ബാള്‍ട്ടിമോര്‍ കലാപം: സംഘര്‍ഷം; വെടിവെപ്പ്

വാഷിങ്ടണ്‍: യു.എസിലെ ബാള്‍ട്ടിമോറില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ തെരുവിലിറങ്ങിയ പൊലീസും അക്രമികളും വീണ്ടും ഏറ്റുമുട്ടി. കലാപകാരികളെ ഒതുക്കാന്‍ രണ്ടാം ദിവസമായ ചൊവ്വാഴ്ച ആയിരക്കണക്കിന് പൊലീസുകാരാണ് തെരുവിലിറങ്ങിയത്. നാഷനല്‍ ഗാര്‍ഡ് സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമികളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും കുരുമുളക് പൊടി സ്പ്രേയും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ രണ്ടു പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
എന്നിരുന്നാലും നൂറോളം പേര്‍ കര്‍ഫ്യൂ അവഗണിച്ച് നഗരത്തില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്ന ജങ്ഷനില്‍ തടിച്ചുകൂടി. ഇവരെ റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് പിരിച്ചുവിട്ടു. ഏഴു പേരെ ഇവിടെനിന്നും മൂന്നു പേരെ നഗരത്തിന്‍െറ വ്യത്യസ്തയിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തു. ബോട്ടിലുകളും ഗ്യാസ് നിറച്ച കുപ്പികളും പൊലീസിനുനേര്‍ക്ക് എറിഞ്ഞാണ് പലരും പ്രതിഷേധം പ്രകടിപ്പിച്ചത്. പൊലീസിന്‍െറ ക്രൂരമായ നടപടികള്‍ അവസാനിപ്പിക്കുക എന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയും കറുത്ത വര്‍ഗക്കാരുടെ ജീവനും പ്രധാനമാണ് എന്ന ഗാനം ആലപിച്ചും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ഹെലികോപ്ടറുകളില്‍ വ്യോമനിരീക്ഷണവും സായുധ വാഹനങ്ങളില്‍ റോഡുകളിലും പൊലീസ് കര്‍ശന പരിശോധന നടത്തുകയാണ്. വൈകീട്ട് 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ കാരണം കാര്യമായ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലാപം നിയന്ത്രണ വിധേയമാക്കിയതായാണ് സൂചന. മേരിലാന്‍ഡ് സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 1000ത്തോളം പൊലീസുകാരും 2000ത്തിലേറെ നാഷനല്‍ ഗാര്‍ഡ് സേനയുമാണ് നഗരത്തിലിറങ്ങിയത്. ന്യൂജഴ്സി, കൊളംബിയ ജില്ലയില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി.
ചിലര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതൊഴിച്ചാല്‍, കര്‍ഫ്യൂ കാരണം ജനങ്ങളാരും പുറത്തിറങ്ങിയില്ല. കൊള്ളയും ആക്രമണങ്ങളും സംയുക്തസേന വെച്ചുപൊറുപ്പിക്കില്ളെന്ന് ഗവര്‍ണര്‍ ലാറി ഹൊഗാന്‍ പറഞ്ഞു. കര്‍ഫ്യൂ ശക്തമായി നടപ്പാക്കുന്നുണ്ടെന്നും പൊലീസ്, നാഷനല്‍ ഗാര്‍ഡ് സേന നഗരത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കറുത്തവര്‍ഗക്കാരനായ യുവാവ് ഫ്രെഡി ഗ്രേ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് നിരവധി വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ബാള്‍ട്ടിമോറില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 19 കെട്ടിടങ്ങള്‍ക്ക് തീവെച്ചു. മൊത്തം 6,20,000 ജനങ്ങളുള്ള ബാള്‍ട്ടിമോറില്‍ കാല്‍ഭാഗവും ദാരിദ്ര്യരേഖക്ക് താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.