തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്

 വാഷിംഗ്ടണ്‍ : ഒരൊറ്റ മാസത്തില്‍ 325 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ഒബാമ റിക്കാര്‍ഡിട്ടു. ഓഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ ഇളവുചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും.

മയക്കുമരുന്നു കേസില്‍ കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നതിനെതിരെ ഒബാമ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീര്‍ഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ദാരിദ്ര്യത്തിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ് വളരുന്നതെന്ന് ശിക്ഷ ഇളവ് ചെയ്തതിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.

ഒബാമയുടെ ഭരണത്തില്‍ ഇതുവരെ 673 തടവുകാര്‍ക്കാണ് ശിക്ഷാ ഇളവ് ആനുകൂല്യം ലഭിച്ചിട്ടുളളത്. ഒബാമയ്ക്ക് മുമ്പുണ്ടായിരുന്ന പതിനൊന്ന് പ്രസിഡന്റുമാര്‍ ആകെ 690 പ്രതികള്‍ക്കാണ് ആനുകൂല്യം നല്‍കിയിട്ടുളളത്.

മയക്കു മരുന്നു കേസുകളില്‍ ശിക്ഷാ ഇളവ് ലഭിച്ചു പുറത്ത് കടക്കുന്നവരില്‍ നിന്നും പൂര്‍ണ്ണമായും ഈ പ്രവണത ഒഴിവാക്കുവാന്‍ കഴിയുകയില്ലെന്ന് വിദഗ്ദരുടെ അഭിപ്രായം. പലപ്പോഴും ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ദിവസം മിസിസിപ്പിയില്‍ രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്‌ലാന്റാ ജയിലില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. 2015 ജൂലൈയില്‍ പരോളില്‍ കഴിയവെ സെപ്റ്റംബര്‍ മാസമാണ് പ്രൊബേഷന്‍ ലഭിച്ചത്. പ്രതിയെ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ വധിക്കപ്പെടുകയായിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ഒബാമ ശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെതിരെ ശക്തമായ എതിരഭിപ്രായവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.