Home Environment നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

0 second read
0
0
585

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവര്‍ത്തകനായിരുന്ന ജോണ്‍ ലൂയിസ്‌ പാവങ്ങളുടെ നിയമ പരിരക്ഷയ്‌ക്കായി പോരാടിയ ഒരു അഭിഭാഷകനായിരുന്നു. ജോര്‍ജിയയില്‍ നിന്നുള്ള അമേരിക്കന്‍ പ്രതിനിധിസഭാംഗമായിരുന്ന അദ്ദേഹം ജൂലൈ 17 -ന്‌ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം മരണത്തിന്‌ ഏതാനും ദിവസം മുമ്പ്‌, സ്വന്തം ശവമടക്കിന്റെ അന്ന്‌ പ്രസിദ്ധപ്പെടുത്താനായി എഴുതിവെച്ചിരുന്നതാണ്‌ ലേഖനം ഇന്ന്‌ ലോകശ്രദ്ധനേടുകയാണ്‌.
ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധപ്പെടുത്തിയ പ്രസ്‌തുത ലേഖനത്തിന്റെ മലയാളപരിഭാഷ.
`ഈ ഭൂമിയിലെ എന്റെ ദിനങ്ങള്‍ അവസാനിക്കുകയായി. എന്റെ അവസാനദിവസങ്ങളില്‍, മണിക്കൂറുകളില്‍. ‘നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു’ എന്ന്‌ പറയാതെ പോവാന്‍ പറ്റുന്നില്ല. സ്വന്തം അധികാരം തിരിച്ചറിഞ്ഞ്‌, അതിനെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രയോജനപ്പെടുത്തി, നമ്മുടെ മഹത്തായ അമേരിക്കന്‍ ചരിത്രത്തില്‍ ഒരു പുത്തന്‍ അധ്യായം തന്നെ എഴുതിച്ചേര്‍ക്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചു. സഹജീവികളോടുള്ള സ്‌നേഹം, അതൊന്നുമാത്രം ഉള്ളിലുണര്‍ന്ന പതിനായിരങ്ങള്‍, ഭേദഭാവങ്ങള്‍ മറന്ന്‌ നിങ്ങളുടെ തോളോട്‌ തോള്‍ ചേര്‍ന്ന്‌ അണിനിരന്നു. അമേരിക്കയില്‍ ഉടനീളവും, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിങ്ങള്‍ ജാതി,വര്‍ഗ,മത, പ്രായ,ഭാഷാ, ദേശ വ്യത്യാസങ്ങള്‍ മറികടന്നുകൊണ്ട്‌, ‘മനുഷ്യന്റ അന്തസ്സ്‌ നിലനിര്‍ത്തണം’ എന്ന പ്രാഥമികമായ ആവശ്യം മാത്രം മുന്നോട്ടു വെച്ചു.
അതുകൊണ്ടാണ്‌ ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേന്നും ‘ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റര്‍’ പ്രതിഷേധം നടക്കുന്ന വേദി സന്ദര്‍ശിച്ചത്‌. വര്‍ഷങ്ങളോളം നിശബ്ദനായി കയ്യും കെട്ടി ഇതൊക്കെ കണ്ടുനിന്നവനാണ്‌ ഞാന്‍. ‘മരിക്കും മുമ്പ്‌ ഒരിക്കലെങ്കിലും നേരിട്ട്‌ അതിന്റെ ഭാഗമാകണം, ആ ഊര്‍ജവും ആവേശവും നേരില്‍ അനുഭവിച്ചറിയണം’ എന്നെനിക്കുണ്ടായിരുന്നു. അത്‌ സാധിച്ചുകിട്ടി. ആ മുന്നേറ്റം ഇന്നും അതിന്റെ യാത്ര തുടരുക തന്നെയാണ്‌.
