പാതയോരത്തെ മദ്യനിരോധനം; ബാറുകളും പൂട്ടും

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതകള്‍ക്കു സമീപമുള്ള മദ്യക്കടകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ വിധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ബാറുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. ഈ സാഹചര്യത്തില്‍ ദേശീയ, സംസ്ഥാന പാതകള്‍ക്കു സമീപമുള്ള ബാറുകളും പൂട്ടും. എന്നാല്‍, 20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളില്‍ മാത്രം പാതയോരത്തുനിന്നു 500 മീറ്ററിനുള്ളിലുള്ള മദ്യശാലകള്‍ എന്നത് 220 മീറ്റര്‍ എന്നായി കുറച്ചിട്ടുണ്ട്.

ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 31ന് എക്‌സൈസ് വര്‍ഷം തീരുന്നവര്‍ക്ക് ഈ ആനുകൂല്യമില്ല. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.

സുപ്രീം കോടതി വിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിനു വിരുദ്ധമാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിശദീകരണം. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. ഇതോടെ, ബവ്‌റിജസ് കോര്‍പറേഷന്റെ 144 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 13 ഔട്ട്‌ലെറ്റുകളും മാര്‍ച്ച് 31നു രാത്രിയോടെ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യേണ്ടിവരും. അഞ്ഞൂറോളം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും ഇരുപതോളം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളേയും വിധി പ്രതികൂലമായി ബാധിക്കും. കള്ളുഷാപ്പുകള്‍, ക്ലബ്ബുകളിലെ മദ്യശാലകള്‍ എന്നിവയ്ക്കും വിധി ബാധകമാണ്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എക്‌സൈസ് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. കോടതി വിധി ഉടന്‍തന്നെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകള്‍ക്കു 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മദ്യക്കടകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധി പിന്‍വലിക്കുക, വിധിയിലെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, മദ്യക്കടകളെന്നതില്‍ ബാര്‍ ഹോട്ടലുകളും മറ്റും ഉള്‍പ്പെടുമോയെന്നു വ്യക്തമാക്കുക തുടങ്ങി പല ആവശ്യങ്ങളുന്നയിച്ച് 54 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.