ടെക്‌സസിലെ മുസ്ലീം പള്ളി പുനര്‍നിര്‍മിക്കാന്‍ ലഭിച്ചത് 800,000 ഡോളര്‍

മൊയ്തീന്‍ പുത്തന്‍‌ചിറ

ഹൂസ്റ്റണ്‍: ടെക്‌സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്‌ലീം പള്ളി പുനര്‍നിര്‍മിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഏകദേശം 800,000 ഡോളര്‍ സംഭാവനയായി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ടെക്സസിലെ വിക്ടോറിയയിലുള്ള ‘ഇസ്‍ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയ’ അഗ്നിക്കിരയായത്. സെന്റര്‍ മുഴുവനും അഗ്നിക്കിരയായതോടെ വിക്ടോറിയയിലുള്ള ക്രിസ്ത്യന്‍, ജൂത ആരാധനാലയങ്ങളില്‍ മുസ്‍ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം ഒരുക്കിയത് വാര്‍ത്തയായിരുന്നു.

ട്രം‌പിന്റെ വിവാദമായ മുസ്‍ലിം വിരുദ്ധ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് പള്ളിക്ക് തീ പിടിച്ചതെന്നതും നിര്‍ഭാഗ്യകരമായി. എന്നാല്‍, ക്രൈസ്തവരുടേയും ജൂത വംശജരുടേയും അകമഴിഞ്ഞ സഹകരണം മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മുഖമാണ് പ്രകടമാകുന്നതെന്ന് ഇസ്‍ലാമിക് സെന്റര്‍ അധികൃതര്‍ പ്രതികരിച്ചു. ജാതിമതഭേദമന്യേ ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ടെക്‌സസില്‍ നിന്നടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയായി ലഭിച്ച സഹായം ഞായറാഴ്ച 800,000 ഡോളര്‍ കവിഞ്ഞിരുന്നു. തിങ്കളാഴ്ചയോടെ അത് 850,000 ഡോളറാകുമെന്ന് ഇസ്‍ലാമിക് സെന്റര്‍ അധികൃതര്‍ പറഞ്ഞു. സെന്റര്‍ അഗ്നിക്കിരയായ ഉടനെ ഫണ്ട് ശേഖരണത്തിനായി gofundme.com ല്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.

തീ പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. വിക്ടോറിയ മാര്‍ഷല്‍ ഓഫീസും, ടെക്സസിലെ അഗ്നിശമന സേനാ വിഭാഗവും, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്റ് എക്സ്പ്ലോസിവ്സും അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.