പുതുമകളോടെ എക്‌സ്‌പേ വാലറ്റിന്റെ പുതുക്കിയ പതിപ്പ് പുറത്തിറങ്ങി

കൊച്ചി: വിവിധ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപഌക്കേഷന്‍ എക്‌സ്‌പേ വാലറ്റിന്റെ പുതുക്കിയ പതിപ്പ് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ പുറത്തിറക്കി. മൊബൈല്‍ ആപ് വഴി വിദേശനാണ്യ വിനിമയ സേവനം ലഭ്യമാക്കിയ ആദ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് യുഎഇ എക്‌സ്‌ചേഞ്ച്. വിദേശനാണ്യത്തിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്പ, പണം കൈമാറ്റം ചെയ്യല്‍, പ്രീപെയ്ഡ് മൊബൈല്‍ ടോപ് അപ് തുടങ്ങിയ സേവനങ്ങളും മൊബൈല്‍ ആപ് വഴി കമ്പനി ലഭ്യമാക്കുന്നു. ക്വിക്ക് റെസ്‌പോണ്‍സ് ( ക്യു ആര്‍) കോഡ് ഉപയോഗിച്ചു പേമെന്റ് സൊലൂഷന്‍ ലഭ്യമാക്കിയ ആദ്യത്തെ മൊബൈല്‍ വാലറ്റു കൂടിയാണ് എക്‌സ്‌പേ. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇതു സൗജന്യമായി ഉപയോഗിക്കാം. കാഷ് കൈവശം വയ്ക്കുന്നതിനു പകരമുള്ള സംവിധാനമായി എക്‌സ്‌പേ വാലറ്റിനെ കരുതാം.
സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ധനകാര്യ ഉള്‍പ്പെടുത്തല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ 90 ലക്ഷം ഇടപാടുകാര്‍ എക്‌സ്‌പേ വാലറ്റ് ഉപയോഗിക്കുന്നുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതു 10 കോടിയായി ഉയര്‍ത്തുകയാണു ലക്ഷ്യം.
രാജ്യത്തിനകത്തു പണം കൈമാറ്റം ചെയ്യാന്‍ എക്‌സ്‌പേ സഹായിക്കുന്നു. ബാങ്കിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യാം. കടകള്‍, മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, വാലറ്റ് ടോപ് അപ് തുടങ്ങി എല്ലാത്തരം പണം കൈമാറ്റവും എക്‌സ്‌പേ വാലറ്റ് ഉപയോഗിച്ചു നടത്താം. വിനോദ യാത്ര സംബന്ധിച്ച വിവരങ്ങള്‍ തേടുകയും ബുക്കിംഗ് നടത്തുകയും ചെയ്യാം. വിദേശത്തേക്ക് പണം അയയ്ക്കാം. വിദേശ കറന്‍സി വാങ്ങാം. അല്ലെങ്കില്‍ കാര്‍ഡ് വാങ്ങാം. കറന്‍സി നിരക്കുകള്‍ അറിയാനും എക്‌സ്‌പേ ഉപയോഗിക്കാം.വായ്പസംബന്ധിച്ച വിവരങ്ങള്‍, ഇഎംഐ അടവ്, വായ്പയുടെ നില, പ്രിന്‍സിപ്പിള്‍, പലിശ തുടങ്ങിയവയൊക്കെ എക്‌സ്‌പേ വഴി സാധ്യമാകും. യുഎഇ എക്‌സ്‌ചേഞ്ചിന്റെ സൈറ്റില്‍നിന്നോ, ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്നോ എക്‌സ്‌പേ ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.