Home Association കമലയ്‌ക്കൊപ്പം കറുത്തവര്‍ഗക്കാരും ഇന്ത്യന്‍വംശജരും?;

കമലയ്‌ക്കൊപ്പം കറുത്തവര്‍ഗക്കാരും ഇന്ത്യന്‍വംശജരും?;

4 second read
0
0
312

പ്രതീക്ഷയോടെ ജോ ബൈഡന്‍

ന്യൂയോര്‍ക്ക്‌: കമല ഹാരിസ്‌ ചിലപ്പോള്‍ അമേരിക്കയിലെ ആദ്യ ഇന്തോ-അമേരിക്കന്‍ വൈസ്‌ പ്രസിഡന്റായേക്കും. അതവിടെ നില്‍ക്കട്ടെ. എന്തുതന്നെയായാലും ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ നോമിനി ജോ ബൈഡന്‍ തന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ തെരഞ്ഞെടുത്തുകഴിഞ്ഞു.
അമേരിക്കയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്‌ വെള്ളക്കാരിയല്ലാത്താത്ത ഒരു സ്‌ത്രീയെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതുതന്നെ ഒരു വിപ്ലവകരമായ നീക്കമാണ്‌.
അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്‌. യുഎസ്‌ സേനയിലെ ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫായി ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ വേരുകളുള്ള ആദ്യത്തെ വ്യക്തികൂടിയാണ്‌ കമല ഹാരിസ്‌.
ബൈഡന്റെ വൈസ്‌ പ്രസിഡന്റ്‌ പട്ടികയില്‍ ഒരു ഡസനിലധികം വനിതാ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഇതില്‍തന്നെ എലിസബത്ത്‌ വാറനായിരുന്നു ഏറ്റവും ജനപ്രീതി. സൂസന്‍ റൈസ്‌, കാരെന്‍ ബാസ്‌, വാല്‍ ഡെമിംഗ്‌സ്‌, സ്റ്റാസി അബ്രാംസ്‌ എന്നിവര്‍ കൂടാതെ മറ്റു മൂന്ന്‌ വെള്ളക്കാരല്ലാത്ത സ്‌ത്രീകളെങ്കിലും ബൈഡന്റെ ഒപ്പമുണ്ടായിരുന്നെങ്കിലും ഒടുവില്‍ അത്‌ റൈസിലേക്കും ഹാരിസിലേക്കുമായി ചുരുങ്ങുകയായിരുന്നു.
കാലിഫോര്‍ണിയയിലെ ജൂനിയര്‍ സെനറ്ററായ ഹാരിസിനോട്‌ ബൈഡനു താത്‌പര്യം തോന്നാല്‍ കാരണമെന്തെന്നു വ്യക്തമല്ല. എന്നിരുന്നാലും അടുത്തിടെയുണ്ടായ ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റര്‍ പ്രക്ഷോഭത്തിന്‌ ഇതില്‍ ഒരു പ്രധാന പങ്കുണ്ടെന്നാണു കരുതപ്പെടുന്നത്‌. ഈ മുന്നേറ്റം കറുത്ത വിഭാഗക്കാരില്‍നിന്നുള്ള ഡെമോക്രാറ്റിക്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നു വിദഗ്‌ധര്‍ കരുതുന്നു.
ഒരു അഭിമുഖത്തില്‍ കമല ഹാരിസ്‌ പറഞ്ഞു: ഞാന്‍ കറുത്തവര്‍ഗക്കാരിയാണ്‌, കറുത്തവളായതില്‍ അഭിമാനിക്കുന്നു. കറുത്തവളായി ജനിച്ചു, കറുത്തവളായി മരിക്കും.
കഴിഞ്ഞ വര്‍ഷം ഒരു ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ ചര്‍ച്ചയ്‌ക്കിടെ ഡോണള്‍ഡ്‌ ട്രംപിന്റെ മൂത്തമകന്‍ ഡൊണാള്‍ഡ്‌ ജോണ്‍ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു: കമല ഹാരിസ്‌ അമേരിക്കന്‍ കറുത്തവര്‍ഗക്കാരിയല്ല. പകുതി ഇന്ത്യക്കാരിയും പകുതി ജമൈക്കക്കാരിയുമാണ്‌. അമേരിക്കന്‍ കറുത്തവര്‍ക്കാരുടെ (എന്നെപ്പോലുള്ള) ചരിത്രത്തെ ഇത്തരത്തില്‍ കൊള്ളയടിക്കുന്നതില്‍ എനിക്ക്‌ അസ്വസ്ഥതയുണ്ട്‌. ഇത്‌ വളരെ മോശമാണ്‌. ഈ ട്വീറ്റ്‌ അദ്ദേഹം പിന്നീട്‌ പിന്‍വലിച്ചു.
കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയാണ്‌. പിതാവ്‌ ജമൈക്കക്കാരനും. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു വെള്ളക്കാരനായ ഒരു ജൂതനെയാണ്‌ കമല ഹാരിസ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. ഞാന്‍ കറുപ്പാണ്‌, തവിട്ടാണ്‌, വെള്ളയാണ്‌, ഇന്ത്യനാണ്‌, ജൂതയാണ്‌, അമേരിക്കനാണ്‌ എന്നു കമല ഹാരിസ്‌ പറഞ്ഞാല്‍ അത്‌ ഒരു പ്രശ്‌നമാകുമോ? നോക്കാം.
തന്നെ ഏതു തരത്തില്‍ പ്രദര്‍ശിപ്പിക്കണം എന്നുള്ളത്‌ കമല ഹാരിസിന്റെ അവകാശമാണ്‌. അതുപോലെ ആരെ തെരഞ്ഞെടുക്കണമെന്നുള്ളത്‌ വോട്ടര്‍മാരുടെ ചോയ്‌സും. ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റര്‍ മുന്നേത്തോടെ അമേരിക്കയിലെ തീവ്ര വംശീയ വര്‍ഗീയവാദികള്‍ കമല ഹാരിസിന്റെ വോട്ട്‌ ബാങ്ക്‌ ഏറെക്കുറെ അടച്ചുകഴിഞ്ഞു. ഇത്‌ ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കും എന്നാണ്‌ ഇനി പരിശോധിക്കേണ്ടത്‌.
അമേരിക്കയിലെ ഏറ്റവും വലിയ കുടിയേറ്റ വിഭാഗമായ ഇന്ത്യന്‍-അമേരിക്കക്കന്‍ വോട്ടര്‍മാര്‍ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്‌ക്കുന്നവരാണ്‌. എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ ഇവരില്‍ വലിയ ഒരു വിഭാഗം ട്രംപിന്‌ വോട്ട്‌ ചെയ്‌തു. ഹ്യൂസ്റ്റണിലും ഇന്ത്യയിലും നടത്തിയ പരിപാടികളില്‍ ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടുപ്പം വ്യക്തമായിരുന്നു. എന്നാല്‍, കമല ഹാസിസ്‌ തന്റെ ഇന്ത്യന്‍ പശ്ചാത്തലം പലപ്പോഴായി പറഞ്ഞ്‌ ഇന്ത്യക്കാരുടെ വോട്ട്‌ ഉറപ്പിക്കാന്‍ശ്രമിക്കുന്നുണ്ട്‌.
കറുത്ത സമുദായത്തില്‍ വളര്‍ന്നതിനാല്‍ താന്‍ കറുത്തവര്‍ഗക്കാരിയാണെന്ന്‌ ഹാരിസ്‌ ഇതിനകം പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ എന്തുകൊണ്ട്‌ കറുപ്പ്‌ മാത്രം എന്ന ചോദ്യം ചിലപ്പോള്‍ ഉയര്‍ന്നുവന്നേക്കാം. കമല ഹാരിസിന്റെ സഹോദരി മായ ഹാരിസ്‌ അവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച്‌ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
പുരോഗമന ചിന്താഗതിക്കാരനായ തന്റെ മുത്തച്ഛനെകുറിച്ച്‌ ഹാരിസ്‌ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്‌. അമ്മ ഇന്ത്യന്‍ പാരമ്പര്യത്തില്‍ വളരെയധികം അഭിമാനിച്ചിരുന്നു. താനും സഹോദരി മായയും ഇന്ത്യന്‍ സംസ്‌കാരത്തില്‍ അഭിമാനിക്കണമെന്ന്‌ അവര്‍ പഠിപ്പിച്ചു. രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അമ്മയ്‌ക്ക്‌ പുറമേ സ്വാതന്ത്ര്യസമരസേനാനിയായ മുത്തച്ഛന്‍ പി.വി. ഗോപാലന്‍ തന്നെ സ്വാധീനിച്ചിരുന്നു എന്നൊക്കെ കമല ഹാരിസ്‌ പറഞ്ഞിട്ടുണ്ട്‌. കമലഹാരിസിന്റെ ഇന്ത്യന്‍ ബന്ധവും കറുത്തവര്‍ഗക്കാരിയെന്ന ഇമേജും തനിക്ക്‌ അനുകൂലഘടകമാകുമെന്ന പ്രതീക്ഷയിലാണ്‌ ജോ ബൈഡന്‍.

Load More Related Articles
Load More By GinsJaiHind
Load More In Association

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…