അമേരിക്കയിലേക്ക് ഇന്ത്യക്കാരും വരണ്ട; എച്ച്1 ബി വിസയ്ക്ക് നിയന്ത്രണം വരും

വാഷിംഗ്ടണ്‍: എച്ച്1 ബി വിസയില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ഇതു സംബന്ധിച്ച ബില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി സോയി ലോഫ്‌ഗ്രെന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. വിസ ലഭിക്കാന്‍ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന ശുപാര്‍ശകളാണ് നിയമഭേദഗതിക്കുള്ള ബില്ലില്‍ ഉള്ളത്. നിലവില്‍ ശമ്പളപരിധി 60,000 ഡോളറാണ്. ഇത് 1,30,000 ഡോളര്‍ ആയി ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.ലോകത്തെ പ്രതിഭാശാലികളെ അമേരിക്കയില്‍ എത്തിക്കുന്നതിനൊപ്പം അമേരിക്കന്‍ ജീവനക്കാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് ബില്ലെന്ന് ലോഫ്‌ഗ്രെന്‍ പ്രതികരിച്ചു. നിയമഭേദഗതി നടപ്പാക്കുന്നതോടെ എച്ച്1ബി വിസയുടെ ദുരുപയോഗം അവസാനിക്കും. രാജ്യമേതെന്ന് നോക്കാതെ തൊഴിലുടമകള്‍ വിദഗ്ധരായ ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം വരും. ജീവനക്കാര്‍ക്ക് കൂടുതല്‍ നീതിപൂര്‍വ്വം പരിഗണന ലഭിക്കുമെന്നും ലെഫ്‌ഗ്രെന്‍ പറഞ്ഞു.

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വിസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക. നിയമപ്രകാരം 65,000 എച്ച് 1 ബി വിസയേ ഒരു വര്‍ഷം അനുവദിക്കാവൂ. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വിസകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ ഇതിനുള്ള എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പു വെച്ചേക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈഡര്‍ പറഞ്ഞു. തീരുമാനം നടപ്പിലായാല്‍ ഐടി പ്രൊഫഷണലുകളെയാണ് ബാധിക്കുക. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ എച്ച് 1 ബി വീസ ഉപയോഗിച്ചാണ് അമേരിക്കയില്‍ ജോലിക്കാരെ എത്തിക്കുന്നത്. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് പുതിയ തീരുമാനം കടുത്ത വെല്ലുവിളി ഉയര്‍ത്തും.

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള വലിയൊരു മാര്‍ഗമാണ് എച്ച്1ബി വിസ. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിക്കാമെന്നും ട്രംപ് കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.