Home Kerala ഓണസദ്യ വിഭവങ്ങൾ

ഓണസദ്യ വിഭവങ്ങൾ

0 second read
0
0
207

അവിയല്‍

ആവശ്യമുള്ള ചേരുവകള്‍

1. ഏത്തയ്‌ക്കാ, വെള്ളരിക്കാ, വഴുതിനങ്ങാ, കോവയ്‌ക്കാ, ചേനാ,
ഉരുളക്കിഴങ്ങ്‌, മുരിങ്ങയ്‌ക്കാ ഇവയെല്ലാം കൂടി കനംകുറച്ച്‌ മുറിച്ചത്‌ ഒരുകിലോ
2. മുളകു പൊടി ഒരു ചെറിയ സ്‌പൂണ്‍, മഞ്ഞള്‍പൊടി ഒരു ചെറിയ സ്‌പൂണ്‍
3. പച്ചമുളക്‌ കീറിയത്‌ പതിനാറ്‌ എണ്ണം
4. മാങ്ങാ കഷണങ്ങളാക്കിയത്‌ അകകപ്പ്‌ (പുളിക്കു മാത്രം)
5. തേങ്ങാ ചിരണ്ടിയത്‌ രണ്ടു കപ്പ്‌
6. വെളിച്ചെണ്ണ നാല്‌ കപ്പ്‌
7. കറിവേപ്പില ആവശ്യത്തിന്‌

പാചകം ചെയ്യേണ്ടവിധം

ഒരു പാത്രത്തില്‍ കഷണങ്ങള്‍ ഇട്ട്‌ ആവശ്യത്തിന്‌ വെള്ളവും, ഉപ്പുനീരും, പച്ചമുളക്‌ കീറിയതും ചേര്‍ത്ത്‌ വേവിക്കുക. രണ്ടും, അഞ്ചും ചേരുവകള്‍ മയത്തില്‍ കല്ലില്‍ വെച്ച്‌ അരപ്പു ചേര്‍ത്ത്‌ ഇളക്കുക. മാങ്ങാ കഷണങ്ങള്‍ കൂടി ചേര്‍ത്ത്‌ ഒന്നു കൂടി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച്‌ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട്‌ യോജിപ്പിച്ച്‌ വാങ്ങുക.

സാമ്പാര്‍

ആവശ്യമുള്ള ചേരുവകള്‍

1. പരിപ്പ്‌ ഒരു കപ്പ്‌, മഞ്ഞള്‍ പൊടി ഒരു വലിയ സ്‌പൂണ്‍
2. നല്ലെണ്ണ ഒരു വലിയ സ്‌പൂണ്‍
3. വറ്റല്‍ മുളക്‌ ഒരെണ്ണം, കൊത്തമല്ലി രണ്ടു വലിയ സ്‌പൂണ്‍, ഉലുവ രണ്ടു വലിയ സ്‌പൂണ്‍
4. തേങ്ങാ ചിരണ്ടിയത്‌ അര കപ്പ്‌
5. വാളന്‍ പുളി പിഴിഞ്ഞ വെള്ളം നാലുകപ്പ്‌
6. വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി, രണ്ടു വലിയ സ്‌പൂണ്‍
7. കഷണങ്ങള്‍: കത്തിരിക്ക നാലായി കീറിയത്‌ 50 കഷണം, മുരിങ്ങയ്‌ക്കാ നീളത്തില്‍ മുറിച്ചത്‌ ഇരുപത്തിയഞ്ച്‌ കഷണം, സവാള കഷണമാക്കിയത്‌ ഒരു കപ്പ്‌
8. കുമ്പളങ്ങ മുറിച്ചത്‌ 25 കഷണം, പച്ചമുളക്‌ കീറിയത്‌ പന്ത്രണ്ടെണ്ണം
9. വെളിച്ചെണ്ണ രണ്ട്‌ കഷണം
10. കായം രണ്ടു കഷണം
11. കടുക്‌ കാല്‍ ചെറിയ സ്‌പൂണ്‍, ഉലുവ അല്‌പം, വറ്റല്‍ മുളക്‌ നാല്‌ എണ്ണം മുറിച്ചത്‌.
12. ഉള്ളി അരിഞ്ഞത്‌ രണ്ടു വലിയ സ്‌പൂണ്‍, കറിവേപ്പില ആവശ്യത്തിന്‌

പാചകം ചെയ്യേണ്ടവിധം

ഒരു പാത്രത്തില്‍ രണ്ടു കപ്പ്‌ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചവെള്ളത്തില്‍ പരിപ്പു കഴുകി മഞ്ഞള്‍പൊടിയും ചേര്‍ത്ത്‌ വേവിക്കുക. നന്നായി വെന്തശേഷം കയില്‍ കൊണ്ട്‌ ഉടച്ചു ചേര്‍ക്കുക. ചീനച്ചട്ടിയില്‍ ഒരു വലിയ സ്‌പൂണ്‍ നല്ലെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍, മൂന്നാമത്തെ ചേരുവകള്‍ ഇട്ട്‌ മൂപ്പിക്കുക. നന്നായി മൂക്കുമ്പോള്‍ തേങ്ങാ ചിരണ്ടിയതും ഇട്ട്‌ ചുവക്കെ മൂപ്പിക്കുക. ഇവയെല്ലാം കൂടി അരകല്ലില്‍ വെച്ച്‌ അരച്ചെടുക്കുക. രണ്ടു വലിയ സ്‌പൂണ്‍ വെളിച്ചെണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ട്‌ ഉലര്‍ത്തി, വാളന്‍ പുളി പിഴിഞ്ഞതും തിളപ്പിച്ച വെള്ളത്തില്‍ ഇടുക. കുമ്പളങ്ങാകഷണങ്ങളും, പച്ചമുളക്‌ കീറിയതും ഇട്ട്‌ പാത്രം മൂടി കഷണങ്ങള്‍ ചെറിയ തീയില്‍ വേവിക്കുക. ഇതില്‍ മേല്‍ പറഞ്ഞ പരിപ്പ്‌ ഉടച്ചതും, ഒന്നരകപ്പ്‌ വെള്ളവും പാകത്തിന്‌ ഉപ്പും ചേര്‍ക്കുക. രണ്ടു വലിയ സ്‌പൂണ്‍ വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി ചൂടാക്കിയ കായം മൂപ്പിച്ച സാമ്പാറില്‍ ചേര്‍ക്കുക. ശേഷിച്ച എണ്ണയില്‍ പതിനൊന്നും, പന്ത്രണ്ടും സാധനങ്ങള്‍ യഥാക്രമം ഇട്ട്‌ വഴറ്റി സാമ്പാറില്‍ ചേര്‍ത്തി ഇളക്കി വാങ്ങുക.

രസം

ആവശ്യമുള്ള ചേരുവകള്‍

1. വറ്റല്‍ മുളക്‌ എട്ടെണ്ണം, കുരുമുളക്‌ രണ്ടു ചെറിയ സ്‌പൂണ്‍, മല്ലി രണ്ടു വലിയ സ്‌പൂണ്‍, ജീരകം അര ചെറിയ സ്‌പൂണ്‍, വെളുത്തുള്ളി മുപ്പത്‌ അല്ലി, ചുവന്നുള്ളി എട്ട്‌ അല്ലി, ഇഞ്ചി ഒരു കഷണം
2. കായപ്പൊടി പാകത്തിന്‌, വാളന്‍ പുളി പാകത്തിന്‌, 3. വെളിച്ചെണ്ണ രണ്ടു വലിയ സ്‌പൂണ്‍, കടുക്‌ ഒരു ചെറിയ സ്‌പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത്‌ ഒരു ചെറിയ സ്‌പൂണ്‍, കറിവേപ്പില കുറച്ച്‌, വററല്‍ മുളക്‌ രണ്ണെം (മുറിക്കണം)

പാചകം ചെയ്യേണ്ടവിധം

ഒന്നാമത്തെ സാധനങ്ങള്‍ അരകല്ലില്‍വച്ച്‌ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പന്ത്രണ്ടുകപ്പ്‌ വെള്ളം ഒഴിച്ച്‌ സാധനങ്ങളും, പാകത്തിന്‌ വാളന്‍ പുളി കലക്കിയ വെള്ളവും, ഉപ്പും കായപ്പൊടിയും ചേര്‍ത്തി ഇളക്കി അടുപ്പത്തുവെച്ച്‌ തിളപ്പിക്കുക. ചീനച്ചട്ടി അടുപ്പത്തുവെച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകും, ചുവന്നുള്ളി അരിഞ്ഞതും ഇട്ട്‌ മൂപ്പിക്കുക. അതിനുശേഷം കറിവേപ്പിലയും വറ്റല്‍ മുളകും കൂടി മൂപ്പിക്കുക. എല്ലാം കൂടി രസത്തില്‍ കുടഞ്ഞിട്ടു ഇളക്കി വാങ്ങുക.

എരിശേരി

ആവശ്യമുള്ള ചേരുവകള്‍

1. ചേന കഷണങ്ങളാക്കിയത്‌ നാലു കപ്പ്‌
2. മുളകുപൊടി ഒരു ചെറിയ സ്‌പൂണ്‍, ജീരകം അല്‍പം, മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്‌പൂണ്‍
3. തേങ്ങാ ചിരണ്ടിയത്‌ ഒരു കപ്പ്‌,

4. വെളിച്ചെണ്ണ നാല്‌ വലിയ സ്‌പൂണ്‍

5. കടുക്‌ രണ്ടു വലിയ സ്‌പൂണ്‍
6. വറ്റല്‍ മുളക്‌ രണ്ടെണ്ണം മുറിച്ചെടുത്തത്‌.
7. തേങ്ങാ ചിരണ്ടിയത്‌ നാലു വലിയ സ്‌പൂണ്‍
8. കറിവേപ്പില ആവശ്യത്തിന്‌

പാചകം ചെയ്യേണ്ടവിധം

ചേനക്കഷണങ്ങള്‍ പാത്രത്തിലാക്കി പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും ചേരുവകള്‍ അരകല്ലില്‍ വെച്ച്‌ നേര്‍മ്മയായി അരച്ചെടുത്തതും പാകത്തിന്‌ ഉപ്പുനീരും ചേര്‍ത്ത്‌ ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍, ഏഴാമത്തെ ചേരുവയായ തേങ്ങാ ചിരണ്ടിയതും കടുക്‌ വറ്റല്‍ മുളക്‌, കറിവേപ്പില ഇവയും ക്രമത്തില്‍ ഇട്ട്‌ മൂപ്പിച്ചു അരപ്പുചേര്‍ത്ത്‌ തിളപ്പിച്ചുവച്ചിരിക്കുന്ന ചേനക്കറിയില്‍ കുടഞ്ഞിട്ട്‌ യോജിപ്പിച്ച്‌ ഇളക്കി വാങ്ങി എടുക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ടകാര്യം കഷണം വെന്തശേഷം മാത്രമേ ഉപ്പ്‌ ചേര്‍ക്കാവൂ.

ഇഞ്ചിക്കറി

ആവശ്യമുള്ള ചേരുവകള്‍

1. ഇഞ്ചി പൊടിയായി അരിഞ്ഞത്‌ അരകപ്പ്‌
2. വറ്റല്‍ മുളക്‌ 24 എണ്ണം, മല്ലി രണ്ടു വലിയ സ്‌പൂണ്‍ , ഉലുവ 1/4 ചെറിയ സ്‌പൂണ്‍ , കടുക്‌ 1/4 ചെറിയ സ്‌പൂണ്‍
3. നല്ലെണ്ണ ഒരു വലിയ സ്‌പൂണ്‍
4. വെളിച്ചെണ്ണ രണ്ടു വലിയ സ്‌പൂണ്‍
5. വാളന്‍പുളി രണ്ടു ചെറിയ സ്‌പൂണ്‍
6. ശര്‍ക്കര പാകത്തിന്‌
7. കടുക്‌ കാല്‍ ചെറിയ സ്‌പൂണ്‍
8. ഉലുവ അല്‌പം
9. വറ്റല്‍ മുളക്‌ നാല്‌ എണ്ണം (മുറിച്ചത്‌)
10. കറിവേപ്പില ആവശ്യത്തിന്‌

പാചകം ചെയ്യേണ്ടവിധം

ഇഞ്ചി കൊത്തിയരിഞ്ഞത്‌ ചീനച്ചട്ടി അടുപ്പത്ത്‌ വച്ച്‌ ചൂടാകുമ്പോള്‍ ആവശ്യത്തിന്‌ വെളിച്ചെണ്ണ ഒഴിച്ച്‌ ചുവക്കെ വറുത്തു കോരുക. ഒരു വലിയ സ്‌പൂണ്‍ നല്ലെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍, രണ്ടാമത്തെ സാധനങ്ങള്‍ ക്രമത്തിന്‌ ഇട്ടു മൂപ്പിച്ചുവാങ്ങി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ വറുത്തെടുത്ത ഇഞ്ചിയും, ആവശ്യത്തിന്‌ വാളന്‍പുളി കലക്കിയ വെള്ളവും മേല്‍പറഞ്ഞ അരച്ചെടുത്ത സാധനങ്ങളും, ഉപ്പുനീരും ചേര്‍ത്ത്‌ ഇളക്കി തിളപ്പിക്കുക. രണ്ടു വലിയ സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഏഴാമത്തെ ചേരുവകള്‍ ഓരോന്നും മൂപ്പിച്ചെടുത്ത്‌ കറിയില്‍ ചേര്‍ക്കുക. ഇഞ്ചിക്കറി ഒരു വിധം കൊഴുക്കുന്ന സമയം പാകത്തിന്‌ മധുരം ആകത്തക്കവിധം ശര്‍ക്കര കൂടി ചീകി ചേര്‍ക്കുക. നന്നായി ഇളക്കി തണുത്തശേഷം പാത്രത്തില്‍ നിന്നും കയില്‍കൊണ്ട്‌ കോരി ഭരണിയില്‍ ഒഴിച്ചുവെച്ച്‌ ആവശ്യത്തിന്‌ എടുത്ത്‌ ഉപയോഗിക്കുക.

തക്കാളികറി

ആവശ്യമുള്ള ചേരുവകള്‍

1. തക്കാളി അരിഞ്ഞത്‌ രണ്ടു കപ്പ്‌
2. പച്ചമുളക്‌ കീറിയത്‌ ഒരു സ്‌പൂണ്‍, ഇഞ്ചി അരിഞ്ഞത്‌ ഒരു ചെറിയ സ്‌പൂണ്‍, ചുവന്നുള്ളി എട്ടു വലിയ സ്‌പൂണ്‍
3. ഉഴുന്നു പരിപ്പ്‌ ഒരു കപ്പ്‌
4. കടുക്‌ പാകത്തിന്‌, വറ്റല്‍ മുളക്‌ രണ്ടെണ്ണം മുറിച്ചത്‌, മഞ്ഞള്‍ പൊടി ആവശ്യത്തിന്,
മുളകുപൊടി ആവശ്യത്തിന്‌
5. വാളന്‍ പുളി ഒരു നാരങ്ങാ മുഴുപ്പ്‌
6. വെളിച്ചെണ്ണ നാലു വലിയ സ്‌പൂണ്‍

