കാർബൺഡേയ്ൽ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗൺസിലിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പ്രവീൺ വർഗിസിന്റെ മരണത്തിന്റെ അന്വേഷണത്തിൽ അലംഭാവം കാട്ടിയ കാർബൺഡേയ്ൽ സിറ്റിയേയും പോലീസിനേയും സ്റ്റേറ്റ് അറ്റോർണി തുടങ്ങിയവരേയും രൂക്ഷമായി വിമർശിച്ചുകൊണ്ട ് പ്രവീണിന്റെ മാതാവ് സിറ്റി കൗൺസിലിൽ ശക്തമായി സംസാരിച്ചു. റേഡിയോ ഹോസ്റ്റ് മോണിക്ക സൂക്കസും കാർബൺഡേയ്ൽ സിറ്റി പ്രദേശത്തുള്ള ഇന്ത്യക്കാരും പിന്തുണയുമായി കൗൺസിൽ മീറ്റിംഗിനു എത്തിയിരുന്നു.

സിറ്റി മേയർ ഉൾപ്പടെയുള്ളവരുടെ മുന്നിൽ പ്രവീണിനെ കാണാതായതു മുതൽ നടന്ന പോലീസിന്റെ നിരുത്സാഹപരമായ പെരുമാറ്റവും, കുറ്റപ്പെടുത്തലും, സത്യം മറച്ചുവെയ്ക്കലും, കുടുംബത്തെ ആക്ഷേപിച്ചുള്ള പരസ്യ പ്രസ്താവനകളും, ഒട്ടോപ്സി നടത്തിയ ഡോക്ടർ തെളിവുകൾ മറച്ചുവെച്ചതും, മെഡിക്കൽ എത്തിക്സിനു നിരക്കാത്ത രീതിയിൽ ബോഡി ബാഗിൽ വെച്ചു ഓട്ടോപ്സി നടത്തിയതും, ശരീരത്തിൽ കണ്ട മാരക മുറിവുകൾ അവഗണിച്ചതും തുറന്നുകാട്ടി. മീഡിയ പേഴ്സണാലിറ്റിയും കുടുംബത്തിന്റെ ശക്തമായ പിന്തുണയുമായി മോണിക്ക സൂക്കസ് പ്രവീണിന്റെ ശരീരത്തിലെ മുറിവുകളുടെ ഓട്ടോപ്സി ചിത്രങ്ങൾ മേയറേയും കൗൺസിൽ അംഗങ്ങളേയും കാണിച്ചു. കൗൺസിൽ അംഗങ്ങൾ പലരും ഇതുകണ്ട ് പൊട്ടിക്കരഞ്ഞു. ഒരാൾ അൽപ നേരത്തേക്ക് മുറിവിട്ട് പോകുകയും ചെയ്തു. മൃഗങ്ങളോടു പോലും ചെയ്യാത്ത ക്രൂരതയാണ് തന്റെ മകനോട് അവന്റെ മരണശേഷം ചെയ്തതെന്ന് ലൗലി തുറന്നു പറഞ്ഞു.

പ്രവീണിന്റെ വസ്ത്രം, ഫോൺ, ലാപ്ടോപ് തുടങ്ങിയവയൊന്നും ഇതുവരെ നൽകിയിട്ടില്ല. റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ 18 മാസങ്ങൾക്കുശേഷം പ്രവീൺ കാണാതായതു മുതലുള്ള ന്യൂസ് പേപ്പർ ആർട്ടിക്കിൾസ് കുടുംബത്തിന് അയച്ചുകൊടുത്തു. എന്നു മുതലാണ് പത്രവാർത്തകൾ പോലീസ് റിപ്പോർട്ട് ആക്കിയത് എന്ന് ലൗലി ചോദിച്ചു. തനറെ മകന്റെ മാന്യതയെ ചോദ്യം ചെയ്തു എന്നും ലൗലി കൗൺസിലിനോട് തുറന്നു പറഞ്ഞു. മാറ്റത്തിനായി ശ്രമിക്കണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു.

മീറ്റിംഗിനുശേഷം കൗൺസിൽ അംഗങ്ങളെല്ലാവരും സഹായം വാഗ്ദാനം ചെയ്തു. സിറ്റി മാനേജരും മേയറും കുടുംബവുമായി മീറ്റിംഗിനു ദിവസം അനുവദിക്കുകയും ചെയ്തു. കേസിൽ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്നും നീതി ലഭിക്കുംവരെ പ്രവർത്തനങ്ങളുമായി മൂന്നോട്ടുപോകുമെന്നും പ്രവീൺ ആക്ഷൻ കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ സ്പെഷൽ പ്രോസിക്യൂട്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാഞ്ഞതിനാൽ പ്രതി ഗേജ് ബഥൂണിനെതിരേയുള്ള കേസ് കോടതി ഒക്ടോബറിലേക്ക് മാറ്റിവച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.