Home India അമേരിക്ക ദാരിദ്യത്തെ കുറ്റകരമാക്കി മാറ്റിയത്‌ എങ്ങനെ?

അമേരിക്ക ദാരിദ്യത്തെ കുറ്റകരമാക്കി മാറ്റിയത്‌ എങ്ങനെ?

0 second read
0
0
135

സാമൂഹ്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും പരസ്‌പരം കൈകോര്‍ത്തു പോകുന്നവയാണ്‌. ഒന്ന്‌ എല്ലായ്‌പ്പോഴും മറ്റൊന്നിനെ സ്വാധീനിക്കും. പണവും അനുബന്ധ സൗകര്യങ്ങളുമില്ലാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ല. വീട്‌, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ എന്നിവയ്‌ക്കെല്ലാം ഇത്‌ ബാധകമാണ്‌.
ലളിതമായി പറഞ്ഞാല്‍ പണമുണ്ടെങ്കില്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ മറികടക്കാം. സമ്പന്നര്‍ക്ക്‌ മികച്ച അഭിഭാഷകരെ വച്ച്‌ ഉടന്‍ ജാമ്യം നേടാം. പോലീസിന്റെ ഇടപെടല്‍ ഒഴിവാക്കാം. അതുകൊണ്ടാണ്‌, നമ്മുടെ സമൂഹത്തില്‍ ദാരിദ്ര്യം കുറ്റകരമാകുന്നത്‌. ഇത്‌ മണ്ടത്തരമാണെന്നു നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ വസ്‌തുതകള്‍ പരിശോധിച്ചാല്‍ അത്‌ ശരിയാണെന്ന്‌ നിങ്ങള്‍ക്കു മനസിലാകും.

