പലചരക്ക് സാധനങ്ങളും ഇനി ഓണ്‍ലൈന്‍ വഴി ആമസോണിലൂടെ ..

 

കൊച്ചി: പലചരക്ക് ഉല്‍പന്നങ്ങളും ഓണ്‍ലൈനായി വില്‍ക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ഇന്ത്യ. ഓണ്‍ലൈന്‍ വിപണിയില്‍ വ്യാപാര രംഗത്ത് മത്സരം മുറുകുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇന്ത്യ പലചരക്കു വില്‍പനയുമായി രംഗത്തു വരുന്നത്. ഏപ്രിലിനു മുന്‍പ് പലചരക്കു ഉല്‍പന്നങ്ങള്‍ ആമസോണിന്റെ സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ആമസോണ്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ കമ്പനികളെ പിന്നിലാക്കുകയാണ്് ആഗോള ഓണ്‍ലൈന്‍ ഭീമനായ ആമസോണിന്റെ ലക്ഷ്യം .

ആമസോണിന്റെ ഇന്ത്യയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കമ്പനി ഇത് നടപ്പാക്കുന്നത്. കമ്പനിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ബാംഗളൂരുവിലായിരിക്കും പലചരക്കു ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള സംവിധാനം കമ്പനി നടപ്പിലാക്കുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താവിനെത്തിക്കാന്‍ കഴിയുന്ന സൗകര്യവുമായാണ് ആമസോണ്‍ പലചരക്ക് വിപണിക്ക് തുടക്കം കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *