സഫലമീ യാത്ര

നസീര്‍ കണ്ടത്തില്‍

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വാന്‍കൂവര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ മനസ്സുനിറയെ ആശങ്കകള്‍ മാത്രമായിരുന്നു. പിന്നീട് അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ നാളുകള്‍. പരിചയക്കാരില്ല, ഭാഷ പോര, ജോലി ഇല്ല. ഇനി എന്ത് എന്നറിയാതെ തരിച്ച് നില്‍ക്കുന്ന സമയം. അപ്പോഴാണ് ദൈവദൂതനെപ്പോലെ ഒരാള്‍ മുന്നില്‍ അവതരിച്ചത്. അദ്ദേഹം എനിക്കു ജോലി വാങ്ങിത്തന്നു; താമസിക്കാന്‍ പുതിയ ഇടം കണ്ടെത്തിതന്നു. ഒരു കാരണവരെപോലെ ഇന്നും കൂടെനിന്നു വഴികാട്ടുന്നു. മോഹന്‍നായര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. വാന്‍കൂവര്‍ മലയാളികളുടെ സ്വന്തം ‘മോഹന്‍ചേട്ടന്‍’. ഈ നല്ല മനുഷ്യന്റെ സഹായം ഏറ്റുവാങ്ങിയ നൂറുകണക്കിനു മലയാളികളില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍.
ഐ.എ.പി.സി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും, കാനഡയിലെ മലയാളി മാധ്യമരംഗത്തെ സജീവസാന്നിധ്യവുമായ മോഹന്‍നായര്‍. ഈ മെയ് മാസത്തില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച മോഹന്‍നായര്‍ക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു.
31-ാം വര്‍ഷത്തിലേക്ക് കടക്കുന്ന തന്റെ പ്രവാസജീവിതത്തിനിടയില്‍, കഷ്ടത അനുഭവിച്ച ഒരുപാടു മലയാളി കുടുംബങ്ങള്‍ക്ക് അത്താണി ആയിട്ടുണ്ട് ഈ പുണ്യജന്മം. സേവനം ജീവിതവ്രതമാക്കിയ മോഹന്‍ചേട്ടന്റെ മനസ്സിന്റെ നന്മ ഒരിക്കലെങ്കിലും അനുഭവിച്ചറിയാത്ത ഒരു മലയാളി കുടുംബവുമുണ്ടാവില്ല വാന്‍കൂവറില്‍. ഇവിടെയെത്തുന്ന പുതിയ മലയാളി കുടുംബങ്ങള്‍ക്ക്, ജോലി കണ്ടെത്തുന്നതിനും, മറ്റു കാര്യങ്ങള്‍ക്കും, സഹായഹസ്തവുമായി ഇദ്ദേഹവുമുണ്ട്. ലാഭേച്ഛയില്ലാതെ, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന നിര്‍ബന്ധബുദ്ധിയോടെ, നിശ്ശബ്ദ സേവനം ചെയ്യുന്ന ഈ മഹാനുഭാവന്റെ സേവനങ്ങള്‍ ലോകം അറിയാതെ പോയാല്‍, അതു നാം അദ്ദേഹത്തോടു ചെയ്യുന്ന അപരാധമായിപോകും.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തിന്റെ മണ്ണില്‍നിന്നും കാനഡയിലേക്ക് നടപ്പെട്ടു എങ്കിലും ഇന്നും അതേ ജീവിതലാളിത്യവും ഭാഷാശുദ്ധിയും കാത്തുസൂക്ഷിക്കുന്നു മോഹന്‍നായര്‍. കൈരളി ടിവിയുടെ കനേഡിയന്‍ ഫോക്കസ് പ്രതിവാരപദ്ധതിയുടെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്ന മോഹന്‍നായര്‍, നിരവധി പേരെ മാധ്യമരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മികച്ച ഒരു ഛായാഗ്രാഹകനായ മോഹന്‍നായര്‍, നിരവധി മലയാള ചാനലുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ കണ്ണോടിച്ചാല്‍, അര്‍ഹതക്കുള്ള അംഗീകാരം ഇനിയും അദ്ദേഹത്തെ തേടിയെത്താനിരിക്കുന്നതേയുള്ളൂ എന്നു നമുക്ക് മനസ്സിലാകും.
ഒരു മികച്ച തബലിസ്റ്റ് കൂടിയായ ഇദ്ദേഹം ബ്രിട്ടീഷ് കൊളംബിയ മലയാളി അസോസിയേഷന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഇന്നും ബി.സി. മലയാളികളുടെ കലാ സാംസ്‌കാരിക പരിപാടികളിലെ നിറസാന്നിധ്യമാണ് മോഹന്‍നായര്‍.
ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ നില്‍ക്കുന്ന ഈ നന്മമരത്തിന്, എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. ഇനിയും ഏറെനാള്‍ ഐ.എ.പി.സിയില്‍ കൂടിയും അല്ലാതെയും കാനഡയിലെ മലയാളി സമൂഹത്തിന് ഏറെ സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.