വനിതകള്‍ക്ക് സായുധ സേനയിലും രക്ഷയില്ല ; എണ്ണം വെട്ടിച്ചുരുക്കുന്നു

സായുധസേനയിലേക്ക് വനിതാ റിക്രൂട്ട്‌മെന്റിന് നിയന്ത്രണം വരുന്നു. സ്ത്രീ ശാക്തീകരണം എന്ന പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകുമ്പോഴാണു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ നീക്കം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ മൂന്നു സേനകളെയും പ്രതിനീധികരിച്ചത് വനിതാ ഓഫിസര്‍മാരായിരുന്നു.

ഇനി മുതല്‍ യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേനകളിലേക്ക് വനിതകളെ കൂടുതലായി റിക്രൂട്ട് ചെയ്യില്ല. ഇതോടെ കര, നാവിക, വ്യോമസേന എന്നിവയില്‍ ഒരു പരിധിയില്‍ കൂടുതല്‍ വനിതകളുടെ സാന്നിധ്യം കുറയും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് സായുധസേനയിലെ സ്ത്രീകളെ യുദ്ധമുഖത്ത് വിന്യസിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ റിക്രൂട്ട്‌മെന്റിനു നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീകളെ സേനയിലെ മറ്റു പ്രവര്‍ത്തന മേഖലയില്‍ ചേരുന്നതിനു പ്രോത്സാഹനം നല്‍കുമെന്നു മന്ത്രി അറിയിച്ചു. യുദ്ധ സമയത്ത് ശത്രുരാജ്യങ്ങളുടെ തടവുകാരായാല്‍ നേരിടേണ്ടി വരുന്ന ക്രൂരതകള്‍ കണക്കിലെടുത്താണ് ഇവരെ ഇവിടേക്ക് വിന്യസിക്കാത്തത്.

പുരുഷന്‍മാര്‍ക്കു പോലും ശത്രുക്കളുടെ ക്രൂരപീഡനം നേരിടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖടക്ക്വസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈന്യത്തിലെ ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നു കേന്ദ്രമന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 11,000 ഒഴിവുകളാണു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത് 7000 ആയി കുറഞ്ഞു. സേനയിലെ ഓഫിസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തിനുള്ളില്‍ അക്കാഡമിയില്‍ പരിശീലനം നേടാനുള്ളവരുടെ ശേഷി 2400 ആയി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.