അരുവിക്കരയില്‍ പോരാട്ടം കനക്കും :ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 15000 വോട്ടാണു ബിജെപി നേടിയത്. രാജഗോപാല്‍ സ്ഥാനാര്‍ഥിയായെത്തുന്നതോടെ ശക്തമായ പോരാട്ടം നടത്താനാവുമെന്നാണു പാര്‍ട്ടി കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സി. ശിവന്‍കുട്ടിയെയാണു ജില്ലാ കമ്മിറ്റി പരിഗണിച്ചത്. എന്നാല്‍, ശക്തനായ സ്ഥാനാര്‍ഥി വേണമെന്നു കോര്‍കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. രാജഗോപാലിന്റെ പേര് കൃഷ്ണദാസാണു മുന്നോട്ടുവച്ചത്. എന്നാല്‍, ഇതിനോട് രാജഗോപാല്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മത്സരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ മഹിളാ മോര്‍ച്ച മുന്‍ അധ്യക്ഷകൂടിയായ ശോഭ സുരേന്ദ്രന്റെ പേരും പാര്‍ട്ടി പരിഗണിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മത്സരമാണു നടത്തിയത്.
അരുവിക്കരയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം. വിജയകുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *