കൈവെട്ട് കേസിൽ 13 പേർ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയതിനെ തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ പതിമൂന്ന് പേർ കുറ്റക്കാരാണെന്ന് എറണാകുളം എൻ.ഐ.കോടതി. 18 പ്രതികളെ വെറുതേ വിട്ടു. പതിനൊന്ന് പേർക്കെതിരെ യു.എ.പി.എ ചുമത്തിയത് കോടതി ശരി വച്ചു. അബ്ദുൾ ലത്തീഫ്,​ അൻവർ സാദിഖ്,​ റിയാസ് എന്നിവർക്കെതിരെ യു.എ.പി.എ ഇല്ല. പ്രതികളുടെ ശിക്ഷ മെയ് അഞ്ചിന് വിധിക്കും.
മുപ്പത്തിയേഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ മുപ്പത്തിയൊന്ന് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിചാരണ ഒരു മാസം മുന്പ് പൂർത്തിയായതാണ്. കുറ്റപത്രം നേരത്തെ എൻ.ഐ.ഐ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചിരുന്നു.
ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ.നാസർ (42), കുഞ്ഞുണ്ണിക്കര കാപ്പൂരിൽ കെ.ഇ.കാസിം (43), ഓടക്കാലി തേലപ്പുറം വീട്ടിൽ ഷഫീഖ് (25), ആലുവ ഉളിയന്നൂർ കരിവേരപ്പടി വീട്ടിൽ കെ.എ.നജീബ് (36), ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം പുത്തൻവീട്ടിൽ പി.എം.മനാഫ് (37), കുറുപ്പംപടി അശമന്നൂർ പള്ളിപ്പടി കിഴക്കനേയിൽ വീട്ടിൽ അസീസ് (30), മുപ്പത്തടം ഏലൂക്കര തച്ചുവല്ലത്ത് ടി.എച്ച്.അൻവർ സാദിഖ്, നെട്ടൂർ മദ്രസപ്പറമ്പിൽ നിയാസ് (32), മദ്രസപ്പറമ്പിൽ റിയാസ് (31) എന്നിവരാണ് എൻ.ഐ.എയുടെ പ്രതിപ്പട്ടികയിലെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികൾ.
13 മുതൽ 24 വരെയുള്ള പ്രതികളായ ഡോ. റെനീഫ്, അബ്ദുസലാം, ഫഹദ്, കെ.എം. അലി, പി.എം. റഷീദ്, മുഹമ്മദാലി, കമറുദ്ദീൻ, നിയാസ്, മാഹിൻകുട്ടി, സിക്കന്ദർ അലിഖാൻ, ഷിയാസ്, സിയാദ്, അബ്ദുൽ ലത്തീഫ്, അൻവർ സാദിഖ്, അനസ്, മൊയ്തീൻകുട്ടി, മനാഫ്, പി.വി. നൌഷാദ് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. ഒന്നാം പ്രതി സവാദ് അടക്കം അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.
ഗൂഢാലോചന, സംഘം ചേരൽ, വധശ്രമം, മാരകമായി മുറിവേൽപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനം തടയൽ, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2010 ജൂലായ് നാലിന് രാവിലെ എട്ടു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽനിന്ന് കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. കാർ തടഞ്ഞു നിർത്തി ഗ്ലാസ് അടിച്ച് തകർത്ത ശേഷം ജോസഫിനെ പിടിച്ചിറക്കി റോഡിൽ കിടത്തി മഴു കൊണ്ട് കൈകൾ വെട്ടുകയായിരുന്നു. അധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികൾ മാർച്ച് 28 മുതൽ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയത്.
വിധി എന്ത് തന്നെയായാലും അത് തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും മനസാക്ഷിയുടെ കോടതിയിൽ താൻ പ്രതികൾക്ക് മാപ്പ് നൽകിയതാണെന്നും പ്രൊഫസർ ടി.ജെ.ജോസഫ് പറഞ്ഞു. അതേ സമയം വിധിയിൽ തൃപ്തരല്ലെന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീലിന് പോകുമെന്നും പ്രതിഭാഗം വക്കീൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.