നാടോടുമ്പോള്‍ കൂടെ ഓടാന്‍ ബി എസ് എന്‍ എല്‍ റെഡി

കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാര്‍ക്കിടയില്‍  പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് ബി എസ് എന്‍ എല്‍. അതിനിപ്പോള്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം പരീക്ഷിക്കാനുള്ള തീരുമാനവും വന്നു കഴിഞ്ഞു. ലാന്‍ഡ്‌ഫോണിനെ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ആപ്ലിക്കേഷനുമായാണ് ബിഎസ്എന്‍എല്‍ ന്റെ പുത്തന്‍ ചുവടുവെയ്പ്പ്. ഫിക്‌സഡ് മൊബൈല്‍  ടെലിഫോണി (എഫ്എംടി) സര്‍വീസ് എന്ന ഈ ആപ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പുറപുറത്തിറക്കി. ഏപ്രില്‍ രണ്ടു മുതല്‍ ആപ്പ് ഉപയോഗിക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി സര്‍വീസ് ഉള്ള ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുക്കുന്ന ആര്‍ക്കും പുതിയ സേവനം ഉപയോഗിക്കാം. എഫ്എംടിക്കായി പുറത്തിറക്കുന്ന മൊബൈല്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്നു ഫോണ്‍ നമ്പര്‍ റജിസ്ട്രര്‍ ചെയ്ത് സേവനം ഉപയോഗിക്കാം. വിദേശത്തു നിന്നാണെങ്കില്‍ പോലും സാധാരണ ഇന്റര്‍നെറ്റ് നിരക്ക് മാത്രം നല്‍കി ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാനാകും എന്നതാണ് ആപ്പിന്റെ പ്രത്യേകത. മാസ വാടക ഈടാക്കിയാകും എഫ്എംടി സര്‍വീസ് നല്‍കുകയെന്നു സിഎംഡി അനുപം ശ്രീവാസ്തവ അറിയിച്ചു. ഈ ടെക്‌നോളജിയില്‍  ലാന്‍ഡ് ലൈന്‍ നമ്പര്‍ വഴി എസ്എംഎസ് അയക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പ്രീപെയ്ഡ് ലാന്‍ഡ് ഫോണുകള്‍ പുറത്തിറക്കുന്നതിലുള്ള സാധ്യതയും പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *