മൂറിന്റെ പ്രേമസൗരഭ്യം

സ്‌നേഹമെന്നത് മനുഷ്യമനസ്സുകളിലെ ഉത്ക്കടമായ വികാരമാകുന്നുവെന്ന് കവികള്‍ പറയുന്നു. സ്‌നേഹം അതിന്റെ വിവിധ തലങ്ങളില്‍ വശ്യമായ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. സ്‌നേഹനിധിയായ അമ്മയുടെ സ്‌നേഹം വാത്സല്യം നിറഞ്ഞതുമാത്രമാണ്, ഒന്നും തിരിച്ചുപ്രതീക്ഷിക്കാത്ത നിര്‍മ്മലസ്‌നേഹമാണത്. സഹോദരനും സഹോദരിയും കൂട്ടുകാരും തമ്മിലുള്ള സ്‌നേഹമോ പലതും കൊടുത്തും വാങ്ങിച്ചും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ദൈവീക സ്‌നേഹമോ, കാമുകീ കാമുകന്മാര്‍ പോലെ എല്ലാം നല്കാനുള്ള പ്രേമവികാരംപോലെയാണ്. അതിനാലാണ് തന്റെ ഏകജാതനായ പുത്രന്‍ യേശുനാഥനെ ദൈവം തമ്പുരാന്‍ മാനുഷരക്ഷയ്ക്കുവേണ്ടി ബലിയര്‍പ്പിക്കുവാന്‍ തന്റെ ദൈവീകസ്വഭാവം സ്‌നേഹപ്രവാഹമായി ഒഴുക്കിയതെന്ന് സ്മരിക്കുന്നത് ഈ വായനയ്ക്ക് ആസ്വാദ്യത നല്കും.

ബൈബിളിലെ മിക്കവാറും എല്ലാ പുസ്തകങ്ങളും അതിലെ ചരിത്രസത്യങ്ങളും വേദവിജ്ഞാനവും പ്രവചനങ്ങളുമെല്ലാം ഒന്നിനൊന്നോട് താദാത്മ്യം പ്രാപിക്കുന്നവയാണ്. എന്നാല്‍ തന്റെ പിതാവായ ദാവീദു രാജാവിന്റെ സങ്കീര്‍ത്തനങ്ങളേക്കാള്‍ തികച്ചും വിഭിന്നമായ ശൈലിയിലും, ഭംഗിയിലുമാണ് സോളമന്‍ രാജാവ് ഉത്തമഗീതങ്ങള്‍ ഒരു പ്രേമകാവ്യമായി രചിച്ചിരിക്കുന്നത്. ഉത്തമഗീതങ്ങളില്‍ യഹോവയായ ദൈവത്തെപ്പറ്റി ഒരിടത്തും പ്രത്യക്ഷമായി പറയുന്നില്ല. ഇതിലെ ഒരു വാക്യവും പുതിയ നിയമത്തില്‍ പുനരുദ്ധരിക്കപ്പെട്ടിട്ടില്ല. ദൈവഭക്തിയെപ്പറ്റിയോ ഏതെങ്കിലും പ്രവചനാത്മകമായ ദാര്‍ശനികതയോ പ്രഥമദൃഷ്ട്യാ ദര്‍ശിക്കാനുമില്ല.
എന്നാല്‍ പച്ചയായ മനുഷ്യന്‍ തന്റെ കലുഷിതചിന്തകളോടെ ഈ കൃതി വായിച്ചാലുളവാകുന്ന ദൂഷ്യഫലങ്ങള്‍ കാമവും മോഹവും മാത്രമായിരിക്കും; പൂക്കളില്‍നിന്നും വിഷം നിര്‍മിച്ചെടുക്കുന്നതുപോലെ. ഈ തത്വചിന്തകൊണ്ടാവാം യഹൂദാചാര്യന്മാര്‍ തങ്ങളുടെ യുവാക്കള്‍ മുപ്പതു വയസാകാതെ ഈ പുസ്തകം വായിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നത്. ‘എന്നാല്‍ സത്യസന്ധമായ ഒരു വ്യാഖ്യാനത്തിന്റെ പിന്‍ബലത്തോടെ ഉത്തമഗീതങ്ങള്‍ വായിച്ചാല്‍, അടങ്ങാത്ത ആത്മീയദാഹവുമായി പിതാവായ ദൈവത്തില്‍ ഒന്നാകാന്‍ മനുഷ്യമനസുകള്‍ വാഞ്ചിക്കും’ (മാത്യൂസ് ഹെന്റി കമന്ററി).

