മേജര്‍ക്ക് സല്യൂട്ട്‌

ഒരു സംവിധായകനെന്ന നിലയില്‍ മേജര്‍ രവിയുടെ പുരോഗതി വ്യക്തമാക്കുന്ന സിനിമയാണ് പിക്കറ്റ് 43. അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കപ്പെട്ട പട്ടാള സിനിമയാണിത്. മേജര്‍ രവിയുടെ മുന്‍ സിനിമകളെ അപേക്ഷിച്ച് സൈനികന്റെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്നതില്‍ പിക്കറ്റ് 43 വിജയം വരിച്ചിരിക്കുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഹവില്‍ദാര്‍ ഹരീന്ദ്രന്‍ നായര്‍ക്ക് ജീവന്‍ നല്‍കിയ പൃഥിരാജിന്റെ പ്രകടനം അഭിനന്ദനീയമാണ്. പൃഥിരാജിന്റെ ശരീര ഘടനയും മാനറിസവും സൈനികന് യോജിച്ചതു തന്നെ.

അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികനും പാക് ജവാനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ ദേശസ്‌നേഹ ഉദ്‌ബോധനത്തേക്കാള്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതാണ്. പരസ്പരം വെറുക്കാന്‍ വിധിക്കപ്പെട്ട രണ്ടു മനുഷ്യര്‍ ഈ സാഹചര്യത്തെ മറികടക്കുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നു. അതേ സമയം അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നതുമാണ് ഈ ചിത്രം.

പ്രശസ്ത ബോളീവുഡ് താരം ജാവേദ് ജഫ്രിയുടെ പാക് ജവാനും നമ്മുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നു. കമാന്റിങ് ഓഫീസറുടെ റോള്‍ അവതരിപ്പിച്ച രണ്‍ജി പണിക്കര്‍ നമ്മളെ അദ്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു. തിരക്കഥാകൃത്തില്‍ നിന്നുള്ള പണിക്കരുടെ കൂടുമാറ്റം വെറുതെയായില്ലെന്ന് ഈ ചിത്രവും തെളിയിക്കുന്നു. നായകന്റെ സന്തത സഹചാരിയായ ബക്കാഡി എന്ന നായക്കും ഈ സിനിമയില്‍ പ്രധാന റോള്‍ ഉണ്ട്. മേജറുടെ മുന്‍ സിനിമകളിലെ നായകനായ മോഹന്‍ലാലിന്റെ ശബ്ദവും പേപ്പര്‍കട്ടിങ്ങിലെ ചിത്രവും ഈ സിനിമയില്‍ കൊണ്ടുവന്നത് ബോധപൂര്‍വ്വമായിരിക്കണം. പട്ടാള അന്തരീക്ഷത്തിന്റെ സൃഷ്ടിക്ക് അത് സഹായിക്കുന്നു.

കാശ്മീരിലെ മനോഹര ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ജോമോന്‍ ടി ജോണിന്റെ ക്യാമറയും സിനിമയുടെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നു. രതീഷ് വേഗയുടെ സംഗീതവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

മേജര്‍ രവി സൈനിക സിനിമകളുടെ സ്വന്തം സംവിധായകനാണ്. പക്ഷെ ഈ സിനിമ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. കാരണം ഇതില്‍ പച്ചയായ ജീവിതമുണ്ട്. ഹീറോയിസത്തെക്കാള്‍ സാധാരണ പ്രേക്ഷകനെ ആകര്‍ഷിക്കുക അതാണെന്ന് സംവിധായകനെ ഈ സിനിമയുടെ വിജയം ബോധ്യപ്പെടുത്തുന്നു. ഈ സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കണ്ട കമന്റ് – പിക്കറ്റ് 43യിലൂടെ മേജര്‍ രവി ശരിക്കും മേജര്‍ ആയിരിക്കുന്നു. അതാണ് യഥാര്‍ത്ഥ പ്രേക്ഷകന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *