കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്നു ധവളപത്രം. ചെലവിലെ ധൂര്‍ത്തും നികുതിയിലെ ചോര്‍ച്ചയുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ധവള പത്രത്തില്‍ പറയുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പദ്ധതിയേതര ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കടക്കെണികൂട്ടിയതായി ധവള പത്രത്തില്‍ പറയുന്നു.
നികുതി വരുമാനം 12 ശതമാനമായി കുറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 17.4 ശതമാനമായിരുന്നു നികുതിവരുമാനമെന്ന് ധവളപത്രം പറയുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ അനാവശ്യ നികുതി ഇളവുകള്‍ നല്‍കുകയും ചെലവ് നോക്കാതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കുകാരണം. നിത്യചിലവിന് 5900 കോടി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ടത് 6,300 കോടി രൂപയാണ്.

സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയായെന്നു ധവളപത്രത്തില്‍ പറയുന്നു. കാര്‍ഷികപദ്ധതികള്‍ക്ക് തുക വകയിരുത്തിയില്ല. നികുതി പിരിവിലെ വളര്‍ച്ച 10 മുതല്‍ 12 ശതമാനം മാത്രമാണ്. 20 ശതമാനം വളര്‍ച്ചയുണ്ടാവേണ്ടതാണ്.
റവന്യുകമ്മി 8199 കോടിയായി. 15,888 കോടിയാണ് ധനക്കമ്മി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ ട്രഷറിയിലെ നീക്കിയിരിപ്പ് 1009 കോടി മാത്രമാണെന്നും ധവളപത്രത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ധവളപത്രം ഫലത്തില്‍ യുഡിഎഫിനെതിരെയുള്ള കുറ്റപത്രമായിമാറി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.