അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍

ന്യൂഡല്‍ഹി: അടുത്ത ഒരുവര്‍ഷത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനില്‍ കുംബ്ലെ പരിശീലിപ്പിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ മുഖ്യപരിശീലകനായി തെരഞ്ഞെടുത്തത്. 6.4 കോടി രൂപയാണ് വാര്‍ഷിക വരുമാനം. ആദ്യമായാണ് മുഖ്യപരിശീലകസ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷക്ഷണിച്ച് ആളെ നിയമിക്കുന്നത്. മുഖ്യപരിശീലക സ്ഥാനത്തേക്ക് 57 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 30 എണ്ണം പ്രാഥമിക പരിശോധനയില്‍ തന്നെ തള്ളിക്കളഞ്ഞു. ബാക്കിയുണ്ടായിരുന്ന 21 പേരില്‍ 10 പേരെ അഭിമുഖം നടത്തിയതില്‍ നിന്നാണ് അനില്‍ കുംബ്ലെയെ മുഖ്യപരിശീലകനായി തെരഞ്ഞെടുത്തത്. അനില്‍ കുംബ്ലെയ്ക്ക് പുറമെ മുന്‍ ഇന്ത്യന്‍ താരങ്ങളായ രവി ശാസ്ത്രി, ലാല്‍ചന്ദ് രജ്പുത്ത്, പ്രവീണ്‍ ആംറെ, മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ലോ, ടോം മൂഡി, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ പരിശീലിപ്പിച്ച ആന്‍ഡി മോള്‍സ് തുടങ്ങിയ പ്രമുഖരാണ് ഉപദേശക സമിതിക്കു മുന്നില്‍ അഭിമുഖത്തിനു ഹാജരായത്. ചിലര്‍ നേരിട്ടെത്തിയപ്പോള്‍ ചിലര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉപദേശക സമിതിക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. ഇവര്‍ക്കുപുറമെ, വിക്രം റാത്തോര്‍, ബല്‍വീന്ദര്‍ സിങ് സന്ധു, സുരേന്ദ്ര ഭാവെ, ഋഷികേഷ് കനിക്തര്‍, മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവര്‍ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ബാറ്റിംഗ്, ബോളിംഗ് പരിശീലകരെ പിന്നീട് തീരുമാനിക്കും. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ പത്തു വിക്കറ്റുകളും നേടിയ ലോകത്തിലെ രണ്ടു ബോളര്‍മാരിലൊരാളാണു കുംബ്ലെ. ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായിരുന്ന കുംബ്ലെ ടെസ്റ്റില്‍ 619 വിക്കറ്റും ഏകദിനത്തില്‍ 337 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ നേടിയ പെര്‍ഫെക്ട് ടെന്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ കുംബ്ലെ ആവര്‍ത്തിച്ചപ്പോള്‍ അതൊരു ചരിത്രമായി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി തലവനുമായിരുന്നു ഈ നാല്‍പ്പത്തിനാലു കാരന്‍.

Leave a Reply

Your email address will not be published. Required fields are marked *