Home Uncategorized ഫീമെയിൽ ബരാക്ക് ഒബാമ

ഫീമെയിൽ ബരാക്ക് ഒബാമ

2 second read
0
0
115

 

ജിന്‍സ്‌മോന്‍ സക്കറിയ:

ആയിരക്കണക്കിനു മൈലുകള്‍ താണ്ടി 1958ല്‍ ആണു മദ്രാസുകാരി ശ്യാമള ഗോപാലന്‍ കലിഫോര്‍ണിയയിലെ ബെര്‍ക്കിലിയില്‍ എത്തുന്നത്‌. അതും എന്‍ഡോക്രൈനോളജിയില്‍ ഗവേഷണം നടത്താന്‍. ഇന്നത്തെപ്പോലെയല്ല. ഒരു പത്തൊമ്പതുകാരി കുടുംബത്തെ വിട്ട്‌ അമേരിക്കയിലെത്തുന്നത്‌ അന്നു ചില്ലറക്കാര്യമല്ല. അതും പഠനത്തിനായി. ശ്യാമളയ്‌ക്കാകട്ടെ ഇന്ത്യക്കു പുറത്ത്‌ ഒരു പരിചയവുമില്ല. കലിഫോര്‍ണിയയില്‍ എത്തിയ അവള്‍ താമസിക്കാനൊരിടം കണ്ടെത്തിയത്‌ കറുത്തവര്‍ഗക്കാരുടെ കോളനിയില്‍. അവര്‍ അവളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അവിടെ തുടങ്ങുന്നു ശ്യാമള ഗോപാലന്റെ മനുഷ്യാവകാശ പ്രവര്‍ത്തകയിലേക്കുള്ള ചുവടുവയ്‌പ്‌.
മനുഷ്യാവകാശ പോരാട്ടങ്ങളുടെ തീച്ചൂളയില്‍ സ്വയം തിളച്ചുമറിയുമ്പോഴാണ്‌ അവരിലൊരാളായ ജമൈക്കന്‍ ഇക്കോണമിക്‌സ്‌ വിദ്യാര്‍ഥി ഡോണള്‍ഡ്‌ ഹാരിസിനെ ശ്യാമള പരിചയപ്പെടുന്നത്‌. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു പെണ്‍മക്കള്‍. മായയും കമലയും. ആ കമലയാണ്‌ ഇന്നിപ്പോള്‍ യു.എസ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി കമലാ ഹാരിസ്‌.
കഴിഞ്ഞ വര്‍ഷം `ദ്‌ ട്രൂത്ത്‌സ്‌ വി ഹോള്‍ഡ്‌` എന്ന ആത്മകഥയില്‍ കമല കുറിച്ചു: സ്വന്തക്കാരായി ആരുമില്ലാത്ത രാജ്യത്ത്‌ അമ്മയ്‌ക്ക്‌ എല്ലാം കറുത്തവര്‍ഗക്കാരായിരുന്നു. അവരായിരുന്നു അമ്മയുടെ കുടുംബം. അമ്മ അവരുടേതും. രണ്ടു പെണ്‍മക്കളെയും ചുറ്റുപാടുമുള്ളവര്‍ കറുത്തവര്‍ഗക്കാരായിതന്നെ കണ്ടപ്പോഴും ആ അമ്മ ഇടനെഞ്ചില്‍ സൂക്ഷിച്ചിരുന്നു. അവര്‍ കറുത്തവര്‍ഗക്കാരല്ല, ഇന്ത്യക്കാരാണെന്ന്‌.
ഇന്നിപ്പോള്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ എന്തെങ്കിലുമൊക്കെ ആകുന്നെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കമല കൊടുക്കുന്നത്‌ അമ്മ ശ്യാമളയ്‌ക്കാണ്‌. പിന്നെ അമ്മയുടെ അച്‌ഛന്‍ പി.വി. ഗോപാലനും. രാഷ്‌ട്രീയത്തില്‍ പദമൂന്നാന്‍ നിര്‍ബന്ധിച്ചത്‌ അമ്മയെങ്കില്‍ ആ അമ്മയെ പണ്ടേയ്‌ക്കു പണ്ട്‌ അമേരിക്കയിലേക്കു പറിച്ചുനട്ടത്‌ മുത്തച്‌ഛന്‍ ഗോപാലന്റെ മനോവീര്യമായിരുന്നു. അമ്മയുടെയും മുത്തച്‌ഛന്റെയും പോരാട്ടവീര്യവും കര്‍മോത്സുകതയും കമലയില്‍ ഒന്നിച്ചു. അതാണ്‌ കമലയെക്കുറിച്ചു സഹോദരി മായ ട്വീറ്റ്‌ ചെയ്‌്‌തത്‌: `കമലയെ അറിയണമെങ്കില്‍ അമ്മയെ അറിയണം…
ചെന്നെയിലുള്ള സരള ഗോപാലന്‍ മരുമകള്‍ ഡെമോക്രാറ്റിക്‌ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായെന്ന വാര്‍ത്ത കേട്ട്‌ ഉണര്‍ന്ന അന്നുമുതല്‍ സരളയ്‌ക്ക്‌ ഉറക്കംവന്നില്ല. അത്രയ്‌ക്കായിരുന്നു ആ വീട്ടിലെ സന്തോഷം. പക്ഷേ, സരളയുടെ ഭര്‍ത്താവ്‌ ബാലചന്ദ്രന്‌ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം, ബാലചന്ദ്രന്‌ അമേരിക്കന്‍ രാഷ്‌ട്രീയത്തെക്കുറിച്ചു നല്ല ധാരണയുണ്ട്‌. പോരാത്തതിന്‌ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ മുന്‍ ഡോക്‌ടറേറ്റുകാരന്‍. ദ്‌ ഹിന്ദു പത്രത്തിന്റെ പതിവു നിരൂപകന്‍.
പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ ഒരു വനിതാ സ്‌ഥാനാര്‍ഥിയെ പരിഗണിക്കുന്നു എന്നു കേട്ടപ്പോഴേ ബാലചന്ദ്രന്‍ ഉറപ്പിച്ചു: അത്‌ എന്റെ സഹോദരീപുത്രി തന്നെ. കലിഫോര്‍ണിയ സെനറ്ററും മുന്‍ അറ്റോര്‍ണി ജനറലുമാണ്‌ അവള്‍…. ആ പ്രതീക്ഷ തെറ്റിയില്ല. കൂടെപ്പിറപ്പായ ശ്യാമളയുടെ മകള്‍ കമലാ ഹാരിസ്‌ ഡെമോക്രാറ്റിക്‌ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി. കമലയെക്കുറിച്ചുള്ള ചോദ്യത്തിന്‌ ബാലചന്ദ്രന്‍ തമാശയില്‍ തട്ടി: ഇന്ത്യക്കാര്‍ അവളെ വിളിച്ചിരുന്നത്‌ `ഫീമെയില്‍ ബരാക്‌ ഒബാമ` എന്നാണ്‌. ഇനി അതു `മെയില്‍ കമലാ ഹാരിസ്‌` എന്നു മാറ്റട്ടെ.
ഇനി പറഞ്ഞുവരുന്നത്‌ കമലയുടെ അമ്മയുടെ അച്‌ഛന്‍ പി.വി. ഗോപാലനെക്കുറിച്ച്‌. അച്‌ഛനെക്കുറിച്ച്‌ ബാലചന്ദ്രന്‍ തന്നെ സി.എന്‍.എന്നിനോടു പറഞ്ഞു: ഇന്ത്യ- പാകിസ്‌താന്‍ വിഭജനകാലം. അന്ന്‌ കിഴക്കന്‍ പാകിസ്‌താനില്‍നിന്ന്‌ (ഇന്ന്‌ ബംഗ്ലാദേശ്‌) ഇന്ത്യയിലേക്ക്‌ അഭയാര്‍ഥികളുടെ പ്രവാഹമായിരുന്നു. ഇന്ത്യ അവര്‍ക്കു വാതില്‍ തുറന്നിട്ടപ്പോള്‍ രണ്ടുകൈയും നീട്ടി അവരെ രാജ്യത്തേക്കു കൊണ്ടുവന്നത്‌ അന്ന്‌ നയതന്ത്ര പ്രതിനിധിയായിരുന്ന പി.വി. ഗോപാലനാണ്‌. മനുഷ്യത്വത്തിനും കാരുണ്യത്തിനും വലിയ വിലകല്‍പ്പിച്ച ആള്‍രൂപം. പില്‍ക്കാലത്ത്‌ മകള്‍ ശ്യാമളയെയും ചെറുമകള്‍ കമലയെയും അവരാക്കിയത്‌ പി.വി. ഗോപാലന്‍ എന്ന ആ മനുഷ്യസ്‌നേഹിയായിരുന്നു.
കമലയും സഹോദരിയുമൊക്കെ ഇടയ്‌ക്ക്‌ ചില ഉപദേശങ്ങള്‍ തേടി മുത്തച്‌ഛനെ സമീപിക്കും. അപ്പോള്‍ അദ്ദേഹം പറയും. `ഞാന്‍ നിനക്ക്‌ നല്ലൊരു ഉപദേശം തരാം. പക്ഷേ, എന്നാലും നീ ഇഷ്‌ടപ്പെടുന്നതേ ചെയ്യാവൂ. കാരണം, നീ കരുതുന്നതാണ്‌ നിന്റെ ശരി.`…
2009-ല്‍ ഇന്ത്യ എബ്രോഡ്‌ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മുത്തച്‌ഛനുമൊത്ത്‌ ചെന്നൈ കടപ്പുറത്തുകൂടി നടക്കുന്ന ബാല്യകാല ഓര്‍മകള്‍ കമലാ ഹാരിസ്‌ പങ്കുവച്ചു. അന്നു കൂടെയുള്ള വിരമിച്ച സുഹൃത്തുക്കളെ കടപ്പുറത്തുവച്ചാണ്‌ മുത്തച്‌ഛന്‍ ദിവസവും കാണുന്നത്‌. പിന്നെ, അവരുമായി രാഷ്‌ട്രീയം പറഞ്ഞുതുടങ്ങും.
അഴിമതിയെ എങ്ങനെ നേരിടാമെന്നൊക്കെയാവും ചിലപ്പോള്‍ ചര്‍ച്ച. ഇടയ്‌ക്കിടെ പൊട്ടിച്ചിരിയും ബഹളവുമൊക്കെ കേള്‍ക്കാം. രാഷ്‌ട്രീയത്തില്‍ ഏറെ ചെയ്യാനുണ്ടെന്ന ബാലപാഠം കമലയ്‌ക്കു കിട്ടിയത്‌ ചെന്നൈ കടപ്പുറത്തെ ആ കൂടിച്ചേരലുകളിലായിരുന്നു.

 

Load More Related Articles
Load More By GinsJaiHind
Load More In Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…