ബസിലേതുപോലെ ആളെകുത്തിനിറച്ച് വിമാനയാത്ര; പൈലറ്റിന് പണികിട്ടി

ഇസ്ലാമാബാദ്: ബസിലുംമറ്റും ആള്‍ക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നതുപോലെ വിമാനത്തിലും യാത്രക്കാരെ കയറ്റിയ പൈലറ്റിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി. 407 യാത്രക്കാര്‍ക്കുള്ള വിമാനത്തില്‍ 416 പേരുമായാണ് പാകിസ്ഥാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പാക്ക് വിമാനം പറന്നത്. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് പിഐഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്നുമണിക്കൂര്‍കൊണ്ടാണ് ജമ്പ് സീറ്റിലും കോക്ക്പിറ്റിലും നിന്നും ഇരുന്നും യാത്രക്കാര്‍ സൗദിയിലെത്തിയത്.

വ്യോമ നിയന്ത്രണങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് പിഐഎ വക്താവ് ഡാനിയല്‍ ഗിലാനി പറഞ്ഞു.
പൈലറ്റ് അന്‍വര്‍ അദില്‍, എയര്‍ ഹോസ്റ്റസ് ഹീന ടുറാബ്, ടെര്‍മിനല്‍ മാനേജര്‍ അക്ബര്‍ അലി ഷാ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ സംഭവത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ജനുവരി 20ന് കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പോയ പിഐഎ വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. അധിക യാത്രികര്‍ കയ്യെഴുത്തിലുള്ള ബോഡിങ് പാസുമായാണ് വിമാനത്തില്‍ പ്രവേശിച്ചത്. ടേക് ഓഫീന് ശേഷം മാത്രമാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം.വ്യോമയാന സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച പൈലറ്റിനെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *