എയര്‍ ബാഗ് പ്രശ്‌നത്തെത്തുടര്‍ന്ന് വോക്‌സ് വാഗണ്‍ എട്ടു ലക്ഷത്തോളം കാറുകള്‍ തിരികെ വിളിക്കുന്നു : മേഴ്‌സിഡസ് ബെന്‍സും കാറുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂയോര്‍ക്ക് : പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ് വാഗണ്‍ എട്ടു ലക്ഷത്തോളം കാറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിക്കാന്‍ തീരുമാനിച്ചു. തക്കത്താ കമ്പനിയുടെ എയര്‍ ബാഗ് വിവാദവുമായി ബന്ധപ്പെട്ടാണ് ഇത്രയധികം കാറുകള്‍ തിരികെ വിളിക്കാനുള്ള തീരുമാനം കമ്പനി കൈക്കൊണ്ടത്. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിട്രേഷന്റെ മാനദണ്ഡമനുസരിച്ച് ജാപ്പനീസ് കമ്പനിയുടെ എയര്‍ ബാഗിന് തകരാര്‍ കണ്ടെത്തിയിരുന്നു.

2006നും 2014നും ഇടയില്‍ വിപണിയിലിറങ്ങിയ ആറു ലക്ഷത്തോളം വിഡബ്ല്യൂ കാറുകളും 2005നും 2014നും ഇടയില്‍ വിപണിയില്‍ ഇറങ്ങിയ ഒന്നര ലക്ഷത്തോളം കാറുകളുമാണ് തിരിച്ചു വിളിക്കുവാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹനം അപകടത്തില്‍പ്പെടുന്ന സമയത്ത് എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ രേഖാ മൂലം പരാതി നല്‍കിയിരുന്നു.

എന്നാല്‍ കൃത്യമായി എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം ജാപ്പനീസ് കമ്പനിയായ തക്കാത്തയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തക്കാത്ത കമ്പനിയാണ് ഫോക്‌സ് വാഗണ്‍ കാറിന് എയര്‍ ബാഗ് സപ്ലൈ ചെയ്യുന്നത്. മേഴ്‌സിഡെസ് കമ്പനിയായ ഡായ്‌മ്ലെര്‍ ചൊവ്വാഴ്ച എട്ടു ലക്ഷത്തോളം കാറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിക്കുവാന്‍ തീരുമാനിച്ചിരുന്നു. എയര്‍ ബാഗിന്റെ പ്രശ്‌നം കൊണ്ട് തന്നെയാണ് ഇത്ര അധികം കാറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിക്കുവാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

നേരത്തേ സോഫ്റ്റ്‌വെയര്‍ തട്ടിപ്പ് ഇന്ത്യയില്‍ വിറ്റ കാറുകളിലും ഉണ്ടാകാനിടയുണ്ടെന്നു സമ്മതിച്ച വോക്‌സ് വാഗന്‍ ഇന്ത്യയില്‍ വിറ്റ 323700 കാറുകള്‍ തിരിച്ചു വിളിച്ചിരുന്നു.മലിനീകരണ തോത് കുറച്ചുകാട്ടുന്ന സോഫ്റ്റ് വെയര്‍ E A 189എന്ന കാര്‍ എന്‍ജിനുകളില്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയത് പശ്ച്ത്യ വിപണികളില്‍ വന്‍ വിവാദമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *