മാധ്യമപ്രവര്‍ത്തകര്‍ ഒറ്റുകാരാകരുത് ; ഒരുമിച്ച് നില്‍ക്കണം

സ്വന്തം ലേഖകന്‍

ന്യൂയോര്‍ക്ക്: ഹണിട്രാപ്പ് വിവാദത്തില്‍ അഞ്ചുമാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിരിക്കുന്നു. മംഗളം സിഇഒ ആര്‍.അജിത്ത് കുമാര്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്,കെ ജയചന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലു പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മന്ത്രിയുമായി സംഭാഷണം നടത്തിയ പെണ്‍കുട്ടി ആരോഗ്യകരമായ കാരണം പറഞ്ഞ് ചോദ്യം ചെയ്യലില്‍ ഹാജരായിരുന്നില്ല. ചാനല്‍ ചെയര്‍മാനടക്കം ഒന്‍പതുപേര്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന കുറ്റമായ ഐപിസി 120 (ബി) യും ലൈംഗീകത, എന്തെങ്കിലും ഒരു ഇലക്ടോണിക്‌സ് മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുന്ന കുറ്റമായ ഐറ്റി ആക്ടിലെ 67 (എ) യുമാണ് ചുമത്തിയിരിക്കുന്നത്.

മംഗളം ചാനല്‍പ്രവര്‍ത്തകര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്: ‘മംഗളം ചാനലിന്റെ പ്രവര്‍ത്തകരായ ഒന്നു മുതല്‍ എട്ടു വരെ പ്രതികളും ഒന്‍പതാം പ്രതിയും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ചാനലിന്റെ മാര്‍ക്കറ്റിങ്ങിന് വേണ്ടിയും അതിലൂടെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എ കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്നു ഉദ്ദേശത്തോടും കരുതലോടും കൂടി ടി മംഗളം ടെലിവിഷന്‍ ചാനലിലൂടെ 26-03-2017 പകല്‍ 11 .00നും 11.30നും ഇടയ്ക്കുള്ള സമയം ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തും അന്നേ ദിവസം 5.46നു മംഗളം ടെലിവിഷന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പബ്ലിഷ് ചെയ്തും പൊതുജനങ്ങള്‍ കാണുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഇടയാക്കിയിരിക്കുന്നു എന്നുള്ളത്.

ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍വേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തി എന്നു പറയുന്നതും മന്ത്രി ശശീന്ദ്രന് മാനഹാനി വരുത്താന്‍ എന്ന ഉദ്ദേശത്തോടെയെന്നും പറയുമ്പോഴും ഇവിടെ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നത് എങ്ങനെ കുറ്റകരമായ ഗൂഢാലോചനയാകും. കൂടാതെ ശശീന്ദ്രന് മാനഹാനിയുണ്ടായിയെന്നും പറയുന്നു. തനിക്ക് മാനഹാനിയുണ്ടായതായി ശശീന്ദ്രന്‍ പരാതി കൊടുത്തിട്ടുപോലുമില്ല. പിന്നെങ്ങനെ ഒരാള്‍ക്ക് മാനഹാനിയുണ്ടായിയെന്ന് പറഞ്ഞ് പോലീസ് കേസെടുക്കും. മാനഹാനിയുണ്ടായ ആള്‍ പരാതി കൊടുക്കുമ്പോള്‍ മാത്രമാണ് അത് കേസാകുന്നത്. അത് സിവിലാണോ ക്രിമിനല്‍ ആണോയെന്നു പോലും പരാതിക്കാരനാണ് പറയേണ്ടത്. ഈ സാഹചര്യത്തില്‍ മംഗളത്തിനെതിരെ കേസെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുകയും ഇത് വിധവയായ സ്ത്രീയോടു മന്ത്രി സംസാരിച്ചുവെന്ന തരത്തില്‍ ജനങ്ങളെ കബളിപ്പിച്ച മംഗളം ചാനലിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഇതിന് ആ ചാനല്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഐടി ആക്ട് അനുസരിച്ച് അശ്ലീല കരമായ കാര്യം ചാനലില്‍ സംപ്രേക്ഷണം ചെയ്‌തെങ്കില്‍ ചാനല്‍ ഉടമയും വാര്‍ത്തയുടെ ഉത്തരവാദിത്വമുള്ളയാളും മാത്രമാണ് അതിന് സമാധാനം പറയേണ്ടത്. അല്ലാതെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരല്ല. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടും ഇവിടത്തെ മാധ്യമ സമൂഹം ഒരക്ഷരം മിണ്ടിയില്ലെന്നതു ഗൗരവത്തോടെ കാണേണ്ട കാര്യം തന്നെയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ആര്‍ക്കും സംഭവിക്കാവുന്ന കാര്യം. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റുകാരുടെ റോളിലായി.

