ടി.എന്‍. ഗോപകുമാറിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു

ന്യൂയോര്‍ക്ക്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി. എന്‍. ഗോപകുമാറിന്റെ നിര്യാണത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചിച്ചു. മലയാളത്തിന് നഷ്ടപ്പെട്ടത് കരുത്തുറ്റ മാധ്യമപ്രവര്‍ത്തകനെയാണെന്നു ഐഎപിസി പ്രസിഡന്റ് പറവീണ്‍ ചോപ്ര, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, എക്­സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറര്‍ തോമസ് മാത്യു, ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്­മോന്‍ പി. സക്കറിയ, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്­സണ്‍ വിനി നായര്‍, സെക്രട്ടറി പോള്‍ പനയ്ക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ വേറിട്ടവഴികളിലൂടെ നടന്ന വ്യക്തിത്വമായിരുന്നുവെന്നു ടി. എന്‍. ഗോപകുമാറെന്നും അദ്ദേഹത്തിന്റെ ജീവിതം മാധ്യമപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണെന്നും ഐഎപിസി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി.എന്‍.ഗോപകുമാര്‍. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകനായിരുന്ന ഗോപകുമാര്‍ ഇന്ത്യന്‍ എക്­സ്പ്രസ്, ദി ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്­റ്റേറ്റ്­സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സിയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ടി.എന്‍.ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍, കണ്ണകി തുടങ്ങിയവയാണ് കൃതികള്‍.

‘ജീവന്‍ മശായ്’ എന്ന ചിത്രവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വേരുകള്‍’ എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അര്‍ബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുന്‍പില്‍ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍ അദ്ദേഹത്തിന് സാ­ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.