കഞ്ചാവ് കടയില്‍ കിട്ടുമ്പോള്‍

‘വീട്ടിലേക്കുള്ള സാധനങ്ങള്‍ എന്തൊക്കെയാണ് വാങ്ങേണ്ടത്?’ വീട്ടിലെ കാരണവരുടെ ചോദ്യത്തിന് ഒരു പാക്കറ്റ് സിഗരറ്റ് കൂടി എന്ന് പറയാനുള്ള ധൈര്യം ഒട്ടുമിക്ക മലയാളിക്കുടുംബങ്ങളിലെ മക്കള്‍ക്കുമുണ്ടാകില്ല. പുകവലിയും മദ്യപാനവും വ്യക്തിജീവിതത്തിലും കൂട്ടുകാരുടെയിടയില്‍ നടക്കുമ്പോഴും, അതിനുള്ള സാമൂഹികസ്വീകാര്യത കേരള സംസ്‌കാരത്തില്‍ വളരെ വിദൂരമാണ്. വ്യക്തിയുടെ അവകാശങ്ങളെ പരമാവധി മാനിക്കുന്ന കാനഡയില്‍, മദ്യപാനത്തിനും പുകവലിക്കും മറ്റുമുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുത്തിട്ടുള്ളതാണ്.

ലോകം മുഴുവന്‍ മയക്ക് മരുന്നതിന്റെ ദുരുപയോഗത്തെ ആശങ്കയോടെയാണ് കാണുന്നത്. അതിനെ നിയന്ത്രിക്കാനുള്ള ഉപാധികള്‍ എല്ലാവിധത്തിലും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഗുണത്തിനായാലും ദോഷത്തിനായാലും 2017-ഓടെ കാനഡയില്‍ കഞ്ചാവ് കടയില്‍ കിട്ടുന്ന അവസ്ഥ സംജാതമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മരിജ്വാനയുടെ (കഞ്ചാവ്) ഉപയോഗം നിരവിധേയമാക്കുമെന്ന് ലിബറല്‍ പാര്‍ട്ടി ഇലക്്ഷന്‍ പ്രചരണത്തിനിടയില്‍ പറഞ്ഞിരുന്നു. 2017ലെ വസന്തകാലത്ത് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന്, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജയിന്‍ ഫില്‍പ്പോട്ട്, ഏപ്രില്‍ 20ന് പ്രഖ്യാപിച്ചിരുന്നു. കഞ്ചാവ് നിയമവിധേയമാക്കും, അതിന്റെ വിനിയോഗം നിയന്ത്രണവിധേയമാക്കുക, കഞ്ചാവ്, കുട്ടികളുടെ കൈയില്‍ എത്തിപ്പെടാതെ സംരക്ഷിക്കും, കഞ്ചാവ് കച്ചവടത്തിലെ ലാഭം അനര്‍ഹരുടെ കൈയില്‍ പെടാതെ സൂക്ഷിക്കും തുടങ്ങിയവയാണ്, ഈ പ്രഖ്യാപനത്തോടൊപ്പമുള്ള വാഗ്ദാനങ്ങള്‍. കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള ക്രിമിനല്‍ നിയമങ്ങളെ മാറ്റിയെഴുതുകയും, ഇതില്‍ നിയമങ്ങള്‍ അനുസരിച്ച് കഞ്ചാവ് ദുരുപയോഗിക്കുന്നവര്‍ക്ക് കര്‍ക്കശ ശിക്ഷ നല്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍.
