കോപ്പയില്‍ ചിലി ചിരിച്ചു

ന്യൂജേഴ്‌സി: കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ചിലി കിരീടം നേടി. കഴിഞ്ഞ തവണയും ചിലിതന്നെയാണ് കിരീടം നേടിയത്. മെസി പെനാല്‍റ്റി ഷൂട്ടൗട്ട് പാഴാക്കിയ മത്സരത്തില്‍ 42നാണ് ചിലിയുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം.

അന്ത്യന്തം ആവേശകരമായ കിരീടപോരാട്ടത്തിന്റെ ആദ്യപകുതി, രണ്ടാം പകുതി, എക്‌സ്ട്രാ ടൈം എന്നിവ പിന്നിട്ടപ്പോഴും ഇരുടീമുകളും ഗോള്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ചിലിക്കായി ആദ്യ ക്വിക്ക് എടുത്തത് വിദാലായിരുന്നു. അര്‍ജന്റീനിയന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗോള്‍കീപ്പര്‍ റൊമേരോ അത് തടുക്കുകയും ചെയ്തു. അര്‍ജന്റീനിയക്കായി ആദ്യ കിക്ക് എടുക്കാനെത്തിയത് സൂപ്പര്‍താരവും നായകനുമായ മെസി തന്നെയാണ്. പക്ഷേ, മെസിയുടെ പെനാല്‍റ്റി ഗോള്‍പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പറക്കുകയായിരുന്നു. പിന്നീട് ചിലിക്കായി യഥാക്രമം കസ്റ്റിലോ,അരാന്‍ഗ്യുസ്,ബെസ്യുജോര്‍, സില്‍വ എന്നിവര്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
തുടര്‍ന്ന് അര്‍ജന്റീനക്കായി മഷരാനോ, അഗ്യൂറോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ബിഗ്ലിയയുടെ പെനാല്‍റ്റി ചിലിയുടെ നായകന്‍ ബ്രാവോ തടുത്തിടുകയായിരുന്നു. ആഘോഷങ്ങളോടെ ചിലി താരങ്ങള്‍ 42ന്റെ വിജയം ആഘോഷിക്കാന്‍ ഓടിയെത്തിയപ്പോള്‍ മെസി അടക്കമുളള താരങ്ങള്‍ തല കുമ്പിട്ട് മൈതാനം വിടുന്ന കാഴ്ചയായിരുന്നു മറ്റൊരു വശത്ത്. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച കഴിഞ്ഞ കോപ്പ ഫൈനലിലും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിലി അര്‍ജന്റീനയെ തോല്‍പ്പിച്ചത്.
ആദ്യപകുതി അവസാനിച്ചപ്പോള്‍ പരുക്കന്‍ കളിയെ തുടര്‍ന്ന് ഇരുടീമുകളും പത്തുപേരായി ചുരുങ്ങിയിരുന്നു. ചിലിയുടെ മാര്‍സലോ ഡിയാസും അര്‍ജന്റീനയുടെ റോഹോയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ആദ്യപകുതിയില്‍ മാത്രം നാലുമഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പ്കാര്‍ഡുകളുമാണ് റഫറിക്ക് ഉയര്‍ത്തേണ്ടി വന്നത്.
ഫൈനലില്‍ എത്തിയാല്‍ കളത്തിലുണ്ടാകുമെന്ന് പ്രഖ്യാപിച്ച എയ്ഞ്ചല്‍ ഡീ മരിയയെ ഉള്‍പ്പെടുത്തിയാണ് അര്‍ജന്റീന മൈതാനത്തിറങ്ങിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും പരുക്കിനെ തുടര്‍ന്ന് മരിയക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപ്പ ഫൈനലില്‍ ആദ്യപകുതിയില്‍ അരമണിക്കൂറിനു ശേഷമാണ് പരുക്കേറ്റ് കളം വിടേണ്ടി വന്നത്. രണ്ടു ഫൈനലിലും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു.
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടര്‍ന്ന് കളിയുടെ 16ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ചിലിയുടെ ഡിയാസിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനക്ക് ഫ്രീകിക്കും ലഭിച്ചു.സെമിയില്‍ അമേരിക്കക്കെതിരായ ഫ്രീകിക്ക് ഗോളിന്റെ ചൂട് വിട്ടുമാറുംമുന്‍പെ മെസി വീണ്ടും മഴവില്‍ഗോള്‍ നേടുമെന്ന പ്രതീക്ഷയെ ചിലി നായകന്‍ ക്ലോഡിയോ ബ്രാവോ ലളിതമായി കൈക്കുള്ളിലാക്കി. പിന്നീട് മികച്ച ചെറുപാസുകളിലൂടെ നല്ലൊരു മുന്നേറ്റം അര്‍ജന്റീന നടത്തിയെങ്കിലും ബോക്‌സില്‍ നിന്നും പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പോയി.
തൊട്ടുപിന്നാലെ 21ാം മിനിറ്റില്‍ ഗോളെന്നുറച്ച സുവര്‍ണാവസരമാണ് ഗോണ്‍സാലോ ഹിഗ്വയ്ന്‍ നഷ്ടമാക്കിയത്.ഗോളിയായ ചിലി നായകനെയും കബളിപ്പിച്ച് മുന്നേറിയെങ്കിലും ഹിഗ്വയ്‌ന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. മെസിയെ ഫൗള്‍ ചെയ്ത് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഡിയാസ് പുറത്തായി അധികം കഴിയും മുമ്പെ ചിലിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബോക്‌സിനകത്ത് പന്തുമായി മുന്നേറുന്നതിനിടെ താഴെ വീണ മെസി പെനാല്‍റ്റിക്ക് അപ്പീല്‍ ചെയ്‌തെങ്കിലും റഫറി മെസിക്കും മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി.പിന്നാലെ റോഹോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ അര്‍ജന്റീനയും പത്തുപേരായി ചുരുങ്ങി.
രണ്ടാംപകുതി ആരംഭിച്ചപ്പോഴും ഫൈനലിന്റെ ആവേശത്തിനിടെ ഫൗളുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. ആദ്യ പകുതിയിലെന്ന പോലെ അലക്ഷ്യമായ ഷോട്ടിലൂടെ ഹിഗ്വയ്ന്‍ വീണ്ടും അവസരം പാഴാക്കി. പിന്നാലെ അര്‍ജന്റീന ടീമില്‍ മാറ്റങ്ങളുമെത്തി. എയ്ഞ്ചല്‍ ഡീ മരിയയെ പിന്‍വലിച്ച് ക്ലോഡിയോ മത്യേസിനെയും ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ തുലച്ച ഹിഗ്വയ്‌നെ മാറ്റി സെര്‍ജിയ അഗ്യൂറോയെയും ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.