കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ കോള്‍ നിരക്കുകള്‍ 80% കുറച്ചു

ന്യൂഡല്‍ഹി : കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കോള്‍ നിരക്കില്‍ എണ്‍പത് ശതമാനം വരെയാണ് കുറവ് നല്‍കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്.

നിലവിലെ വരിക്കാര്‍ക്ക് ജനുവരി 16 മുതല്‍ കോള്‍ നിരക്കില്‍ 80 ശതമാനം കുറവ് ലഭിക്കും. സെക്കന്റ്, മിനിറ്റ് ബില്ലിംഗിലും കോള്‍ റേറ്റ് കുറച്ചിട്ടുണ്ട്. പുതിയ ഓഫറുകള്‍ വന്നതോടെ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി ജൂലൈ മുതല്‍ നവംബര്‍ വരെ ഒന്നര ലക്ഷത്തിലധികം പേര്‍ ബിഎസ്എന്‍എല്ലിന്റെ ഭാഗമായി.

പുതിയ വരിക്കാര്‍ക്ക് ആദ്യത്തെ രണ്ട് മാസമായിരിക്കും 80 ശതമാനം കുറവിന്റെ ഓഫര്‍ ലഭിക്കുക. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് അറിയിച്ചത്.

37 രൂപയുടെ പ്ലാനിന് ലോക്കല്‍ എസ്ടിഡി ബിഎസ്എന്‍എല്‍ നമ്പറിലേക്ക് ഒരു മിനിറ്റിന് 10 പൈസയും മറ്റ് നമ്പറുകളിലേക്ക് ഒരു മിനിറ്റ് 30 പൈസയുമാണ് കോള്‍ നിരക്ക്.36 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് മൂന്ന് സെക്കന്റിന് ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മൂന്ന് സെക്കന്റിന് രണ്ട് പൈസയുമാണ് കോള്‍ റേറ്റ്.

ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരാതികള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ 79.6 ദശലക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *