റിയോയില്‍ ഇന്ത്യക്ക് നാണക്കേട്; മലയാളി താരത്തിന് കുടിവെള്ളം പോലും നല്‍കിയില്ല

റിയോ: ഒളിമ്പിക്‌സ് സമാപിച്ചപ്പോള്‍ റിയോയില്‍ നിന്നുവരുന്നത് അവഗണനയുടെ വാര്‍ത്ത. വനിതകളുടെ മാരത്തണില്‍ പങ്കെടുത്ത മലയാളി താരത്ത് കുടിവെളളം പോലും നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വെളളം കിട്ടാതെ ട്രാക്കില്‍ തളര്‍ന്നു ബോധംകെട്ടുവീണ താരത്തിന് രണ്ടുമണിക്കൂറിനു ശേഷമാണ് ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്നു കൂടി അറിയുമ്പോഴാണ് ഈ സംഭവം എത്രത്തോളം ഗൗരവമുളളതാണെന്നു മനസിലാകൂ.

വനിതകളുടെ മാരത്തണില്‍ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രാജ്യക്കാരും കുടുവെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുകളും തയ്യാറാക്കി നല്‍കാറുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി ഓരോ രണ്ടുകിലോ മീറ്റര്‍ പിന്നിടുമ്പോഴും ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. എന്നാല്‍, വഴിയരികില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ഡെസ്‌കുകളില്‍ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു. മറ്റു രാജ്യങ്ങളുടെ ഡെസ്‌ക്കുള്‍ ഉണ്ടായിരുന്നുവെങ്കിലും അവിടെ നിന്നു വെള്ളമെടുത്താല്‍ അയോഗ്യയാക്കുമെന്ന ഭയത്താല്‍ ഒ.പി. ജയ്ഷ വെള്ളമെടുത്തില്ല. പിന്നെ, കുറച്ചെങ്കിലും ആശ്വാസമായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റര്‍ പിന്നിടുമ്പോള്‍ത്തന്നെ ക്ഷീണിക്കുമെന്നതിനാല്‍ ഈ സഹായവും പ്രയോജനപ്പെട്ടില്ലെന്നും 30 കിലോമീറ്റര്‍ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ജയ്ഷ പറഞ്ഞു.

ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്താണ് ജയ്ഷ ഒടുവില്‍ ഫിനിഷിംഗ് ലൈനില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് ടീം ഡോക്ടര്‍ പോലും സ്ഥലത്തില്ലായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ ജയ്ഷയ്ക്ക് തുണയ്‌ക്കെത്തിയത് പുരുഷവിഭാഗം മാരത്തണില്‍ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരുമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്കു മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നല്‍കിയത്. രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജയ്ഷ മല്‍സരം പൂര്‍ത്തിയാക്കിയത്. ബെയ്ജിങ്ങില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തണ്‍ ഓടിയ താരമാണ് ജയ്ഷ. ജയ്ഷയ്ക്കുണ്ടായ അവഗണയ്‌ക്കെതിരെ കായിക ലോകത്തുനിന്നും വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *