Home India ട്രംപിന്റെ ‘മെറിറ്റ്‌ ബേസ്‌ഡ്‌’ ഇമിഗ്രേഷന്‍ പദ്ധതിയും എച്ച്‌-1 ബി വിസയും

ട്രംപിന്റെ ‘മെറിറ്റ്‌ ബേസ്‌ഡ്‌’ ഇമിഗ്രേഷന്‍ പദ്ധതിയും എച്ച്‌-1 ബി വിസയും

8 second read
0
0
398

കുടിയേറ്റത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ലക്ഷ്യമിടുന്നത്‌. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി കുടിയേറ്റം സംബന്ധിച്ചു ട്രംപ്‌ ഒരു സുപ്രധാന നടപടികൂടി സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ഈ നീക്കത്തെ ‘മെറിറ്റ്‌ ബേസ്‌ഡ്‌’ എന്നാകും അദ്ദേഹം വിശേഷിപ്പിക്കുക. എന്നാല്‍, നല്ല കഴിവും വൈദഗ്‌ധ്യവുമുള്ള വിദേശ പൗരന്‍മാരെ നിയമിക്കാന്‍ കമ്പനികള്‍ക്കു നല്‍കുന്ന അനുവാദം പരിമിതപ്പെടുത്തുന്നതാകും ഈ ഉത്തരവ്‌.
നിയമത്തിന്റെ പിന്‍ബലമില്ലാതെ, കുടിയേറ്റം മുതല്‍ ആരംഭിക്കുന്ന പുതിയ ഫെഡറല്‍ നയങ്ങള്‍ നടപ്പാക്കാനാണ്‌ പ്രസിഡന്റ്‌ ട്രംപും ഉന്നത വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന്‌ ആക്‌സിയോസ്‌ വിലയിരുത്തുന്നു. കുടിയേറ്റത്തില്‍ സുപ്രധാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഈ ഉത്തരവ്‌ കോണ്‍ഗ്രസില്‍ പാസാകില്ല. എന്നാല്‍ ട്രംപും ജാര്‍ഡ്‌ കുഷ്‌നറും ഉപദേശകന്‍ സ്റ്റീഫന്‍ മില്ലറും ഇതു നടപ്പാക്കുമെന്ന വാശിയിലാണ്‌. സുപ്രീം കോടതിയുടെ കഴിഞ്ഞ മാസത്തെ 5-4 ഡിഎസിഎ (ഡിഫേര്‍ഡ്‌ ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്‌ഹുഡ്‌ അറൈവല്‍സ്‌) വിധി പ്രസിഡന്റുമാര്‍ക്ക്‌ നിയമം ലംഘിക്കാന്‍ സഹായകമാകുമെന്ന്‌ ബുഷ്‌ അഡ്‌മിനിസ്‌ട്രേഷന്‍ മുന്‍ അറ്റോര്‍ണി ജോണ്‍ യൂ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഇതും ട്രംപനെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ ആക്‌സിയോസ്‌ പറയുന്നത്‌.
നിരവധി കാര്യങ്ങളില്‍ പുതിയ എക്‌സിക്യൂട്ടീവ്‌ ഉത്തരവുകള്‍ ട്രംപ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. സുപ്രീംകോടതി തീരുമാനത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തില്‍ നിയമ പണ്ഡിതന്മാര്‍ക്കു വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്‌. ഇത്‌ നിയന്ത്രിതമാണെന്നും എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചിന്റെ അധികാരം വിപുലപ്പെടുത്തിയിട്ടുമില്ലെന്നാണ്‌ അവര്‍ വാദിക്കുന്നത്‌.
ജൂലൈ പത്തിന്‌ ട്രംപ്‌ നടത്തിയ പ്രസ്‌താവനയാണ്‌ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്‌. ഒരു സുപ്രധാന കുടിയേറ്റ ഉത്തരവില്‍ താന്‍ ഒപ്പിടാന്‍ പോകുകയാണെന്നും ഡിഎസിഎ വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തനിക്ക്‌ അതിനുള്ള അധികാരമുണ്ടെന്നുമാണ്‌ ട്രംപ്‌ പറഞ്ഞത്‌. ബില്ലും എക്‌സിക്യുട്ടീവ്‌ ഉത്തരവും രണ്ടും രണ്ടാണ്‌. ഡിഎസിഎ പുതുക്കലുകള്‍ ജൂലൈ 28-ന്‌ ഭരണകൂടം ഒരു വര്‍ഷത്തേക്ക്‌ പരിമിതപ്പെടുത്തിയിരുന്നു. ഒപ്പം പുതിയ അപേക്ഷകള്‍ പരിഗണിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു.
ഉടന്‍ തന്നെ ഒരു കുടിയേറ്റ നിയമത്തില്‍ ഒപ്പിടുമെന്നും ഇത്‌ മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നുമാണ്‌ ജൂലൈ 14-ന്‌ ട്രംപ്‌ പറഞ്ഞത്‌. ഒരു ‘മെറിറ്റ്‌ ബേസ്‌ഡ്‌’ കുടിയേറ്റ ബില്ല്‌ ഭരണകൂടം തയാറാക്കുകയാണെന്ന്‌ ജൂലൈ 28-ന്‌ അദ്ദേഹം പറഞ്ഞു. അതിനുശേഷവും അദ്ദേഹം സമാനമായ പ്രസ്‌താവനകള്‍ നടത്തി.

കുടിയേറ്റ നയത്തില്‍ ഇത്‌ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌?

ഒന്നാമതായി, വര്‍ഷങ്ങളായി പ്രസിഡന്റും സംഘവും ‘മെറിറ്റ്‌ ബേസ്‌ഡ്‌’ എന്ന പദം കുടിയേറ്റത്തിനു കൂച്ചുവിലങ്ങിടാന്‍ കോഡ്‌ വാക്കായി ഉപയോഗിക്കുന്നുണ്ട്‌. കുടുംബാധിഷ്‌ഠിത കുടിയേറ്റക്കാരെയാണ്‌ ഈ കോഡ്‌ ലക്ഷ്യമിടുന്നത്‌.
രണ്ടാമതായി, പ്രസിഡന്റിന്റെ ഉപദേശകനും മരുമകനുമായ ജാര്‍ഡ്‌ കുഷ്‌നര്‍ ഒരു വര്‍ഷം മുമ്പ്‌ ഒരു ‘മെറിറ്റ്‌ അധിഷ്‌ഠിത’ കുടിയേറ്റ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതു കോണ്‍ഗ്രസില്‍ അവതരിപ്പിച്ചില്ല. ഇരുവശങ്ങളിലെയും വിമര്‍ശകരെ ആകര്‍ഷിച്ച ഈ പദ്ധതിയില്‍ നവംബര്‍ തെരഞ്ഞെടുപ്പിന്‌ മുമ്പായി നീക്കുപോക്കുണ്ടാകാന്‍ സാധ്യതയില്ല. അവതരിപ്പിക്കാന്‍ പോലും ഇടയില്ല. ഏകദേശം നാലു ദശലക്ഷം ആളുകളെ ഇമിഗ്രേഷന്‍ വെയിറ്റിംഗ്‌ ലിസ്റ്റില്‍ നിന്ന്‌ പുറത്താക്കാനുള്ളതാണ്‌ കുഷ്‌നറിന്റെ പദ്ധതി.
ഈ പദ്ധതി നിലവിലെ എല്ലാ കുടുംബ, തൊഴില്‍ അധിഷ്‌ഠിത മുന്‍ഗണനാ വിഭാഗങ്ങളെയും ഇല്ലാതാക്കുകയും പകരം പോയിന്റുകള്‍ നല്‍കുന്ന പുതിയ ‘ബില്‍ഡ്‌ അമേരിക്ക’ വിസകള്‍ പ്രചാരത്തിലാവുകയും ചെയ്യുമെന്ന്‌ 2019 മേയ്‌ 16-ന്‌ നടത്തിയ പ്രസംഗത്തില്‍ ട്രംപ്‌ പറഞ്ഞു.
മൂന്നാമതായി, തെരഞ്ഞെടുപ്പിന്‌ മുമ്പായി ഭരണകൂടം ഒരു മെറിറ്റ്‌ അധിഷ്‌ഠിത പദ്ധതി മുന്നോട്ടുവച്ചാല്‍ സ്‌കില്‍ഡ്‌ വിസ വിഭാഗത്തില്‍പ്പെടുന്നവരെയായിരുക്കും അത്‌ ഏറ്റവും കൂടുതല്‍ ബാധിക്കുക. എച്ച്‌ -1 ബി, എല്‍ -1 വിസകളില്‍ വിദേശ പൗരന്മാരുടെ പ്രവേശനം 2020 ഡിസംബര്‍ 31 വരെ താത്‌കാലികമായി നിര്‍ത്തിവച്ച പ്രസിഡന്റ്‌ 2020 ജൂണ്‍ 22 ന്‌ നടത്തിയ പ്രഖ്യാപനം ഇതിന്റെ സൂചനയാണ്‌.
യുഎസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ (യുഎസ്സിഐഎസ്‌) ‘സ്‌പെഷാലിറ്റി ഒക്കുപ്പേഷന്‍’ എന്നതിന്റെ നിര്‍വചനം പരിമിതപ്പെടുത്തിയതായി ഈ വര്‍ഷംതന്നെ മൂന്നു കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എന്നിരുന്നാലും, 2020 ഓഗസ്റ്റ്‌ മൂന്നിന്‌, വൈറ്റ്‌ ഹൗസ്‌ പുറത്തിറക്കിയ പുതിയ എക്‌സിക്യൂട്ടീവ്‌ ഉത്തരവില്‍ തേഡ്‌ പാര്‍ട്ടി സൈറ്റുകളിലെ എച്ച്‌ -1 ബി വിസ ഉടമകള്‍ക്കെതിരായ നിയന്ത്രണത്തെ കുറിച്ച്‌ പറയുന്നുണ്ട്‌.
സാധ്യമായ മറ്റ്‌ നിയന്ത്രണങ്ങള്‍: എല്‍-1 വിസകളില്‍ നിയന്ത്രണങ്ങള്‍ക്കു സാധ്യതയുണ്ട്‌. ഈ വിഭാഗത്തില്‍ പ്രത്യേക അറിവിന്റെ നിര്‍വചനം പരിഷ്‌ക്കരിക്കാനും തൊഴില്‍, തൊഴിലുടമ-ജീവനക്കാരുടെ ബന്ധം വ്യക്തമാക്കാനും തൊഴിലുടമകള്‍ എല്‍-1 വിസ ഉടമകള്‍ക്ക്‌ ഉചിതമായ വേതനം നല്‍കുന്നുവെന്ന്‌ ഉറപ്പാക്കാനും നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ട്‌. എച്ച്‌ -1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്കു ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കിയേക്കും.
മറ്റു സാധ്യതകള്‍: ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നവര്‍ അമേരിക്കയില്‍ തുടരുന്നത്‌ കൂടുതല്‍ പ്രയാസകരമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കാം. ഇതിനായി ആറു വര്‍ഷത്തിനപ്പുറം എച്ച്‌ -1 ബി പദവി സംബന്ധിച്ച പുനര്‍വ്യാഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഈ നടപടികള്‍ എല്ലാം കോടതിയില്‍ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്‌.

Load More Related Articles
Load More By GinsJaiHind
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…