. വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നതിലുമുണ്ട് തിരുമേനിയുടെ ഗഹനമായ ആശയപൂരണം’ചക്കക്കുരുവിനുള്ളില്‍ ഒരു പ്ലാവും അതില്‍ നിറയെ ചക്കകളുമുണ്ടെന്ന് കാണാന്‍ കഴിയുന്ന ഒന്നാണ് വിദ്യാഭ്യാസം.’
1917 ഏപ്രില്‍ 27ന് കുമ്പനാട്ടെ അടങ്ങപ്പുറം കലമണ്ണില്‍ ഭവനത്തില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ ശോശാമ്മയുടെയും മകനായി ജനനം. മരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യു.സി കോളജില്‍ നിന്നും ബിരുദം. ശേഷം അങ്കോളയില്‍ സുവിശേഷപ്രവര്‍ത്തനം.
1944 ജനുവരി ഒന്നിന് ശെമ്മാശ്ശ പട്ടവും ജൂണ്‍ മൂന്നിന് കശീശ്ശ പട്ടവും സ്വീകരിച്ചു. ബാംഗ്ലൂര്‍ ഇടവക വികാരിയായിരിക്കെ റവ. ഫിലിപ്പ് ഉമ്മന്‍ തുടര്‍പഠനവും നടത്തി. ശേഷം കൊട്ടാരക്കര, പട്ടമല, മൈലം, മാങ്ങാനം, തിരുവനന്തപുരം ഇടവകകളുടെ വികാരിയായും സേവനം.
1953 മെയ് 20ന് റമ്പാനായും 23ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നപേരില്‍ എപ്പിസ്‌കോപ്പയായും അഭിഷിക്തനായി. ഇംഗ്ലണ്ടിലെ കാന്റര്‍ബറിയിലെ സെന്റ് അഗസ്റ്റിന്‍ കോളജിലെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 1954ല്‍ കോട്ടയംമലബാര്‍ ഭദ്രാസന എപ്പിസ്‌കോപ്പയായി. 1963ല്‍ സഭയുടെ മിഷനറി ബിഷപ്പ് ആയി. 1975 മുതല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു. 78ല്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. അലക്‌സാണ്ടര്‍ മാര്‍തോമ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി 1999 മാര്‍ച്ച് 15ന് സഭയുടെ ഔദ്യോഗിക മെത്രാന്‍സ്ഥാനം ഏറ്റെടുത്തു.

വര്‍ഷങ്ങളോളം പുറകോട്ടു സഞ്ചരിച്ചാല്‍ ഒരു ആത്മസമര്‍പ്പണത്തിന്റെ ചരിത്രവഴികളിലെത്താം. ഫിലിപ്പോസ് ക്രിസോസ്റ്റം അന്ന് ആലുവ യുസി കോളജില്‍ വിദ്യാര്‍ഥിയാണ്. ഫീസിനത്തില്‍ അല്പം പണം വേണം. സുവിശേഷകനായ പിതാവ് ഉമ്മന്‍ മകന് പണംനല്കികൊണ്ട് ചോദിച്ചു, ‘സുവിശേഷം നല്കിയ പണമാണ്. നീയിതിന് എന്തു പകരം നല്‍കും?’ ‘ഞാന്‍ എന്നെത്തന്നെ നല്‍കാം’ എന്ന ആ കൗമാരക്കാരന്റെ വാക്കുകള്‍ക്കുപിന്നില്‍ കാലം കൊളുത്തിവച്ച ആത്മസമര്‍പ്പണത്തിന്റെ ദീപനാളവുമുണ്ടായിരുന്നു. തെളിഞ്ഞുകത്തിയ ആ ദീപം മാര്‍ത്തോമ സഭയുടെ നിറദീപമായി ചുറ്റിലും പ്രകാശംചൊരിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.