അരുവിക്കരയിൽ ജോർജിന്റെ സ്ഥാനാർത്ഥി നിർണയം സോഷ്യൽ മീഡിയയിലൂടെ

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താകുകയും കേരള കോൺഗ്രസ് എമ്മിന്റെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്ത പി.സി. ജോർജ് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തറപറ്റിക്കാൻ രംഗത്ത്. ആന്റി കറപ്ഷൻ ഡെമോക്രാറ്റിക് ഫ്രണ്ട് (എ.സി.ഡി.എഫ്) എന്ന സ്വതന്ത്ര സംഘടനയുടെ പേരിൽ സ്ഥാനാർത്ഥിയെ നിറുത്തി യു.ഡി.എഫിനെ വെല്ലുവിളിക്കാനാണ് നീക്കം. സ്ഥാനാർത്ഥിയെ നിറുത്തുന്നതിനെക്കുറിച്ചും അതിനുവേണ്ടിയുള്ള കമ്മിറ്റി രൂപീകരണത്തിനുമായി ഇന്ന് തിരുവനന്തപുരത്ത് പ്രസ് ക്ളബിൽ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. അതിനുശേഷമാകും സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എ.സി. ഡി.എഫിന്റെ ചെയർമാൻ കൂടിയാണ് ജോർജ്.
അരുവിക്കരയിൽ ജോർജിന്റെ പിന്തുണയോടെ സ്ഥാനാർത്ഥി എത്തുന്നത് യു.ഡി.എഫിന് തലവേദനയാകും. വി.എസ്.ഡി.പി അടക്കമുള്ള സംഘടനകളുടെ പിന്തുണ ജോർജിനുണ്ട്. സോഷ്യൽ മീഡിയയിലൂടെയാകും സ്ഥാനാർത്ഥിയെ കണ്ടെത്തുക. അരുവിക്കര മണ്ഡലത്തിലുൾപ്പെട്ട താൽപര്യമുള്ളവർക്ക് ബയോഡാറ്റ സമർപ്പിക്കാം. ഇത് പരിശോധിച്ചശേഷം സോഷ്യൽ മീഡിയയിൽ അടക്കം പ്രസിദ്ധപ്പെടുത്തും. അതിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി മാനിച്ചാകും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുവേണ്ടിയാണ് ഈ രീതി. ഇത്തരത്തിൽ യു.ഡി.എഫിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ജോർജിന്റെ ലക്ഷ്യം.
യു.ഡി.എഫിനുവേണ്ടി അരുവിക്കരയിൽ ജോർജ് പ്രചാരണത്തിനിറങ്ങില്ല. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തശേഷം അങ്ങനെ ആവശ്യപ്പെടാൻ പാർട്ടിക്കും യു.ഡി.എഫിനും എന്തവകാശമെന്നാണ് ജോർജ് ചോദിക്കുന്നത്. മാത്രമല്ല, നിയമസഭയ്ക്കകത്തുമാത്രമല്ലേ വിപ്പ് ബാധകമാകൂ എന്നും ജോർജ് ചോദിക്കുന്നു. എ.സി.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി ജോർജ് പ്രചാരണം നടത്തും. യു.ഡി.എഫിനകത്തുനിന്നുകൊണ്ട് യു.‌ഡി.എഫിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഭരണമുന്നണിക്ക് വലിയ തലവേദനയാകും.
ഏതുവിധേനെയും കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയാണ് ജോർജിന്റെ ലക്ഷ്യം. അങ്ങനെ പുറത്താക്കിയാൽ പഴയ സെക്യുലർ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് തടസ്സമില്ല. അല്ലാതെയാണെങ്കിൽ കൂറുമാറ്റത്തിൽപെട്ട് എം.എൽ.എ സ്ഥാനം നഷ്ടമാകും. എന്നാൽ, പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻ‌ഡ് ചെയ്തതല്ലാതെ പുറത്താക്കാൻ മാണി ഗ്രൂപ്പ് തയാറല്ല. അങ്ങനെ യു.ഡി.എഫിലാണെങ്കിലും കെ.എം. മാണിക്കും മുഖ്യമന്ത്രിക്കുമൊക്കെ എതിരെ രൂക്ഷമായ വിമർശനമാണ് ജോർജ് ഇപ്പോൾ നടത്തുന്നത്. അതിന്റെ ഭാഗമാണ് അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിറുത്താനുള്ള നീക്കവും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.