തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകും

തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നു രാജിവച്ച എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ മന്ത്രിയാകും. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി. എ.കെ. ശശീന്ദ്രന്‍ വഹിച്ചിരുന്ന വകുപ്പായ ഗതാഗതം തന്നെ തോമസ് ചാണ്ടിക്കും ലഭിക്കും. ശനിയാഴ്ച വൈകിട്ട് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണു തീരുമാനം. സംഭവത്തില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നാണ് എല്‍ഡിഎഫ് നിലപാട്.
വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് തോമസ് ചാണ്ടി പ്രതികരിച്ചത്. ശശീന്ദ്രന്‍ ആരോപണമുക്തനായാല്‍ സ്ഥാനത്തു നിന്നു മാറിക്കൊടുക്കും. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അദ്ദേഹം മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.
ചാനലിന്റെ ഖേദപ്രകടനം നടന്ന സാഹചര്യത്തില്‍ മുന്‍തീരുമാനം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാര്‍ട്ടിയുടെ മുന്‍നിലപാട് അനുസരിച്ചാണു മുഖ്യമന്ത്രിയെ കണ്ടത്. പുതിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കാര്യം ചര്‍ച്ച ചെയ്തു. ചാനല്‍ ഖേദം പ്രകടിപ്പിച്ചതിലൂടെ ധാര്‍മികമായി ശശീന്ദ്രന്‍ രാജിവച്ചതു ജയിച്ചതായും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തിയാല്‍ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു തിരികെയെത്തിക്കുമെന്നാണു പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.