ശ്രീശ്രീ രവിശങ്കര്‍ പിഴയടച്ചേ പറ്റൂ

ന്യൂഡല്‍ഹി: യമുനാ തീരം നശിപ്പിച്ച് സമ്മേളനം സംഘടിപ്പിച്ച ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ അഞ്ച് കോടി പിഴയടച്ചേ പറ്റുവെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍.

യമുനാ തീരം നശിപ്പിച്ച് ലോക സാംസ്‌ക്കാരിക സമ്മേളനം നടത്താന്‍ വേദി ഒരുക്കിയതിന് നേരത്തെ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അഞ്ച് കോടി രൂപ പിഴയടയ്ക്കാമെന്ന ഉറപ്പിന്മേലാണ് സംഘടനയ്ക്ക് പരിപാടി നടത്താന്‍ കോടതി അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് 25 ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശേഷിക്കുന്ന 4.75 കോടി രൂപ അടയ്ക്കുന്നതിന് മുമ്പ് വിദഗ്ധ സമിതിയെ നിയോഗിച്ച് തീരം പരിശോധിച്ച് പിഴസംഖ്യ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ വീണ്ടും സമീപിച്ചതാണ് ട്രിബ്യൂണലിനെ ചൊടിപ്പിച്ചത്. പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തി യമുനാ തീരത്ത് പരിപാടി സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്്തു.
കോടതിയില്‍ ഉറപ്പ് നല്‍കി പരിപാടി നടത്തിയ ഫൗണ്ടേഷന്‍ ഇപ്പോള്‍ പിന്മാറുകയാണോ എന്ന് കോടതി ചോദിച്ചു. പിഴ ഒടുക്കാതിരിക്കാന്‍ നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്ത ഫൗണ്ടേഷന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും ഹരിത ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഹര്‍ജി തള്ളിയ കോടതി ശേഷിക്കുന്ന 4.75 കോടി രൂപയും ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.