ഈ മനോഹര പ്രേമകാവ്യത്തിന്റെ ആമുഖത്തില്‍തന്നെ നാം അതിന്റെ ഉള്ളടക്കത്തിന്റെ ആസ്വാദ്യത നുകരാന്‍ തുടങ്ങിയെന്ന് വിശ്വസിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം. ഉത്തമഗീതത്തിന്റെ ഒന്നാം അധ്യായത്തിന്റെ പകുതി വരെ മാത്രമേ നാം തുറന്നുകണ്ടിരുന്നുള്ളൂവെന്ന് സ്മരിക്കുക. ഇനിയും പന്ത്രണ്ടാം വാക്യത്തിലേക്ക് കടക്കുമ്പോള്‍ പറയുന്ന ഇപ്രകാരമാണ്: ‘രാജാവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ എന്റെ ജടമാംസിതൈലം സുഗന്ധം പുറപ്പെടുവിക്കുന്നു.’ വളരെ ആഴമേറിയ ചിന്തകള്‍ക്ക് നമ്മുടെ ആത്മീയഹൃദയങ്ങളെ സജ്ജമാക്കേണ്ട വാക്യമാണിത്. ഒന്നിച്ച് ഒരു മേശയില്‍ ഡിന്നര്‍ കഴിക്കുന്നത്, അതില്‍ സംബന്ധിക്കുന്നവരുടെ ഐക്യവും കൂട്ടായ്മയും വെളിവാക്കുന്നു. കര്‍ത്താവും സഭയുമായുള്ള ആഴമേറിയ ബന്ധത്തിന്റെ മികവും മാധുര്യവും ഒരു തിരുവത്താഴത്തില്‍ നാം ആസ്വദിക്കുന്നു.
ശലോമോന്‍ രാജാവിന്റെ മേശയെന്നാല്‍ വിഭവസമൃദ്ധമായ വലിയ ഒരു സദ്യതന്നെയാണ്. മീനില്ലാതെ മാവും മാംസങ്ങളുംകൊണ്ട് സമ്പുഷ്ടമായ ഭക്ഷണപദാര്‍ഥങ്ങളുടെ ഒരു നീണ്ട മെനുകാര്‍ഡ് നമുക്ക് കാണാം (1 രാജാക്കന്മാര്‍ 4: 22). വേദഭാഗങ്ങളില്‍ പറയുന്ന അഞ്ചുതരം യാഗങ്ങളിലും നാം കാണുന്നത് ഒന്നുകില്‍ മാവുകൊണ്ടുള്ളത് അല്ലെങ്കില്‍ മൃഗങ്ങളെക്കൊണ്ടുള്ള പദാര്‍ഥങ്ങള്‍ മാത്രമാണ്. നമ്മുടെ കര്‍ത്താവിന്റെ തിരുവത്താഴത്തിലും അപ്പവും വീഞ്ഞും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ജീവിതമെന്ന ഭോജനയാഗത്തെയും മരണത്തെ സ്മരിക്കുന്ന രക്തവുമാണ്, അപ്പവും വീഞ്ഞുമായി താദാത്മ്യം പ്രാപിക്കുന്നത്. ക്രിസ്തീയ ആരാധനയുടെ പരമോന്നതമായ നിറക്കാഴ്ചയുടെ നിഴലാണ് ആ സദ്യകൊണ്ട് ദൃശ്യമാകുന്നത്. വിശുദ്ധബൈബിളില്‍ പഴയനിയമത്തില്‍ ‘ജടമാംസി’ തൈലത്തെപ്പറ്റി പറയുന്നത് ഉത്തമഗീതത്തില്‍ മാത്രമാണ്. പുതിയ നിയമത്തില്‍ കര്‍ത്താവിന്റെ ക്രൂശുമരണത്തെപ്പറ്റി മുന്‍കൂട്ടി പറയുമ്പോള്‍, താന്‍ സൂക്ഷിച്ചുവച്ചിരുന്ന സ്വച്ഛ ജടമാംസി തൈലം മറിയം യേശുവിന്റെ പാദങ്ങളില്‍ പകര്‍ന്നതായി പറയുന്നുണ്ട്. അപ്പോള്‍ യൂദാസ് അവളെ കുറ്റപ്പെടുത്തുന്നുണ്ട്; ഈ തൈലം 300 വെള്ളിക്കാശിന് വിറ്റിട്ട് പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നില്ലേയെന്ന്. ചോദിക്കുന്നതില്‍നിന്നും വളരെ വിലയേറിയ സുഗന്ധദ്രവ്യമാണ് ഇതെന്ന് മനസിലാകും. അന്നത്തെ ദിവസക്കൂലി വെറും ഒരു വെള്ളിക്കാശായിരുന്നുവെന്നും, ഒരു പുരുഷന്റെ 300 ദിവസത്തെ അധ്വാനഫലമാണ് ഈ ജടമാംസി തൈലത്തിന്റെ വിലയായി പറഞ്ഞിരിക്കുന്നതെന്നും വിലയിരുത്തുക. ക്രിസ്തുവിന്റെ മഹത്വവും, അവന്റെ മരണത്തെയും ബോധ്യമായ മറിയം തനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് അപ്പോള്‍ ചെയ്തതെന്ന് അവള്‍ക്ക് ബോധ്യമുണ്ട്.
