കെ. മധുവിന്റെ ‘ഓള്‍വേസ് വിത് യു’ സംപ്രേക്ഷണം ചെയ്തു

വിനോദ് ജോണ്‍

ടൊറന്റോ (കാനഡ): ഹിറ്റ് മേക്കര്‍ കെ. മധുവിന്റെ കൈവയ്‌പോടുകൂടി ശ്രദ്ധയാകര്‍ഷിച്ച ഹൃസ്വചിത്രം ‘ഓള്‍വേസ് വിത് യു’ ക്രിസ്മസ് ദിനത്തില്‍ പ്രേക്ഷകരുടെ വീടുകളിലെത്തി. കൈരളി പീപ്പിള്‍ ടിവിയാണ് ഡിസംബര്‍ 25ന് ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ഇതു സംപ്രേഷണം ചെയ്തത്. സര്‍വകലാശാല സ്‌കൂള്‍ വിദ്യാര്‍ഥികളടങ്ങുന്ന പുതുമുഖ പ്രതിഭകള്‍ നിറയുന്ന ‘ഓള്‍വേസ് വിത്ത് യു’ എന്ന ചിത്രത്തിന് പ്രതിഫലം വാങ്ങാതെയാണ് ‘കെ. മധു സ്പര്‍ശം’ സമ്മാനിക്കപ്പെട്ടതെന്നതാണു പ്രത്യേകത. കാനഡയിലും അമേരിക്കയിലുമായാണു ചിതീകരണം പൂര്‍ത്തിയാക്കിയത്.

കാനഡയുടെയും അമേരിക്കയുടെയും മനോഹാരിതയും ഒട്ടേറെ പുതുമുഖങ്ങളടങ്ങുന്ന ഈ സംരംഭത്തെ വ്യത്യസ്തമാക്കി. തണുത്തുറഞ്ഞ നയാഗ്രയുടേതുള്‍പ്പെടെയുള്ള അപൂര്‍വകാഴ്ചകള്‍ ഇതിന് അടിവരയിടുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയ ‘ഓള്‍വേസ് വിത്ത് യു’വിനെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നതുപോലെ ‘പാഷനേറ്റ്‌ലി മിസ്റ്റീരിയസ്’ എന്നതുതന്നെയാണ് ആകാംക്ഷ ഉണര്‍ത്തിയത്.

നായികാപ്രാധാന്യമുള്ളതാണ് കഥയെന്നതാണു പുതുമ. രേഷ്മ മാത്യു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോഷിനി ജോസഫ്, ക്രിസ്റ്റി ജയ്‌സണ്‍, അശ്വിന്‍ രാജന്‍, ജോര്‍ജ് ആന്റണി എന്നിവരാണ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മികച്ച നടനുള്ള അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരജേതാവ് ബിജു തയില്‍ച്ചിറയുടേതാണ് കഥ. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷവും ബിജു കൈകാര്യം ചെയ്യുന്നു. നോര്‍ത്ത് പോള്‍ ഡിസ്ട്രിബ്യൂഷന്‍ കാനഡയുടെ ബാനറില്‍ മാത്യു ജേക്കബ് നിര്‍മിച്ച ചിത്രത്തില്‍

റോബിന്‍ തിരുമലയുടേതാണ് തിരക്കഥയും ഗാനങ്ങളും. ക്യാമറ എസ്. രമേശ്, എഡിറ്റര്‍ സയന്‍ ശ്രീകാന്ത്. സംഗീതം അജിത് സുകുമാരന്‍. അസോഷ്യേറ്റ് ഡയറക്ടര്‍ സന്തോഷ് പുളിക്കലാണ്. കെ. മഹേശന്‍, ഗിരീഷ് ബാബു എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരും. ആഷ രാജന്‍, ജെസി ജയ്‌സണ്‍, ജോസ് പാലക്കുന്നേല്‍, ആന്റണി വി. ജോര്‍ജ് എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സണ്ണി കുന്നപ്പള്ളി (പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്), വിനോദ് ജോണ്‍ (പിആര്‍ഒ), ജിസന്‍ പോള്‍ (ഡിസൈന്‍) എന്നിവരും സംരംഭവുമായി സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *