ഛര്‍ദ്ദിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു

LEENAമൂന്നു ഘട്ടങ്ങളാണ് ഛര്‍ദ്ദിക്കുന്ന പ്രക്രിയയില്‍ ഉള്ളത്. ഛര്‍ദ്ദിക്കുമെന്നുള്ള തോന്നലാണ് ഒന്നാം ഘട്ടം (nausea). ഛര്‍ദ്ദിക്കുവാന്‍ ശരീരം ശ്രമിക്കുന്നുവെങ്കിലും വയറ്റില്‍ നിന്ന് ഒന്നും പുറത്തേക്കു പോകാത്ത അവസ്ഥയാണ് രണ്ടാമത്തേത് (retching). ആമാശയത്തിന്റെയും കുടലിന്റെയും എതിര്‍ദിശയിലേക്കുള്ള ചലനം മൂലം ദഹനവ്യൂഹത്തിലുള്ള ഭക്ഷണം വായിലൂടെ പുറത്തേക്കു പോകുന്നതാണ് മൂന്നാമത്തെ ഘട്ടം (vomiting).

കാരണങ്ങള്‍ പലതായതുകൊണ്ടുതന്നെ ചികിത്സയും മരുന്നുകളും വെവ്വേറെയാണ്. തലച്ചോറിലുള്ള രണ്ടു പ്രധാന ഭാഗങ്ങളാണ് ഛര്‍ദ്ദിയെ ഉത്തേജിപ്പിക്കുന്നത്. ഒന്നാമത്തേത്,കീമോ റിസെപ്റ്റാര്‍ ട്രിഗര്‍ സോണ്‍ (Chemoreceptor Triggor Zone), അതായത് പ്രേരകമണ്ഡലം. ഇതിന് രക്തത്തിലും തലച്ചോറിലെ ദ്രാവകങ്ങളിലും കയറിക്കൂടുന്ന അപായകരമായ രാസപദാര്‍ത്ഥങ്ങളോട് നേരിട്ട് പ്രതികരിക്കാനാവും. ഉടനെ തന്നെ ശരീരത്തെ സംരക്ഷിക്കാനായി ഛര്‍ദ്ദിക്കാനുള്ള പ്രേരണ നല്‍കാനുമാവും.
ഛര്‍ദ്ദികേന്ദ്ര (Vomiting Cetnre) മാണ് രണ്ടാമത്തേത്. യാത്രകളിലും, വയറ്റിനുള്ളിലെ ക്രമക്കേടുകളിലും അസുഖകരമായ കാഴ്ച, മണം, അവയുടെ ഓര്‍മ്മ, കീമോതെറാപ്പിയിലെ മരുന്നുകളുടെ അനുബന്ധപ്രശ്‌നങ്ങള്‍, തലച്ചോറില്‍ മര്‍ദ്ദം കൂടുക, എന്നി സാഹചര്യങ്ങളിലെല്ലാം ഛര്‍ദ്ദിക്കു പ്രേരകമാകുന്നത് ഇതിന്റെ പ്രവര്‍ത്തനമാണ്.
ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പലതരം രാസപദാര്‍ത്ഥങ്ങളാണ് ഛര്‍ദ്ദിയെ നിയന്ത്രിക്കുന്നത്. അസെറ്റൈല്‍ കൊളീന്‍ (acteyl choline), ഹിസ്റ്റമിന്‍ (histamine), ഡോപമിന്‍ (Dopamine), സെറോട്ടോനിന്‍ (serotonin), കനാബിനോയ്ഡ് (cannabinnoids), സബ്സ്റ്റന്‍സ് പി (substance P) എന്നിവയാണവ. ഇവ കാണപ്പെടുന്ന ശരീരഭാഗങ്ങളും ചികിത്സയിലും മരുന്നുകള്‍ തെരഞ്ഞെടുക്കുന്നതിലും പ്രാധാന്യമര്‍ഹിക്കുന്നു. ഛര്‍ദ്ദികേന്ദ്രത്തില്‍ ഇവ നാലിന്റെയും റിസപ്റ്ററുകള്‍ (receptors) കാണപ്പെടുന്നു. ഛര്‍ദ്ദിക്കെതിരെയുള്ള ഉപയോഗത്തിനായി ഇപ്പോള്‍ നിലവിലുള്ള മരുന്നുകളുടെ ലക്ഷ്യം ഈ റിസപ്റ്ററുകളാണ്. അവയില്‍ ഛര്‍ദ്ദിക്കെതിരെ പ്രവര്‍ത്തിച്ച് സുഖമാക്കുന്നു.
ക്യാന്‍സര്‍ചികിത്സയിലെ കീമോ തെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകളുടെ മണം ചിലപ്പോള്‍ ഛര്‍ദ്ദിക്ക് പ്രേരകമാകാറുണ്ട്. മറ്റു ചിലപ്പോള്‍ റേഡിയേഷനും. മരുന്ന് കഴിച്ചുകഴിയുമ്പോള്‍ വയറ്റിനുള്ളിലെ കോശങ്ങളുടെ നാശം മൂലം സെറൊട്ടൊണിന്‍’ (Serotonin) എന്ന രാസപദാര്‍ഥം പുറത്തേക്ക് വമിക്കുകയും ഇത് ഛര്‍ദ്ദിക്കു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട്, ഈ രാസപദാര്‍ത്ഥത്തെ സ്വീകരിച്ച് ഛര്‍ദ്ദിക്കു കാരണമാകുന്ന റിസെപ്റ്ററുകളില്‍ മാറ്റം വരുത്തുന്ന മരുന്നുകളാണ് കീമോ തെറാപ്പിയുടെ അനുബന്ധപ്രശ്‌നമായുണ്ടാകുന്ന ഛര്‍ദ്ദിക്കെതിരെ ഉപയോഗിക്കുന്നത്. ഓണ്‍ഡാന്‍ സെട്രോണ്‍ (ondansetron), ഗ്രാനിസെട്രോണ്‍ (granisetron), ഡോളാസെട്രോണ്‍ (dolasetron), പാലൊനൊസെട്രോണ്‍ (palonosetron) എന്നിവ ഉദാഹരണങ്ങളാണ്.
ശസ്ത്രക്രിയ കഴിയുമ്പോഴുണ്ടാകുന്ന ഛര്‍ദ്ദിയിലും ഈ വിഭാഗം മരുന്നുകള്‍ പ്രയോജനം ചെയ്യും. മദ്യം കൂട്ടത്തില്‍ ഉപയോഗിക്കരുത്. ഉറക്കം തൂങ്ങുന്നത് അനുബന്ധപ്രശ്‌നമായതുകൊണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, വാഹനം ഓടിക്കുക തുടങ്ങിയ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ള ജോലികള്‍ ചെയ്യേണ്ടതില്ല. ഈ വിഭാഗം മരുന്നുകള്‍ ചിലരില്‍ ഹൃദയതാളം ക്രമംതെറ്റുന്ന അവസ്ഥ ഉണ്ടാക്കിയേക്കാം. പക്ഷേ അനിയന്ത്രിതമായാല്‍ ഉടന്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. ക്യാന്‍സര്‍ കീമോതെറാപ്പിയോടും ശസ്ത്രക്രിയയോടു മനുബന്ധിച്ചുണ്ടാകുന്ന ചര്‍ദ്ദിക്കെതിരെയുമാണ് ഈ വിഭാഗം മരുന്നുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ ഇവയുടെ പലതരത്തിലുള്ള മേന്മകള്‍ കണക്കിലെടുത്ത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മറ്റുള്ള തരം ഛര്‍ദ്ദിക്കും ഇതു കൊടുക്കുന്നുണ്ട്. പക്ഷേ യാത്രകളിലുണ്ടാകുന്ന ഛര്‍ദ്ദിക്ക് ഇവ പ്രയോജപ്പെടില്ല.

Leave a Reply

Your email address will not be published. Required fields are marked *