ഇന്ത്യന്‍ യുവതിയെ അമേരിക്കയിലെത്തിയിട്ടും വിട്ടില്ല; ഇനി ജിതേന്ദ്രസിംഗ് ജയിലിലേക്ക്‌

 പി. പി. ചെറിയാൻ

മക്കിനി(ടെക്സസ്): ഇന്ത്യൻ യുവതിയെ ഒരു ദശാബ്ദക്കാലം നിഴൽ പോലെ പിന്തുടർന്നു ശല്യം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ഒടുവിൽ പ്ലാനോയിലുളള അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി പാസ്പോർട്ട്, സ്വർണാഭരണം, ക്രെഡിറ്റ് കാർഡ് എന്നിവ മോഷ്ടിക്കുകയും ചെയ്ത ഇന്ത്യൻ യുവാവ് ജിതേന്ദർ സിങ്ങിനെ(32) ടെക്സസ് ജൂറി 17 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

യുവതിയും ശിക്ഷിക്കപ്പെട്ട യുവാവും ഡൽഹിയിലെ കോളേജിൽ സഹപാഠികളായിരുന്നു. 2006ൽ ജിതേന്ദർ നടത്തിയ വിവാഹാഭ്യർത്ഥന യുവതി തളളി. ഇതേ തുടർന്ന് യുവതിയുടെ പിതാവിനെ ഇന്ത്യയിൽ വെച്ചു മർദ്ദിക്കുകയും ഇന്ത്യൻ പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.2007ൽ യുവതി ന്യൂയോർക്കിൽ വിദ്യാഭ്യാസം തുടരുന്നതിന് എത്തിച്ചേർന്നെങ്കിലും ഇവിടെയും ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് സിങ്ങ് ആവർത്തിച്ചു.

ജിതേന്ദറിന്റെ ശല്യം സഹിക്കാതെ യുവതി ടെക്സസിലെ പ്ലാനോയിലേക്ക് 2014ൽ താമസം മാറ്റി.
ടെക്സസിലെ പ്ലാനോയിൽ എത്തി യുവതി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ലോക് സ്മിത്തിനെ തെറ്റിദ്ധരിപ്പിച്ചു തുറന്നാണ് ജിതേന്ദർ മോഷണം നടത്തിയത്. സംശയം തോന്നിയ സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി സിങ്ങിനെ അറസ്റ്റ് ചെയ്തു.

2011 മുതൽ 2014 വരെ ഫോണിലൂടെയും മറ്റ് ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടേയും യുവതിയെ ഇയ്യാൾ ശല്യം ചെയ്തിരുന്നതായി ജൂറി കണ്ടെത്തി. പതിനേഴ് വർഷത്തെ തടവിന് പുറമെ 4000 ഡോളർ ഫൈൻ അടക്കുന്നതിനും ജൂറി വിധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.