നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസില്‍ പിതാവ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്‌

പി. പി. ചെറിയാൻ

ക്യൂൻസ്  : നാലു മാസം പ്രായമുളള മകനെ കൊലപ്പെടുത്തിയ കേസിൽ ക്യൂൻസിൽ നിന്നുളള ജഗ് ഷീർ സിങ്ങ് (28) കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 18 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഈ കേസിന്റെ അവസാന വിധി നവംബർ 4 ന് പ്രഖ്യാപിക്കും.

2014 ഡിസംബർ 20 നായിരുന്ന സംഭവം. നാലു മാസം പ്രായമുളള നവീനെ ഡോക്ടറായ മാതാവ് റീന മൽഹോത്ര ഭർത്താവ് സിങ്ങിനെ ഏൽപ്പിച്ച ശേഷമാണ് ജോലിക്കു പോയത്. നവീന് ശ്വസിക്കുവാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് ഭാര്യയെ വിളിച്ചു വരുത്തി ഇരുവരും ചേർന്ന് കുട്ടിയെ ന്യുഹൈഡ് പാർക്കിലുളള കോൻ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടു പോയി. മേശയിൽ നിന്നും വീണതാണെന്നായിരുന്നു സിംഗ് അധികൃതരെ അറിയിച്ചത്. ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിനും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റതായി ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഡിസംബർ 21 ന് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് നാലു ദിവസങ്ങൾക്കുശേഷം നവീൻ ആശുപത്രിയിൽ വച്ചു മരിച്ചു.

ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കഴിയുന്നതിനിടെ ഭാര്യ റീന, ഭർത്താവിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി റിച്ചാർഡ് ബുച്ചന് കത്തയച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുൻപു വിവാഹിതനായിരുന്ന സിങ്ങിന് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണു കുട്ടികളെ വളർത്തിയിരുന്നത്.

കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുളള പിതാവ് തന്നെ അവരെ മരണത്തിലേക്കു തളളിവിടുന്ന ക്രൂരമായ നടപടികൾ അംഗീരിക്കാനാവില്ല. സിങ്ങ് കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് ബ്രൗൺ പ്രതികരിച്ചു. പ്രത്യേക വസ്തു ഉപയോഗിച്ചു നവീനെ പരുക്കേൽപ്പിച്ചതായി സിങ്ങ് കുറ്റസമ്മതം നടത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.