ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷം വിപുലമായി നടത്തി

ജൂബി വള്ളിക്കളം

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഹോളിഡേ ആഘോഷം ജനുവരി23 ന് ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വെച്ച് വളരെ വിപുലമായി നടത്തി. സെക്രട്ടറി ജൂബി വള്ളിക്കളം ഏവരെയും ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്തു. ഐന്‍.എന്‍.എ.ഐ. പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷിക്കാഗോയിലെ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചിന്റെ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകനായി എത്തിയ ഡോ.റോയി തോമസ് തന്റെ പരിചയസമ്പത്തിന്റെ അനുഭവത്തില്‍ നിന്നും നേഴ്‌സിംഗ് ജോലിയുടെ മഹത്വവും മാഹാത്മ്യവും എത്ര വലുതാണെന്ന് പങ്കുവെച്ചു. കാലത്തിനനുസരിച്ച് നേഴ്‌സുമാര്‍ തൊഴില്‍പരമായ രീതിയില്‍ വിജ്ഞാനം നേടേണ്ടതിനെക്കുറിച്ചും ആധുനിക സാങ്കേതിക രീതികള്‍ അിറഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നി പറഞ്ഞു. ടിന്റു തോമസും അനു സിറിയക്കും മുഖ്യാഥിതികളെ സദസിനു പരിചയപ്പെടുത്തി.

അടുത്ത ഒക്‌ടോബര്‍ 21, 22 തിയതികളില്‍ ഷിക്കാഗോയിലെ എല്‍മസ്റ്റ് വാട്ടര്‍ഫോര്‍ഡില്‍ വെച്ച് നടക്കുന്ന നാഷണല്‍ എഡ്യുക്കേഷണല്‍ കോണ്‍ഫ്രന്‍സിനേക്കുറിച്ചുള്ള വിവരണങ്ങള്‍ ഡോ.സിമി ജോസഫും മേരി റജീന സേവ്യറും നടത്തി. തുടര്‍ന്ന് ചിന്നു തോട്ടം നേതൃത്വം നല്‍കുന്ന ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥത്തിലെ കളികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ജാസ്മിന്‍ ലൂക്കോസിന്റെ നൃത്തവും ശാന്തി ജയസന്‍, സാലി മാളിയേക്കല്‍, ശോഭ ജിബി, ആന്‍ ലൂക്കോസ് എന്നിവരുടെ ഗാനങ്ങളും പരിപാടികള്‍ക്ക് മോടി കൂട്ടി. നേഴ്‌സസ് അസോസിയേഷന്റെ വര്‍ഷങ്ങളായുള്ള പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ഫാമിലികളായ എല്‍സ ആന്റ് ടോമി മേത്തിപ്പാറയേയും ഡോ.അജിമോള്‍ ആന്റ് ജെയിംസ് പുത്തന്‍പുരയേയും അനുമോദിച്ചു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗയിമുകളും നടന്നു. വളരെയധികം നേഴ്‌സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സഹകരണം കൊണ്ടും പങ്കാളിത്തം കൊണ്ടും ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷം പ്രത്യേകം ശ്രദ്ധാര്‍ഹമായി. സോഫി ലൂക്കോസ് ഏവര്‍ക്കും നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.