ഷിക്കാഗോ വിമൻസ് ഡേ വിപുലമായി ആഘോഷിച്ചു

ജൂബി വളളിക്കളം 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമൻസ് ഫോറം വിമൻസ് ഡേ 2016 വളരെ വിപുലമായി നടത്തി. ഏപ്രിൽ 9 ന് ശനിയാഴ്ച മോർട്ടൻ ഗ്രോവിലുളള സെന്റ് മേരീസ് പളളിയുടെ ഹാളിൽ വച്ചാണ് പരിപാടികൾ നടത്തിയത്.

അന്നേ ദിവസം ഉച്ച കഴിഞ്ഞ് നാല് മണി മുതൽ വനിതകൾക്കായി വിവിധയിനം മത്സരങ്ങൾ നടത്തപ്പെട്ടു. വളരെ ആകർഷകമായ രീതിയിൽ ഫ്ലവർ അറേഞ്ച്മെന്റ്, വെജിറ്റബിൾ / ഫ്രൂട്ട് കാർവിങ്, ഹെയർ സ്റ്റൈലിങ് എന്നീയിനങ്ങളിൽ വനിതകൾ പങ്കെടുത്തു. ഷാന മോഹൻ, അനി അരുൺ, പ്രിയ റോബിൻ എന്നിവർ ഈ മത്സരങ്ങൾ വിലയിരുത്തി. അറേഞ്ച്ഡ് മാര്യേജ്/ ലവ് മാര്യേജ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വാശിയേറിയ ഡിബേറ്റ് മത്സരം ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. സിബു മാത്യുവും ആഷ മാത്യുവും ഡിബേറ്റിന്റെ മോഡറേറ്ററായി മത്സരം നിയന്ത്രിച്ചു. ജോഷി കുഞ്ചെറിയ, ബീന വളളിക്കളം, സിനിൽ ഫിലിപ്പ് എന്നിവർ ഡിബേറ്റ് മത്സരം വിലയിരുത്തി. സുനൈന ചാക്കോ നേതൃത്വം നൽകിയ ഡംഷരേഡ്സ് എന്ന ഗെയിം വളരെ രസാവഹമായിരുന്നു. വനിതകൾക്കായി നടത്തിയ പാട്ടു മത്സരത്തിന് പ്രശസ്ത ഗായകരായ ജസി തരിയത്ത് ശാന്തി ജയ്സനും വിലയിരുത്തി.

തുടർന്ന് ഏഴ് മണിക്ക് നടന്ന പൊതുസമ്മേളനം ഇല്ലിനോയി സ്റ്റേറ്റിലെ ആദ്യത്തെ മലയാളി ജഡ്ജിയായ കക്ക് കൗണ്ടി ക്രിമിനൽ കോർട്ട് ജഡ്ജ് മരിയ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ടോമി അമ്പേ നാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ കൗൺസിലർ ഓഫീസർ രാജേശ്വരി ചന്ദ്രശേഖരനും എഴുത്തുകാരി രതീദേവിയും വിശിഷ്ടാതിഥികളായെത്തി പ്രസംഗിച്ചു. ഷിക്കാഗോയിലെ വിവിധ തലങ്ങളിൽ നേതൃത്വത്തിലിരിക്കുന്ന വനിതകൾ ജസി റിൻസ് (വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി രാധനായർ (ഡിവിഷണൽ ഡയറക്ടർ, ജോൺ സ്ട്രോജർ ഹോസ്പിറ്റൽ), ഷിജി അലക്സ്, (സെക്രട്ടറി ഷിക്കാഗോ മാർത്തോമ ചർച്ച്), ഷൈനി പട്ടരുമഠത്തിൽ (ഏഷ്യാനെറ്റ് യുഎസ് റൗണ്ടപ്പ് ന്യൂസ് അവതാരിക) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജസ്റ്റിസ് ഫോർ പ്രവീണിനുവേണ്ടി ധീരമായി തളരാതെ മുന്നേറ്റം നടത്തുന്ന ലൗലി വർഗീസിനെ ബ്രേവരി അവാർഡ് നൽകി ആദരിച്ചു. തുടർന്ന് ലൗലി വർഗീസ് നടത്തിയ മറുപടി പ്രസംഗത്തിൽ തന്നെ ആദരിച്ചതിന് വിമൻസ് ഫോറത്തിന് നന്ദി പറഞ്ഞു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവർത്തകരിൽ മുൻപന്തിയിൽ നിന്ന ചില വനിതകളെ ഈ വനിതാ ദിനത്തിൽ ഷാൾ അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. അച്ചാമ്മ പ്ലാമൂട്ടിൽ, അച്ചാമ്മ മരുവത്തറ, ലീല പുല്ലാപ്പളളിൽ, ഫിലോ ഫിലിപ്പ്, ഗ്രേസി വാച്ചാച്ചിറ, ലീല ജോസഫ് എന്നിവരെയാണ് യോഗത്തിൽ ആദരിച്ചത്. അറ്റോർണി സ്റ്റീവ് ക്രിഫേസ് മെഗാ സ്പോൺസറായും ഔസേപ്പ് തോമസ് ഗ്രാൻഡ് സ്പോൺറായും മുമ്പോട്ടും വന്നു.

വിമൻസ് ഫോറം കോർഡിനേറ്റർ ജൂബി വളളിക്കളം സ്വാഗതവും കോ കോർഡിനേറ്ററർ സുനൈന ചാക്കോ കൃതജ്ഞതയും അർപ്പിച്ചു. ഡോ. സിബിൾ ഫിലിപ്പ് മീറ്റിങിന്റെ എംസിയും ബ്രിജിറ്റ് ജോർജ് കലാപരിപാടികളുടെ എംസിയുമായിരുന്നു. വനിതകൾ തന്നെ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികൾ ചടങ്ങിനെ മോടിപിടിപ്പിച്ചു. വിമൻസ് ഫോറം കോർഡിനേറ്റർ ജൂബി വളളിക്കളം, കോ കോർഡിനേറ്റേഴ്സ് സുനൈന ചാക്കോ, ആഷ മാത്യു, ചിന്നു തോട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.