‘എമ്മെറ്റ്‌ റ്റില്‍, സാന്ദ്രാ ബ്ലാന്‍ഡ്‌, ബ്രിയോന ടെയ്‌ലര്‍, ജോര്‍ജ്‌ ഫ്‌ലോയ്‌ഡ്‌, റൈഷാര്‍ഡ്‌ ബ്രൂക്ക്‌സ്‌’
എമ്മെറ്റ്‌ റ്റില്‍ ആയിരുന്നു എന്റെ ജോര്‍ജ്‌ ഫ്‌ലോയ്‌ഡ്‌. അവനായിരുന്നു എന്റെ റൈഷാര്‍ഡ്‌ ബ്രൂക്ക്‌സ്‌, സാന്ദ്രാ ബ്ലാന്‍ഡ്‌, ബ്രിയോന ടെയ്‌ലര്‍. വെറും പതിനാലു വയസ്സുള്ളപ്പോഴാണ്‌ അവന്‍ കൊല്ലപ്പെട്ടത്‌. എനിക്കന്ന്‌ പതിനഞ്ചുവയസ്സ്‌ പ്രായം. അവന്റെ സ്ഥാനത്ത്‌ ഞാന്‍ ആകാമായിരുന്നു എന്നെനിക്ക്‌ ബോധ്യം വന്ന ആ നിമിഷം ഞാനൊരിക്കലും മറക്കില്ല. അന്നൊക്കെ, സദാ ‘ഭയമെന്ന കാണാത്തുറുങ്കില്‍’ തടവില്‍ കഴിയുന്നവരായിരുന്നു ഞങ്ങള്‍. വിശേഷിച്ചൊരു കാരണവും കൂടാതെ കൊടിയ ക്രൂരതകള്‍ ഞങ്ങളോട്‌ പ്രവര്‍ത്തിക്കപ്പെട്ടേക്കാം എന്ന ഭീതിയായിരുന്നു ആ തുറുങ്കിന്റെ ഇരുമ്പഴികള്‍.
ഞാന്‍ ഭാഗ്യവാനായിരുന്നു. എനിക്ക്‌ സ്‌നേഹമയരായ അച്ഛനമ്മമാരുണ്ടായിരുന്നു. എമ്പാടും സഹോദരങ്ങളും. വലിയൊരു കൂട്ടുകുടുംബം തന്നെയുണ്ടായിരുന്നു എന്നെ ചേര്‍ത്ത്‌ പിടിച്ചുകൊണ്ട്‌ എന്റെ ചുറ്റിനും. എന്നാല്‍, ആ കുടുംബത്തിന്റെ പരിധിക്ക്‌ പുറത്തേക്ക്‌ കാലെടുത്തുവെക്കുന്ന നിമിഷം അവിടെ എന്നെകാത്തിരിക്കുന്ന അവിശുദ്ധക്രൗര്യങ്ങളില്‍ നിന്ന്‌ എന്നെ സംരക്ഷിച്ചു നിര്‍ത്താന്‍ ആ സ്‌നേഹത്തിന്‌ ആകുമായിരുന്നില്ല. നിങ്ങള്‍ ഒരു ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റോറിലേക്ക്‌ ഒരു പന്തുവാങ്ങാന്‍ വേണ്ടി നടന്നു പോവുകയാണെന്നിരിക്കട്ടെ, അല്ലെങ്കില്‍ ആളൊഴിഞ്ഞ ഒരു തെരുവിലൂടെ പ്രഭാത നടത്തത്തിന്‌ പോവുകയാണ്‌ എന്ന്‌ കരുതുക. ആ ലളിതമായ പ്രവൃത്തി ഒരൊറ്റ നിമിഷം കൊണ്ട്‌ നിങ്ങള്‍ക്കൊരിക്കലും മറക്കാനാവാത്ത മുറിവുകള്‍ നല്‍കുന്ന ഒരു പീഡനമായി മാറാം.
അവിചാരിതമായി, അപ്രതീക്ഷിതമായി അളവറ്റ അക്രമങ്ങള്‍, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെത്തന്നെ നിങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടേക്കാം. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഇനിയങ്ങോട്ടും ഐക്യപ്പെട്ടുതന്നെ നില്‍ക്കണം എന്നുണ്ടെങ്കില്‍, നമ്മുടെ ഹൃദയത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ആ വികാരമെന്തെന്ന്‌ തിരിച്ചറിയണം. സൗത്ത്‌ കരോലിനയിലെ മദര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലെ ഏറ്റവും നല്ല കുഞ്ഞാടുകളെ ഇല്ലാതാക്കിയത്‌ എന്തെന്നറിയണം, ലാസ്‌ വെഗാസില്‍ പ്രാര്‍ത്ഥനയ്‌ക്കായി പുറപ്പെട്ടവരെ വെടിവെച്ചുകൊന്നത്‌ എന്തുവികാരത്തിന്റെ പുറത്താണ്‌ എന്നറിയണം, എലിജാ മാക്കെയിനിനെപ്പോലുള്ള അനുഗൃഹീത വയലിനിസ്റ്റുകള്‍ പോലും ശ്വാസംമുട്ടിച്ചു കൊല്ലപ്പെടുത്തപ്പെട്ടത്‌ എന്തിനെന്നറിയണം.
ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ എന്താണ്‌ ഒരു പോംവഴി എന്നറിയാതെ വീര്‍പ്പുമുട്ടുന്നതിനിടെയാണ്‌ ഞാനൊരു പഴഞ്ചന്‍ റേഡിയോയില്‍ നിന്ന്‌ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ശബ്ദം പുറപ്പെടുന്നത്‌ കേട്ടത്‌. അദ്ദേഹം സംസാരിച്ചത്‌ അഹിംസയുടെ തത്വസംഹിതകളെക്കുറിച്ചും, രീതിശാസ്‌ത്രങ്ങളെക്കുറിച്ചുമാണ്‌. ‘നമ്മള്‍ അനീതി വകവെച്ചു കൊടുക്കുന്നുണ്ടെങ്കില്‍, അതില്‍ ഒരുപരിധിവരെ നമ്മളും പങ്കാളികളാണ്‌’ എന്നാണ്‌ അദ്ദേഹം അടിവരയിട്ടു പറഞ്ഞത്‌. കാലം എല്ലാം നേരെയാക്കും എന്നും പറഞ്ഞ്‌ നോക്കിയിരുന്നിട്ട്‌ കാര്യമില്ല എന്ന്‌ അദ്ദേഹം നമ്മളെ ഓര്‍മിപ്പിച്ചു. നമ്മളില്‍ ഓരോരുത്തര്‍ക്കും എഴുന്നേറ്റ്‌ നട്ടെല്ല്‌ നിവര്‍ത്തി നിന്ന്‌ നമ്മുടെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ബാധ്യസ്ഥതയുണ്ട്‌ എന്നദ്ദേഹം പറഞ്ഞു. അനീതി കണ്ടാല്‍, ഉടനടി മറ്റൊന്നും നോക്കാതെ പ്രതികരിച്ചിരിക്കണം എന്നദ്ദേഹം പറഞ്ഞു. അതില്ലാതാക്കാന്‍ നിങ്ങളാല്‍ സാധ്യമായ എന്തെങ്കിലുമൊക്കെ ചെയ്യണം. ജനാധിപത്യം ഒരു അവസ്ഥയുടെ പേരല്ല. അത്‌ ഒരു നിരന്തരപ്രവൃത്തിയാണ്‌. ഒരു സമുദായമോ, രാജ്യമോ, ലോക സമൂഹമോ ഒക്കെ ശാന്തിയില്‍ പുലരണം എങ്കില്‍ ഓരോ തലമുറയും അതിനുവേണ്ടി പ്രയത്‌നിക്കണം.
അമേരിക്കയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാവിനെ തിരിച്ചു പിടിക്കാന്‍ ഒരേയൊരു മാര്‍ഗമേ ഇനി അവശേഷിക്കുന്നുള്ളൂ. നമ്മള്‍, സാമാന്യജനങ്ങള്‍ അസാമാന്യമായ ഉള്‍ക്കാഴ്‌ചയോടെ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടണം. അത്തരം സംഘര്‍ഷങ്ങളെ ഞാന്‍ വിളിക്കുക, ‘സുസംഘര്‍ഷങ്ങള്‍’ എന്നാണ്‌. നന്മയുള്ള പോരാട്ടങ്ങള്‍. അത്യന്താപേക്ഷിതമായ സമരങ്ങള്‍. വോട്ടുചെയ്യുക, ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുക, ഇതൊക്കെയും അവശ്യം ആവശ്യമുള്ള സംഗതികള്‍ തന്നെ. ഒരു ജനാധിപത്യസമൂഹത്തില്‍ അക്രമത്തെ ആശ്ലേഷിക്കാന്‍ മടിക്കുന്ന നിങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധവും ബാലറ്റ്‌ പേപ്പര്‍ തന്നെ. അത്‌ പ്രയോജനപ്പെടുത്തണം. ഇന്ന്‌ നമ്മള്‍ അത്‌ പ്രയോജനപ്പെടുത്താന്‍ മടിച്ചാല്‍, നാളെ അത്‌ നഷ്ടപ്പെടാനും മതി. നമുക്ക്‌ ഇന്നുള്ള സമ്മതിദാനാവകാശം ഒരുകാലത്ത്‌ ഇല്ലാതിരുന്നതാണ്‌, ഇതികര്‍ത്തവ്യതാമൂഢരായി നാം മിഴിച്ചുനിന്നാല്‍ നാളെ ഇനിയും അത്‌ നഷ്ടമാകാനും മതി.
