പിയര്‍ലന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ആശീര്‍വദിച്ചു

ടെക്‌സസ് : ഹ്യുസ്റ്റന്‍ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ടി പിയര്‍ലന്‍ഡില്‍ പുതിയതായി പണി കഴിപ്പിച്ച സെന്റ് മേരീസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ആശീര്‍വദിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഹ്യുസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫെറോനാ ദേവാലയത്തിന്റെ പരിധിയില്‍ വരുന്ന സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആശീര്‍വാദ ചടങ്ങുകള്‍ മെയ് 29 ന് നടന്നു. രൂപതയുടെ മുപ്പത്തിയെട്ടാമത്തെ ദേവാലയമാണിത്.
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് സഹകാര്‍മികനായിരുന്നു.
ചടങ്ങില്‍ രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കാല്‍, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. വില്‍സണ്‍ ആന്റണി, ഫാ. സ്റ്റീഫന്‍ കണിപ്ലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭയുടെ വിവിധ ഇടവകകളില്‍ നിന്നായി അനേകം പുരോഹിതന്മാരും സന്യസ്ഥരും സിസ്റ്റേഴ്‌സും പങ്കെടുത്തു. താലപ്പൊലിയും ചെണ്ടമേളവും മുത്തുക്കുടകളുമായി വിശ്വാസികള്‍ അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടുകൂടെ ആശീര്‍വദിക്കപ്പെട്ട ദേവാലയം ബിഷപ് ഇടവക സമൂഹത്തിന് സമര്‍പ്പിച്ചു.

000
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പുമാരെ കൂടാതെ പിയര്‍ലന്‍ഡ് സിറ്റി മേയര്‍ ടോം റൈഡ്, സ്റ്റാഫോര്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ കെന്‍ മാത്യു തുടങ്ങിയ അതിഥികളോടൊപ്പം അനേകം പുരോഹിതന്മാരും വിശ്വാസികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ ഇടവകകളിലെ പ്രതിനിധികളുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് സ്‌നേഹ വിരുന്നും ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഗായകസംഘം ഒരുക്കിയ സംഗീത വിരുന്നും ഉണ്ടായിരുന്നു.

2015 ഏപ്രില്‍ 11 സിറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നാമകരണം ചെയ്തു കല്ലിടീല്‍ കര്‍മം നിര്‍വഹിച്ച ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടും ഇടവകയിലെ വിശ്വാസ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും സഹകരണവും കൊണ്ട് മാത്രമാണെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.