റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യ മത്സരം തന്നെ തകര്‍പ്പന്‍ ജയത്തോടെ

മുംബയ്: ഐ.പി.എല്‍ ഒമ്പതാം സീസണിലെ പുതിയ ടീമായ പുനെ തങ്ങളുടെ ആദ്യ മത്സരം തന്നെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍ എം.എസ് ധോണി നയിക്കുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. മുംബയ് കഷ്ടപ്പെട്ട് ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം പൂനെ നിഷ്പ്രയാസം മറികടന്നു. അജിങ്ക്യ രഹാനെയുടെ (42 പന്തില്‍ 66) ഉജ്വല ഇന്നിംഗ്‌സ് പൂനെയെ വിജയത്തിലേക്ക് നയിച്ചു. 32 പന്ത് ബാക്കി നില്‍ക്കെ പൂനെ വിജയം നേടി. രഹാനെയാണ് കളിയിലെ കേമന്‍.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബയ്‌യുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മയെ (7) പുറത്തായി. ഇഷാന്ത് ശര്‍മ്മയാണ് വിക്കറ്റ് നേടിയത്. നാലാം ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണറായ 8 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സിന്റെ വിക്കറ്റും ഇഷാന്ത് നേടി. ഹര്‍ദിക്ക് പാണ്ഡ്യയെയും (9) ജോസ് ബട്‌ലറിനെയും (0) മിച്ചല്‍ മാര്‍ഷ് പുറത്താക്കിയതോടെ മുംബയ് സ്‌കോര്‍ നാലിന് 40 എന്ന നിലയിലായി. പിന്നീടെത്തിയ കീറോണ്‍ പൊളളാര്‍ഡും (1) ശ്രേയസ് ഗോപാലും (2) പെട്ടെന്ന് തന്നെ പവലിയനിലേയ്ക്ക് മടങ്ങി.
ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച അമ്പാട്ടി റായിഡു(22) ഹര്‍ഭജനെ കൂട്ടുപിടിച്ച് സ്‌കോര്‍ മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ 68ല്‍ നില്‍ക്കെ ഏഴാമനായി റായിഡുവും മടങ്ങിയതോടെ മുംബയ് സ്‌കോര്‍ 100 കടക്കുകയില്ലയെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ വമ്പനടികളുമായി ഹര്‍ഭജന്‍ സിംഗ് കളം നിറഞ്ഞ് കളിച്ചപ്പോള്‍ മുംബയ് സ്‌കോര്‍ 120 കടന്നു. 30 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെയും ഒരു സിക്‌സറിന്റേയും അകമ്പടിയോടെയാണ് 45 റണ്‍സ് നേടിയത്. വിനയ് കുമാര്‍ 11 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 12 റണ്‍സ് നേടി. ആര്‍.പി സിങ്, രജത് ഭാട്ടിയ, മുരുഗന്‍ അശ്വിന്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.