മൂര്‍ ഒരു ചെറിയ ചെടിയില്‍നിന്നും ഉത്പാദിപ്പിക്കുന്ന സുഗന്ധവസ്തുവാണ്. യേശുവിന്റെ ജനനത്തില്‍ വന്നുകണ്ട രാജാക്കന്മാര്‍ പൊന്നും മൂരും കുന്തിരിക്കവും സമ്മാനമായി സമര്‍പ്പിച്ചെന്ന് പറയുന്നുണ്ടല്ലോ. പലസ്തീനിലെ സ്ത്രീകളുടെ അവരുടെ സ്തനങ്ങളുടെ ഇടയില്‍ മൂറിന്റെ ഒരു ചെറിയ കുപ്പി സൂക്ഷിച്ചിരുന്നു. എന്നാല്‍ സൗരഭ്യവാസനയുണ്ടെങ്കിലും രുചിയില്‍ കയ്‌പേറിയ വസ്തുവായിരുന്നു മൂര്‍. ക്രൂശിതനായ ക്രിസ്തുവിന് കയ്‌പേറിയ മൂറു കലക്കി കുടിപ്പാന്‍ പ്രേരിപ്പിച്ചുവെന്ന് എഴുതിയിരിക്കുന്നു. അപ്പോള്‍ സഹനവും സ്‌നേഹവും ഒത്തുചേര്‍ന്ന സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നതാണ് മൂര്‍. കര്‍ത്താവിന്റെ ജനനത്തിങ്കല്‍ മൂര്‍ ഉണ്ടായിരുന്നെങ്കില്‍ അവന്റെ രണ്ടാമത്തെ പ്രത്യക്ഷതയില്‍ സഹനമില്ല. പൊന്നും കുന്തിരിക്കവും മാത്രമേ യഹോവയേ സ്തുതിക്കാന്‍ കൊണ്ടുവരുന്നുള്ളൂ (യെശയ്യ 60: 6). ജനനത്തിങ്കലെ വേദനയും ഗോല്‍ഗോത്തായിലെ സഹനവും അന്നു കാണില്ലല്ലോ അതായിരിക്കാം അവിടെ മൂര്‍ കാണപ്പെടാത്തതെന്ന് ചിന്തനീയമാണ്.
ഈ മൂറിന്റെ കെട്ടാണ് ശൂലേമി തന്റെ മാറിടത്തില്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുന്നത്. താന്‍ കടന്നുചെല്ലാവുന്നിടത്തെല്ലാം അതിന്റെ സൗരഭ്യം പകരും. എന്നാല്‍ രാത്രിയിലും ഏകാന്തതയിലും കര്‍ത്താവ് തന്നോടൊപ്പം ഇല്ലാത്ത വേളകളില്‍, ആ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഹൃദയത്തോട് ചേര്‍ത്തുവച്ച ക്രൂശിന്റെ ചിന്ത എപ്പോഴുമുണ്ട്. തുടര്‍ന്നു പറയുന്നു ‘എന്റെ പ്രിയന്‍ എനിക്ക് ഏല്‍-ഗദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെയാകുന്നു’. ശത്രുക്കളെ ഭയന്ന് ദാവീദു രാജാവു ഒളിച്ചിരുന്ന സ്ഥലമാണ് ഏല്‍-ഗദിയെന്ന മരുഭൂമി (1 ശമുവേല്‍ 24: 21). മരുഭൂമിയെന്ന പ്രതികൂല സാഹചര്യങ്ങളും ചൂടും നിറഞ്ഞുനില്‍ക്കുന്ന ഭൂപ്രദേശത്ത് വെള്ളവും വളവും ഇല്ലാതെ വളരുന്ന മുന്തിരിത്തോട്ടം ഈ ലോകത്തിലെ ക്രിസ്തീയസഭയുടെ നിഴലാണ്.