കഞ്ചാവിന്റെ ഉപയോഗം ആത്യന്തികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നുണ്ട്. ചില മതങ്ങളുടെ ആചാരങ്ങളിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഭാഗത്താണ് ലോകത്തെമ്പാടും കഞ്ചാവ് നിയന്ത്രണവിധേയമായത്. ഇതിന്റെ വിപണനം സുലഭമാക്കണമെന്ന് വാദിക്കുന്നവരുടെ വാദഗതിയനുസരിച്ച്, ലോകചരിത്രത്തിന്റെ 99 ശതമാനം സയവും കഞ്ചാവിന്റെ ഉപയോഗം നിയന്ത്രണമില്ലാത്തതായിരുന്നു. അമേരിക്കയില്‍ ആദ്യകാലത്ത് ഇത് ഉപയോഗിച്ചിരുന്നത് കുടിയേറ്റക്കാരും, ലാറ്റിന്‍ അമേരിക്കന്‍ വംശജരും ആയിരുന്നതിനാല്‍, കഞ്ചാവിന്റെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തിയതിന് പിന്നില്‍ വംശീയമായ ചില കാരണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. 1923ലാണ് കാനഡയില്‍ കഞ്ചാവിന്റെ ഉപയോഗം നിയന്ത്രിക്കപ്പെടുന്നതും, അതൊരു കുറ്റകരമായ പ്രവൃത്തി ആയി മാറുന്നതും. ലോകത്താകമാനം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ കഞ്ചാവ് നിയന്ത്രിതമായി ഉപയോഗിക്കപ്പെടുന്ന വസ്തുവായി മാറി. അതോടൊപ്പം തന്നെ അതിന്റെ കള്ളക്കടത്തും ഭീകരമായി വര്‍ധിച്ചു. 1960കളില്‍ അമേരിക്കയില്‍ ഉടലെടുത്ത വ്യക്തിസ്വാതന്ത്ര്യമുന്നേറ്റങ്ങളുടെ ചുവടുപിടിച്ചാണ് മയക്കുമരുന്നതിന്റെ ഉപയോഗം വ്യാപകമായത്. ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളില്‍ കൂടുതലും കഞ്ചാവോ അതിന്റെ ഉപോത്പന്നങ്ങളോ ആണ്.
ലോകത്തിലെ പല രാജ്യങ്ങളിലും മയക്ക്മരുന്നിന്റെ ഉപയോഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഗള്‍ഫിലെ മലയാളികളില്‍ ചതിയില്‍പെട്ടും മറ്റും മയക്കുമരുന്ന് കടത്ത് കേസില്‍ പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നത് ഇടയ്ക്കിടെ നാം വായിക്കുന്ന വാര്‍ത്തയാണ്. ശക്തമായ നിയമങ്ങള്‍മൂലം അവിടങ്ങളില്‍ മയക്കുമരുന്നിന്റെ ഉപയോഗം താരതമ്യേന കുറവാണുതാനും. ജീവിതത്തില്‍ എപ്പോഴെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുള്ള മുതിര്‍ന്നവരുടെ കണക്കെടുക്കുമ്പോള്‍ ചൈനയിലേത് 0.3 ശതമാനമാണെങ്കില്‍ കാനഡയിലേത് 44 ശതമാനമാണ്. മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നത് കാനഡയില്‍ നിയമവിധേയമാണ്. ഇത് കടുത്ത വേദനയില്‍നിന്നുള്ള ആശ്വാസത്തിനായി ഡോക്ടര്‍മാര്‍ക്ക് രോഗികള്‍ക്ക് മരിഞ്ച്വാന നിര്‍ദേശിക്കാറുണ്ട്. മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് വളര്‍ത്താനും, മാര്‍ക്കറ്റ് ചെയ്യാനും സര്‍ക്കാര്‍ നിയന്ത്രിത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ നൂറ്റാണ്ടില്‍ കഞ്ചാവിന്റെ ഉപയോഗം ആദ്യമായി നിയമവിധേയമാക്കിയത് 2012ല്‍ യുഎസ്എയിലെ കൊളറോസോ സംസ്ഥാനം ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കടയില്‍നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കാനുള്ള അവകാശം അവിടെ ലഭ്യമായി. 2013ല്‍ ഉറോഗ്വ കഞ്ചാവിന്റെ വിനിയോഗം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമായി മാറി. പതിനെട്ട് വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരുമാസം 40 ഗ്രാം കഞ്ചാവ് ഉപയോഗിക്കാം; ഒരു വര്‍ഷം 6 ചെടി വളര്‍ത്തുകയും ചെയ്യാം. 2013ല്‍ നെതര്‍ലന്റിലും കഞ്ചാവിന്റെ ഉപയോഗത്തിന്മേലുള്ള നിരോധനം എടുത്ത് കളയുകയും, അവ ഉപാധികളോടെ ഉപയോഗിക്കാനുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. യു.എസ്.എയിലെ വാഷിംഗ്ടണ്‍ സംസ്ഥാനവും, കൊളറാഡോയും പിന്തുടര്‍ന്ന് മരിജ്ജ്വാന നിയമപരമായി ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കഞ്ചാവ് നിയമവിധേയമാക്കാന്‍ ആവശ്യപ്പെടുന്നതിന്റെ മുഖ്യകാരണം, മയക്കുമരുന്ന് കള്ളക്കടത്ത് തടയുകയും, നിയമവിധേയമാക്കുന്നതു വഴി ലഭിക്കുന്ന നികുതി വരുമാനവുമാണ്. ലോകത്ത് ഏറ്റവും ലാഭമുള്ള കച്ചവടങ്ങളില്‍ ഒന്നാണ് മയക്ക് മരുന്ന് കച്ചവടം. മെക്‌സിക്കോ, കൊളംബിയ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങള്‍, ശക്തമായ മയക്ക്മരുന്ന് മാഫിയകളുടെ നിയന്ത്രണത്തിലാണ്. സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും ഇവര്‍ കൈപ്പിടിയിലൊതുക്കിക്കൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോലും മയക്ക്മരുന്ന് ഗ്യാങ്ങുകളുടെ തെരുവ് ഏറ്റുമുട്ടലും, കൊലപാതകവും ഒരു യാഥാര്‍ഥ്യമാണ്. കാനഡയില്‍ ഏറ്റവും കൂടുതല്‍ മയക്ക്മരുന്ന് ഉപയോഗിക്കപ്പെടുന്ന ബി.സിയില്‍ ഇത് കുറച്ചുകൂടി വര്‍ധിതമാണ്. നിയമവിധേയമായി കച്ചവടം ചെയ്താല്‍, ഇടനിലക്കാര്‍ക്കും കള്ളക്കടത്തുകാരേയും ഒഴിവാക്കി, കടകളിലൂടെ കഞ്ചാവ് വിറ്റഴിക്കാനാകും. സര്‍ക്കാരിന് അതുവഴി നികുതിവരുമാനവും ലഭിക്കും. അതുപോലെ തന്നെ, പ്രായപൂര്‍ത്തിയാകാത്ത ആളുകളുടെ കൈയില്‍ ലഹരിവസ്തുക്കള്‍ എത്തിപ്പെടാതിരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് മാത്രമേ കടയില്‍നിന്നും നിയമപരമായി ലഹരിവസ്തുക്കള്‍ വാങ്ങാനാകൂ. കഞ്ചാവിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിനായി പോലീസും, നിയമസംവിധാനങ്ങളും, ജയിലും, കോടതികളും മറ്റുമായി ഏറെ പണം ചെലവഴിക്കപ്പെടുന്നുണ്ട്. ലഹരിവസ്തുക്കളുടെ കച്ചവടവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അറസ്റ്റുകളാണ് ഒരു വര്‍ഷം കാനഡയില്‍നടക്കുന്നത്. അമേരിക്കയിലെ ജയിലിനുള്ളില്‍ പകുതിപ്പേരോളം ഏതെങ്കിലും തരത്തില്‍ മയക്കുമരുന്നുമായി ഇടപെട്ടവരാണെന്ന കണക്ക്, അതിശയോക്തി കലര്‍ന്നതാകാന്‍ ഇടയില്ല. മരിജ്ജ്വാന നിയന്ത്രിക്കാനായി ബി.സിയില്‍ പോലീസും കോടതിക്കും മാത്രം ഒരു വര്‍ഷം 10.5 ദശലക്ഷം ഡോളര്‍ ചെലവ് വരുന്നുണ്ടെന്ന് സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം വെളിപ്പെടുത്തുന്നു. മറ്റുള്ള സംവിധാനങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ഒരു വര്‍ഷം രാജ്യത്ത് മുഴുവനും ഈ ചെലവ് 300 മുതല്‍ 500 ദശലക്ഷം ഡോളര്‍ ആകാമെന്ന് കണക്കുകൂട്ടുന്നു. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയാല്‍ ഈ ചെലവ് ഗണ്യമായി കുറയ്ക്കാമെന്ന് കരുതപ്പെടുന്നു.
മറുവശത്ത് സുലഭമായ ലഭ്യത രാജ്യത്തെ ജനതയുടെ ആരോഗ്യത്തിനും, ശീലങ്ങള്‍ക്കും ഭീകര വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്നു. യുവജനത എളുപ്പം മയക്ക്മരുന്നിന്റെ വിനിയോഗത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. കഞ്ചാവ് ചേര്‍ന്ന നിരവധി വിഭവങ്ങള്‍ – മിഠായികളും, കേക്കും ഉള്‍പ്പെടെ – വരുന്നതോടെ, കൊച്ചു കുട്ടികള്‍ക്ക് ലഹരി നുണയാനുള്ള അവസരം സംജാതമാകുകയാണ്. അതുവഴി ഈ വ്യക്തികളുടെ സ്വഭാവത്തിലും, ആരോഗ്യത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങളും, സമൂഹത്തിലുണ്ടാകുന്ന ശൈഥില്യങ്ങളും എന്താകുമെന്ന് പ്രവചനാതീതമാണ്.
(കഞ്ചാവ് കച്ചവടം നിയമപരമാക്കിയ കളേറോഡോ സംസ്ഥാനത്തെ യുവാക്കളുടെ ഇടയിലെ കഞ്ചാവ് ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ലഭ്യത ഉറപ്പുവരുത്തിയതുകൊണ്ട് അവിടെ ഉപയോഗം കൂടിയെന്നത് തെളിയിക്കാന്‍ കഴിഞ്ഞീട്ടുമില്ല).
ഇനി ഇടുക്കി ഗോള്‍ഡിന്റെ നാട്ടിലേക്ക് വരാം. കേരളത്തിലും രാജ്യം മുഴുവനിലും മയക്ക്മരുന്നിന്റെ ഉപയോഗവും, ഉത്പാദനവും, വിപണനവും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. സദാചാരത്തിന്റെ തോതനുസരിച്ച് പരസ്യമായ മദ്യപാനവും, പുകവലിയും പലയിടങ്ങളിലും സ്വീകാര്യമാണ്. എങ്കിലും നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെ കച്ചവടം ശക്തമാണെന്ന് പോലീസിനും അറിയാം. സിനിമാ മേഖലകളിലെ ഉന്നതര്‍ വരെ ഉള്‍പ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇടക്കിടെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതുമാണ്. നമ്മുടെ ഇടുക്കിയിലെ നീലച്ചടയന്‍ ആണ് ലോകത്തെ ഏറ്റവും നല്ല കഞ്ചാവ് എന്നത്, ലഹരി പ്രിയക്കാരുടെ ഇടയിലെ പരസ്യമായ രഹസ്യമാണ്.
ഇന്ത്യയില്‍ ഗുജറാത്തില്‍ 1958 മുതല്‍ മദ്യനിരോധനം നിലവിലുണ്ട്. ലക്ഷദ്വീപിലും മദ്യം ലഭ്യമല്ല. 1989 മുതല്‍ നാഗാലാന്റിലും 1991 മുതല്‍ മണിപ്പൂരിലും ഈ വര്‍ഷം മുതല്‍ ബീഹാറിലും മദ്യനിരോധനമുണ്ട്. ഹരിയാനയിലും, ആന്ധ്രാപ്രദേശിലും മിസോറാമിലും നടപ്പിലാക്കപ്പെട്ട മദ്യനിരോധന ശ്രമങ്ങള്‍ പാളിപ്പോയി. കേരളത്തില്‍ പ്രാബല്യത്തിലുണ്ടായ സമ്പൂര്‍ണ മദ്യനിരോധനം 1967ല്‍ ഇഎംഎസ് മന്ത്രിസഭയാണ് എടുത്തുമാറ്റിയത്, ആ വര്‍ഷം തന്നെയാണ് അബ്കാരി നിയമം കൊണ്ടുവന്നത്. അന്ന് ഇഎംഎസ് പറഞ്ഞു ‘താത്വികമായി, മദ്യപിക്കുന്നത് ഒരു തെറ്റല്ല’.. പക്ഷെ അന്ന് കുടിക്കുന്നവരുടെ എണ്ണവും പ്രായവും വ്യത്യസ്തമായിരുന്നു. 1950 കളില്‍ കേരളത്തില്‍ മദ്യം കഴിക്കുന്നവരുടെ ശരാശരി വയസ് 28 ആയിരുന്നെങ്കില്‍, 1980കളില്‍ അത് 19ഉം, 1990കളില്‍ 17ഉം ഇപ്പോള്‍ പത്തു മുതല്‍ 12 വരെ ആയി. കേരളത്തില് മുപ്പത് ശതമാനം കുടുംബങ്ങള്‍ മദ്യത്തിന്റെ തിക്താനുഭവങ്ങള്‍ നേരിടുന്നുവെന്ന് മദ്യനിരോധന സമിതിയുടെ അഭിപ്രായം. 1996ലെ ചാരായനിരോധനവും 2015ലെ ബാറുകളുടെ നിരോധനവും, മദ്യപാനത്തിന്റെ അളവ് കുറച്ചോയെന്നത് ഇനിയും സ്ഥിരീകരിക്കാത്ത കാര്യമാണ്. എന്തായാലും രാജ്യത്തെ ആളോഹരി മദ്യപാനത്തില്‍ പഞ്ചാബിന് താഴെ രണ്ടാം സ്ഥാനം കേരളത്തിനുണ്ട്. പക്ഷെ ലഹരിമരുന്നിന്റെ അടിമത്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പഞ്ചാബിന്റെയത്രയും, അത്ര ഭീകരമല്ല കേരളത്തിലെ മയക്ക് മരുന്നുകളുടെ വിനിയോഗം. ലോകത്ത് ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയത് യു.എസ്.എയിലാണെന്ന്, ചിലപ്പോള്‍ ഇപ്പോള്‍ വിശ്വസിക്കാനാവില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ 1920 മുതല്‍ 1933 വരെ സമ്പൂര്‍ണ മദ്യനിരോധനമായിരുന്നു.
കഞ്ചാവ് കടയില്‍ വില്‍ക്കാന്‍ കാനഡ ഒരുങ്ങുമ്പോള്‍, കേരളത്തില്‍ ഒരു കുപ്പി മദ്യം വാങ്ങാന്‍ ബിവറേജില്‍ ഒരാളെ കൂലിക്ക് ക്യൂ നിര്‍ത്തണം. എല്ലാം ഒരു ലഹരിക്കുവേണ്ടിത്തന്നെ. കുടുംബത്തിലും സമൂഹത്തിലും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ഹലരി നുണയാനാകാത്തതുകൊണ്ടാണ് മറ്റ് ലഹരികള്‍ നുണയാന്‍ പോകുന്നതെന്ന അനുമാനത്തില്‍ നിന്നും വേണം, കഞ്ചാവ് കടയില്‍ കിട്ടുമ്പോള്‍ അത് നമ്മെ എങ്ങനെ ബാധിക്കും എന്ന ചര്‍ച്ചകള്‍ ആരംഭിക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.