പാചകം ചെയ്യേണ്ടവിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍, ഒന്നു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഓരോന്നും ക്രമത്തിലിട്ട്‌ മൂപ്പിക്കുക. അതിനുശേഷം പിഴിഞ്ഞെടുത്ത വെള്ളം ഇവ ചേര്‍ത്തു ഇളക്കി കറി അധികം കുറുകിയോ, അയഞ്ഞോ ഇരിക്കാത്ത വിധം ആവശ്യത്തിനു വെള്ളം ചേര്‍ത്ത്‌ വേവിച്ച്‌ ഇളക്കി യോജിപ്പിച്ചു വാങ്ങി എടുക്കുക.

പച്ചടി

ആവശ്യമുള്ള ചേരുവകള്‍

1. അധികം പുളി ഇല്ലാത്തതും, പുതിയതുമായ കട്ട തൈര്‌, ഉടച്ച്‌ എടുത്തത്‌ ഒരു കപ്പ്‌
2. സവാള വട്ടത്തില്‍ അരിഞ്ഞത്‌ അല്‌പം, ഉപ്പു തളിച്ച്‌ തിരുമ്മിയത്‌ കാല്‍കപ്പ്‌
3. പച്ചമുളക്‌ അരിഞ്ഞത്‌ അര ചെറിയ സ്‌പൂണ്‍

പാചകം ചെയ്യേണ്ടവിധം

മേല്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലാക്കി യോജിപ്പിച്ച്‌, തണുപ്പിച്ച്‌, ഉപയോഗിക്കുക.

പാവയ്‌ക്കാ തീയല്‍

ആവശ്യമുള്ള ചേരുവകള്‍

1. പാവയ്‌ക്ക 1 1/2 കനത്തില്‍, നുറുക്കിയത്‌ എണ്ണൂറ്‌ ഗ്രാം,

2. വെളിച്ചെണ്ണ ഒരു വലിയ സ്‌പൂണ്‍
3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ്‌
4. തേങ്ങാ ചിരണ്ടിയത്‌ ഒരു കപ്പ്‌
5. ചുവന്നുള്ളി രണ്ടെണ്ണം, വറ്റല്‍ മുളക്‌ ആറെണ്ണം, കൊത്തമല്ലി രണ്ടു ചെറിയ സ്‌പൂണ്‍, ജീരകം കുറച്ച്‌
6. വെളിച്ചെണ്ണ ഒരു വലിയ സ്‌പൂണ്‍
7. കടുക്‌ അര ചെറിയ സ്‌പൂണ്‍, വറ്റല്‍ മുളക്‌ നാലെണ്ണം, കറിവേപ്പില കുറച്ച്‌

പാചകം ചെയ്യേണ്ടവിധം

ഒരു ചീനച്ചട്ടിയില്‍ ഒരു വലിയ സ്‌പൂണ്‍ നല്ലെണ്ണ/ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ നുറുക്കിയ പാവയ്‌ക്ക ഇട്ട്‌ വറുത്തു കോരുക. അതിനുശേഷം, ഒരു പാത്രത്തില്‍ വറുത്തെടുത്ത പാവയ്‌ക്കായിട്ടു വേവിക്കുക. പിന്നീട്‌ നാലാമത്തെയും അഞ്ചാമത്തെയും ചേരുവകള്‍ ആവശ്യമുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുത്ത്‌ അരച്ചു കലക്കിയ കറിയില്‍ ഒഴിച്ച്‌ നല്ലവണ്ണം തിളപ്പിക്കുക. ഒരു വലിയ സ്‌പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട്‌ മൂപ്പിച്ച്‌ ചേര്‍ത്ത്‌ ഇളക്കി വാങ്ങി ഉപയോഗിക്കുക.

Load More Related Articles
Load More By GinsJaiHind
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…