ഇന്ന് തരുണീമണികള്‍ ഉപയോഗിക്കുന്ന ‘ഹെന്ന’ തന്നെയാണ് മയിലാഞ്ചിപ്പൂക്കുലയായി സഭയുടെ നടുവില്‍ പരിലസിക്കുന്ന ക്രിസ്തുവെന്ന മണവാളന്‍. മയിലാഞ്ചി യഹൂദസ്ത്രീകളുടെ എക്കാലത്തെയും ഹരമായിരുന്നതുപോലെ, മണവാട്ടിയാകുന്ന ദൈവസഭയില്‍ ക്രിസ്തുവാകുന്ന മണവാളനും ഹരമായിരിക്കണം.
തുടര്‍ന്ന് 15-ാം വാക്യത്തില്‍ പറയുന്നു ‘എന്റെ പ്രിയേ നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെയിരിക്കുന്നു.’ നമ്മുടെ സാധാരണജീവിതത്തില്‍ ഒരാളുടെ കണ്ണില്‍ സൂക്ഷിച്ചു ശ്രദ്ധിച്ചാല്‍ അയാളുടെ മനസിന്റെ ഭാവചിന്തകള്‍ ഒരു പരിധിവരെ മനസിലാക്കാം. പിഞ്ചുകുഞ്ഞിനെ നോക്കുമ്പോള്‍, അവനില്‍ നാം ദര്‍ശിക്കുന്നത് നിഷ്‌കളങ്കതയും നൈര്‍മല്യവുമാണ്. പ്രണയാതുരയായ കാമുകിയുടെ കണ്ണില്‍ പ്രേമവും കാമവും ദര്‍ശിച്ചേക്കാം. എന്നാല്‍ പ്രാവിന്റെ കണ്ണിന് മറ്റൊരു പ്രത്യേകതയുണ്ടെന്ന് പറയപ്പെടുന്നു. പ്രാവിന് ഒരുസമയത്ത് ഒരു വസ്തു മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പ്രണയിനിയുടെ കാഴ്ചപ്പാടിലും അതുപോലെ, തന്റെ പ്രിയനെ മാത്രമേ കാണാന്‍ സാധിക്കയുള്ളൂ. അതേപോലെ, ബൈബിളില്‍ സൂചിപ്പിക്കുന്ന യാഗങ്ങളില്‍, യാഗം അര്‍പ്പിക്കാന്‍ അനുവദിക്കപ്പെട്ട ഏകപക്ഷിയും പ്രാവാണ്. ഈ പ്രാവ് സമാധാനത്തിന്റെ പ്രതീകവും, ക്രിസ്തുവിന്റെ പ്രതിരൂപവുമാണ്. ഈ പ്രാവിന്റെ കണ്ണിലൂടെ ദര്‍ശിക്കേണ്ടത് ക്രിസ്തുവിന്റെ കാഴ്ചപ്പാടുകളും സ്വഭാവഗുണങ്ങളുമാണ്. എത്ര മനോഹരമായ രൂപകാലങ്കാരവും ആത്മീയ സത്യവുമാണ് ഈ പ്രേമകാവ്യത്തിന്റെ സാങ്കല്പികതയിലൂടെ വായനക്കാരില്‍ പകര്‍ന്നുതരുന്നതെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ഭര്‍ത്താവ് കുടുംബത്തിന് വരുമാനം കൊണ്ടുവരുന്ന പുരുഷകേസരിയായിരിക്കാം. വീടെന്ന മനോഹരമായ കെട്ടിടവും പ്രൗഡിയില്‍ സജ്ജമാക്കിയിരിക്കാം. പണവും ആവശ്യമായ സാധനസാമഗ്രികളെല്ലാം ഒരുക്കിവച്ച് ഉത്തരവാദിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കുടുംബനാഥന്‍ ആയിരിക്കാം. അതേപോലെ ഭാര്യ വീടു ഭംഗിയാക്കിവയ്ക്കുകയും, സമയങ്ങളില്‍ നല്ല ഭക്ഷണവും തയാറാക്കി കാത്തിരിക്കുന്ന