മനുഷ്യരാശി ഇവ്വിധമുള്ള കടുത്ത മനോസംഘര്‍ഷങ്ങളില്‍, നിലനില്‌പിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിട്ട്‌ നൂറ്റാണ്ടുകള്‍ ഏറെയായി. അതുകൊണ്ട്‌ ആ യാതനകളുടെ, അവയ്‌ക്കെതിരായ സംഘര്‍ഷങ്ങളുടെ സമരചരിത്രവും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. നിങ്ങള്‍ക്ക്‌ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ, ഏതാണ്ടെല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള നിരവധി പേര്‍ ഇന്ന്‌ നിങ്ങള്‍ നില്‍ക്കുന്ന നിര്‍ണായകസന്ധിയില്‍ വന്നു നിന്നിട്ടുണ്ട്‌. സത്യം സ്ഥായിയാണ്‌. അത്‌ ഏറെയൊന്നും മാറുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ പണ്ടേക്കുപണ്ടേ ഈ പ്രശ്‌നത്തിന്‌ കണ്ടെത്തിയ പരിഹാരമാര്‍ഗങ്ങള്‍ തന്നെ അവലംബിച്ചാല്‍ മതി, ഇന്നും ഈ പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാന്‍. മറ്റുള്ളവരെ ചൂഷണം ചെയ്‌തും ലാഭമുണ്ടാക്കാനുള്ള ആന്തരിക ത്വരക്ക്‌ കടിഞ്ഞാണിടേണ്ടതുണ്ട്‌. ആഗോള തലത്തില്‍ തന്നെ നമ്മുടെ മുന്നേറ്റങ്ങള്‍ ഏകോപിതമാവേണ്ടതുണ്ട്‌.
ഞാന്‍ ഇന്ന്‌ നിങ്ങളോടൊപ്പം ഇല്ലായിരിക്കാം. എങ്കിലും, നിങ്ങളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌. സ്വന്തം ഹൃദയത്തിന്റെ വിളി നിങ്ങള്‍ ഉടനടി കേള്‍ക്കണം, നിങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്‌ത്രങ്ങള്‍ക്കായി പോരാടണം…! പരസ്‌പരസ്‌നേഹത്തിന്റെ, അഹിംസയുടെ, സമാധാനത്തിന്റെ മാര്‍ഗമാണ്‌ ശരി എന്ന്‌ തെളിയിക്കാന്‍, ആ തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എന്റെ ജീവിതകാലത്ത്‌ ആവത്‌ പ്രവര്‍ത്തിച്ചിട്ടുള്ള ഒരുവനാണ്‌ ഞാന്‍. സ്വാതന്ത്ര്യഭേരി മുഴക്കാനുള്ള നിങ്ങളുടെ ഊഴമാണിനി.
ചരിത്രകാരന്മാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരിണാമഗതി എഴുതിവെച്ചതിനു വേണ്ടി തൂലിക ചലിപ്പിക്കുമ്പോള്‍, ഇവിടെ സമാധാനം പുലരാന്‍ വേണ്ടി, അക്രമവും യുദ്ധവും ഇല്ലാതാവാന്‍ വേണ്ടി വെറുപ്പിന്റെ മാറാപ്പുകള്‍ അഴിച്ചുവെച്ച്‌ പോരാടിയവര്‍ നമ്മുടെ തലമുറക്കാരാണ്‌ എന്ന്‌ അവരെഴുതിവെക്കണം. നിങ്ങളെന്റെ വാക്കുകള്‍ കേള്‍ക്കണം, കാറ്റിനൊപ്പം നടക്കണം സോദരീസോദരന്മാരെ..! ആ യാത്രയില്‍ ശാന്തിയുടെ ചൈതന്യവും, നിതാന്തസ്‌നേഹത്തിന്റെ ശക്തിയും നിങ്ങള്‍ക്ക്‌ മാര്‍ഗ്ഗദീപം തെളിക്കട്ടെ.

Load More Related Articles
Load More By GinsJaiHind
Load More In Environment

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഗോളതാപനത്തില്‍നിന്ന്‌ ലോകാവസാന നിലവറയും സുരക്ഷിതമല്ലെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: ഏതാനും ഗവേഷകരുടെ വിദൂര സങ്കല്‍പ്പത്തില്‍ നിന്ന്‌ യാഥാര്‍ഥ്യമായി മാറിയ ലോകാവസ…