ചാനലിന്റെ ഹണിട്രാപ്പിനെ വിവാദമാക്കിയതും ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. മംഗളം തെറ്റു ചെയ്തു. അതിന് അവര്‍ മാപ്പുപറയുകയും ചെയ്തു. അത് പോരായെന്നു പറഞ്ഞ് ഇറങ്ങുന്നവരുടെ ലക്ഷ്യം എന്താണെന്നതാണ് വ്യക്തമാകേണ്ടിയിരിക്കുന്നു. ഇതിന് ഇവിടത്തെ മാധ്യമസമൂഹം വളം വച്ച് കൊടുക്കുന്നതിലൂടെ സ്വയം കുഴിതോണ്ടുകയാണെന്നു മറക്കരുത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ മംഗളം ഓഫീസ് റെയിഡ് നടത്തുകയും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ അത് ആഘോഷിച്ചത് മാധ്യമസ്വാതന്ത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ മാധ്യമസമൂഹം തന്നെ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. എന്തിന്റെ പേരിലാണെങ്കിലും മറ്റൊരു മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലൊരു അവസ്ഥവരുമ്പോള്‍ മാധ്യമസമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതിനു പകരം പുറത്തുനിന്ന് അവരെ കൂവുന്നു. ഈ സാഹചര്യം മാധ്യമപ്രവര്‍ത്തനം തന്നെ മറ്റുള്ളവര്‍ക്കു മുന്നില്‍ അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്. ഈ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കുട്ടുന്ന ചെയ്തികള്‍ ചോദിക്കാന്‍ ഇവിടത്തെ മാധ്യമ സമൂഹം ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്നോട്ടുപോക്ക് അത്രശുഭകരമായിരിക്കില്ല. ഭരണകൂടത്തിന്റെ ചെയ്തികള്‍ വാര്‍ത്തയാക്കിയാല്‍ നിയമത്തിന്റെയും അറസ്റ്റിന്റെയും പേരില്‍ വേട്ടയടല്‍ മാധ്യമപ്രവര്‍ത്തകര്‍സഹിക്കേണ്ടിവരും.

ഒരു മന്ത്രിയെന്ന നിലയില്‍ പറയാവുന്ന കാര്യങ്ങളാണോ ശശീന്ദ്രന്‍ പറഞ്ഞത്. ആരോടായിക്കോട്ടെ. മന്ത്രിസ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരത്തില്‍ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടുന്നത് ശരിയല്ല. ഇത് ഉപയോഗിച്ച് ആ മന്ത്രിയെ ആര്‍ക്കുവേണമെങ്കിലും ചൂഷണം ചെയ്യാം. ഇക്കാര്യമാണ് മംഗളം തങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കാട്ടിത്തന്നത്. മംഗളം അവതരിപ്പിച്ച രീതി ശരിയായില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ കാണാതെ പോകരുത്. ഇവിടെ ഇരയും വേട്ടക്കാരും മാധ്യമപ്രര്‍ത്തകരായെന്നതാണ് ഇതിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ഇത് മുതലെടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും മാധ്യമമേഖലയ്ക്ക് ഒട്ടും തന്നെ ഗുണകരമായ കാര്യമല്ല. ഇതിനെതിരെ ഇനിയെങ്കിലും മാധ്യമസമൂഹം ഒരുമിക്കണം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവും മാധ്യമപ്രവര്‍ത്തകരെ അഴിക്കുള്ളില്‍ ആക്കാന്‍ നടത്തുന്ന ശ്രമം മാധ്യമസമൂഹം തിരിച്ചറിയണം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.