കുടുംബിനിയുമായിരിക്കാം. എന്നാല്‍ ജീവിതം ധന്യമാകണമെങ്കില്‍ അതിനപ്പുറം അന്യോന്യം നന്ദിപ്രകടിപ്പിക്കുകയും പുകഴ്ത്തിപ്പറയുകയും കൂടി വേണമെന്ന് ജ്ഞാനിയായ ശലോമോന്‍ പതിനാറാം വാക്യത്തിലൂടെ നമ്മോട് ഉപദേശിക്കുന്നത് ‘പ്രിയനേ നീ സുന്ദരനാണ്’ എന്ന് ഭാര്യ പ്രേമപൂര്‍വ്വം ഒന്നു പറഞ്ഞാല്‍ മറിഞ്ഞുവീഴാത്ത ഭര്‍ത്താവുണ്ടോ ഈ ലോകത്തില്‍? പക്ഷെ പലപ്പോഴും ആ പുകഴ്ത്തലിന് അന്യോന്യം മറന്നുപോകുന്നുവെന്നതാണ് വാസ്തവും. അന്യോന്യം കൊടുത്തും കുടിപ്പിച്ചും സന്തോഷിപ്പിക്കുന്നതിനോടൊപ്പം സ്തുതികളാല്‍ പരിപോഷിപ്പിച്ച് സുഖിപ്പിക്കുന്ന ആ അനുഭവമുണ്ടല്ലോ, സുന്ദരനായ ഭര്‍ത്താവിനൊപ്പം സഭയാകുന്ന മണവാട്ടിയുടെ സഖിത്വം അനുഭവിക്കേണ്ടുന്ന ഗാഢബന്ധത്തിന്റെ തീവ്രതയും ആനന്ദവും ഈ ഹൃദയം തുറന്നുള്ള പ്രേമവചനങ്ങളിലൂടെ സ്പഷ്ടമാകുന്നു. അതോടൊപ്പം ബോണസായി പറയുന്നു ‘നമ്മുടെ കിടക്കയും പച്ചയാകുന്നു’. കിടക്കയുടെ നിറം പോലും ബന്ധങ്ങളുടെ തീവ്രത കൂട്ടുന്നു. പച്ചയായ കിടക്ക നയനമനോഹരമാണ്, മനസ്സില്‍ വികാരതീവ്രത ഉണര്‍ത്താന്‍ കഴിവുള്ള നിറവുമാണ്. ആലങ്കാരികമായി ഇവിടെ പറയുന്ന പച്ചയായ കിടക്കയോ, ആത്മീയമായി ദൈവവചനത്തെ പ്രതിനിധീകരിക്കുന്നു.
ഒന്നാം അധ്യായം അവസാനിപ്പിക്കുന്ന 17-ാം വാക്യം പറയുന്നു ‘നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും കഴുക്കോല്‍ സരളവൃക്ഷവും ആകുന്നു’. ഇതുവരെ പ്രേമമിഥുനങ്ങള്‍ രസകരമായി തമാശരൂപേണ സ്‌നേഹം പങ്കിട്ടുവന്നതായിരുന്നു. പക്ഷെ അവസാനഭാഗത്തേക്കു വന്നപ്പോള്‍ അംഗലാവണ്യങ്ങളുടെ ആസ്വാദനത്തില്‍നിന്നും വ്യത്യസ്തമായി എന്തിനാണാവോ, വീടിന്റെ ഉത്തരത്തിലും കഴുക്കോലിലും കയറിപ്പിട്ടിച്ചിരിക്കുന്നതെന്ന് അത്ഭുതപ്പെടുത്തിയേക്കാം! ദേവാലയങ്ങള്‍ പണിയാനായി അന്ന് ഉപയോഗിച്ചിരുന്നത് ദേവദാരുവും സരളവൃക്ഷവുമായിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ട്. ദൈവത്തിന്റെ ആലയത്തിന്റെ പണിയിലും അര്‍ഥങ്ങളും തത്വങ്ങളും ഒളിഞ്ഞിരിക്കുന്നതിന്റെ രഹസ്യങ്ങളിലേക്ക് ഈ വാക്യം വിരല്‍ചൂണ്ടിയിരിക്കുന്നു. സഭയുടെ വീട് ദേവാലയമാണ്. അത് വെറും ഒരു കെട്ടിടം മാത്രമല്ല. ദേവാലയത്തിന്റെ തറയില്‍ സരളവൃക്ഷത്തിന്റെ മിനുക്കിയ പലകകള്‍ മനോഹരമായി അടുക്കിനിരത്തിയിരിക്കുന്നു. പ്രധാനമായും സരളവൃക്ഷം വളരുന്നത് ശവക്കോട്ടകളിലാണ്. അതുകൊണ്ട് സരളവൃക്ഷം മരണത്തെ പ്രതിനിധീകരിക്കുന്നു. അതിനെ ചവുട്ടിമെതിച്ചുകൊണ്ട് വിശ്വാസികള്‍ ദേവാലയത്തില്‍ കയറിയിറങ്ങുന്നു. എന്നാല്‍ ലെബനോനിലെ ഉന്നതമായ ഗിരിശൃംഖങ്ങളില്‍ സമ്പുഷ്ടമായി വളരുന്ന ദേവദാരുവൃക്ഷത്തിന്റെ ഊനമില്ലാത്ത ഉത്തരവും കഴുക്കോലും നിരയും ഭിത്തികളും കൊണ്ട് ദേവാലയം മനോഹരമാക്കിയെടുക്കുന്നു. ദേവദാരു കര്‍ത്താവിന്റെ ശ്രേഷ്ഠതയെ വിളിച്ചോതുന്നു. (ശൂലമി പറയുന്നു വരൂ പ്രിയനെ നമുക്ക് ഇതിനുള്ളില്‍ ഒരുമിച്ച് രമിക്കാം). സഭയില്‍ ഉറച്ചുനില്ക്കുന്ന വിശ്വാസികളുടെ കണ്ണുകള്‍ ക്രിസ്തുവിന്റെ മഹത്വം പ്രദര്‍ശിപ്പിക്കുന്നവയായിരിക്കട്ടെ. സഭയും അതിനോടു പറയട്ടെ, ‘ക്രിസ്തുവേ നീയെത്ര മനോഹരനാണ്. എനിക്ക് വാഗ്ദത്തം തന്നതുപോലെ നീ സകലത്തിനും മതിയായവനെന്ന്, ഉറച്ചുവിശ്വസിച്ചു പറയട്ടെ. പച്ചപ്പുല്പുറങ്ങളിലെ ശാന്തതയിലുറങ്ങുന്ന കുഞ്ഞാടുഖളെപ്പോലെ, ക്രിസ്തുവും മണവാട്ടിയായ സഭയും ഐക്യപ്പെട്ടു രമിക്കട്ടെ. ക്രിസ്തു നമുക്ക് സ്വന്തമെങ്കില്‍ ക്രിസ്തുവിന്റെ എല്ലാ സ്വഭാവഗുണങ്ങളും നമ്മളില്‍ ചൊരിയട്ടെ. ഒരിക്കലും നശിക്കാത്തതും കാഴ്ചയ്ക്ക് ഭംഗിയും ദൃഢവും വാസനയുമുള്ള വിലപ്പെട്ട തടികളാല്‍ അതിമനോഹരമായി പണിതുയര്‍ത്തിയിരിക്കുന്ന ദേവാലയത്തില്‍ സുന്ദരനായ മണവാളനൊപ്പം, മണവാട്ടിയായിരിക്കുന്ന സഭയ്ക്ക് സമാധാനമായി, സസ്‌നേഹം ലയിച്ചു രസിക്കാന്‍ ഈ പ്രേമകാവ്യത്തിലൂടെ ഇനിയും നമുക്ക് ആസ്വദിച്ച് അനുഭവിച്ച് മുന്നേറാം.
ആത്മിക വീക്ഷണത്തില്‍ യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുംകൊണ്ട് നശ്വരമായ സുരക്ഷിതത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന സഭ, ദാഹത്തോടെ യേശുനാഥനെ മാടിവിളിക്കുന്ന അനുഭവമാണ് ഈ വ്യത്യസ്തമായ വരികളിലൂടെ ഈ പ്രേമഗീതത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്നത്. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.