വീടില്ലാത്തത്‌ കുറ്റകരമാണ്‌

‘പാന്‍ഹാന്‍ഡ്‌ലിംഗ്‌’ നിയമവിരുദ്ധമാകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വീടില്ലാത്തവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറ്റകരമായി കണക്കാക്കുന്ന ധാരാളം നിയമങ്ങള്‍ ഇവിടെയുണ്ട്‌. ആരെങ്കിലും എപ്പോഴെങ്കിലും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞാല്‍, പോലീസ്‌ വീണ്ടും വീണ്ടും അവരെ തേടിവരും. ഇത്തരക്കാരുടെ ജയില്‍മോചനം പണച്ചെലവുള്ള കാര്യമാണ്‌. ഇത്‌ ദാരിദ്യം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി, അമേരിക്കയിലെ പല മാനസിക സ്ഥാപനങ്ങളും ആളില്ലാതെ അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നവരെ ചികിത്സിക്കുകയും സുരക്ഷിതമായി അവരുടെ വഴിക്ക്‌ വിട്ടയയ്‌ക്കുകയും ചെയ്‌തതുകൊണ്ടല്ല ഇതു സംഭവിച്ചത്‌. മറിച്ച്‌, ഇവരെ എങ്ങനെ പരിചരിക്കണമെന്നും മുന്നോട്ടുകൊണ്ടുപോകണമെന്നും അറിയാതെ അടച്ചുപൂട്ടിയവയാണ്‌ അത്തരം സ്ഥാപനങ്ങള്‍.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഇത്‌ പ്രസക്തമാകുന്നത്‌ എന്തുകൊണ്ട്‌?. പൂട്ടിയ ഈ ആശുപത്രികള്‍ക്കു പകരമായി മറ്റൊന്നു സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതുതന്നെയാണു കാരണം. മാത്രമല്ല, അമേരിക്കയില്‍ ഇപ്പോഴും വേണ്ടത്ര ആരോഗ്യ സംരക്ഷണ ഉപാധികളില്ല. അതുകൊണ്ടുതന്നെ, ആരോഗ്യ ഇന്‍ഷുറന്‍സും പണവുമില്ലാത്ത ആളുകള്‍ക്ക്‌ ആവശ്യമായ പരിചരണവും ചികിത്സയും ലഭിക്കില്ല. ഇതില്‍തന്നെ കൂടുതല്‍ ആളുകള്‍ ഭവനരഹിതരാണ്‌.
മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ നേരിടാന്‍ ഇപ്പോള്‍ പോലീസിനെയാണ്‌ അയയ്‌ക്കുന്നത്‌. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അവര്‍ക്കു വൈദ്യസഹായം നല്‍കുന്നതിനുപകരം പോലീസ്‌ അവരെ അറസ്റ്റ്‌ ചെയ്യും. മാനസികാരോഗ്യപരമായ ഇടപെടലുകളും ചികിത്സയും ലഭിച്ചില്ലെങ്കില്‍ അവര്‍ക്കു പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാം. ഇതു പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്‌.
അമേരിക്കയിലെ പണം നല്‍കിയുള്ള ജാമ്യവ്യവസ്ഥ അന്യായവും പാവപ്പെട്ടവരെയും കറുത്തവര്‍ഗക്കാരെയും ലക്ഷ്യമിടുന്നതുമാണ്‌. ഒരു കുറ്റത്തിന്‌ പോലീസ്‌ ആരെയെങ്കിലും അറസ്റ്റ്‌ ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്‌താല്‍, ജാമ്യം ലഭിക്കാതെ അവര്‍ക്ക്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങാന്‍ കഴിയില്ല. പണമില്ലാത്തതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവരുന്ന നിരവധി ആളുകളുണ്ട്‌. ഇത്‌ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും മനോവേദന സൃഷ്ടിക്കുന്ന കാര്യമാണ്‌.
കാര്‍ പാര്‍ക്ക്‌ ചെയ്‌തതിന്റെ പേരില്‍ ലഭിച്ച പാര്‍ക്കിംഗ്‌ ടിക്കറ്റ്‌ അടയ്‌ക്കാന്‍ മറന്നുപോയാല്‍ കുറച്ചു ദിവസത്തിനുശേഷം മറ്റൊരു ടിക്കറ്റ്‌ ലഭിക്കും. ഇക്കുറി തുക മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയായിരിക്കും. ഇതു പലരുടെയും സാമ്പത്തിക ബജറ്റ്‌ തകിടംമറിക്കും. ആദ്യ തവണ ലഭിച്ച ഫൈന്‍ അടയ്‌ക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ്‌ രണ്ടിരട്ടിയും മൂന്നിരട്ടിയും തുക അടയ്‌ക്കുക എന്നതു ചോദ്യചിഹ്നമായി നില്‍ക്കും. ചില നഗരങ്ങളില്‍, ട്രാഫിക്‌ ടിക്കറ്റുകള്‍ അടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ പുതുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്‌. ജോലിസ്ഥലത്തേക്കും പുറത്തേക്കും പോകാന്‍ വാഹനത്തെ ആശ്രയിക്കുന്നവരുടെ ജോലി നഷ്ടപ്പെടുന്നതിനും മറ്റും ഇത്‌ ഇടയാക്കും.
അമേരിക്കയിലെ സാമൂഹിക സേവന വിഭാഗങ്ങള്‍ക്ക്‌ വേണ്ടത്ര ഫണ്ട്‌ ലഭിക്കുന്നില്ല എന്നതു പകല്‍പോലെ വ്യക്തമാണ്‌. അഫോര്‍ഡബിള്‍ കെയര്‍ ആക്ട്‌ ഉണ്ടെങ്കിലും കൈയിലൊതുങ്ങുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. നിങ്ങള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസം പ്രധാനമായും നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. വീട്ടുചെലവുകളും താങ്ങാനാവുന്നില്ല. ഇത്തരത്തില്‍ നിരവധി സേവനങ്ങള്‍ സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായി നിലനില്‍ക്കുന്നു.
സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന ഇടങ്ങളിലേക്ക്‌ പോലീസിനെ അയയ്‌ക്കുന്നതിനെക്കുറിച്ച്‌ നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ട്‌. മാനസിക പ്രശ്‌നമോ സമാനമായ പ്രശ്‌നങ്ങളോ ഉള്ള ഇടങ്ങളില്‍ പോലീസ്‌ എത്തുന്നത്‌ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഇത്തരക്കാരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനും ആവശ്യമായ പരിചരണം നല്‍കുന്നതിനും പകരം പോലീസ്‌ അറസ്റ്റ്‌ ചെയ്യും. ഇത്‌ ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം വഷളാക്കും. മാത്രമല്ല സഹായം ആവശ്യമുള്ള ആളുകള്‍ ദ്രോഹിക്കപ്പെടുകയും ചെയ്യും. എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ പോലീസിനെ നിയോഗിക്കുന്നതിനു പകരം മറ്റു സംവിധാനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കുറച്ചെങ്കിലും മെച്ചപ്പെടണമെങ്കില്‍ പണ ജാമ്യ സംവിധാനം അവസാനിപ്പിക്കണം. പണത്തിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുകയും പുറത്തിറങ്ങുകയും ചെയ്യുന്ന അവസ്ഥയില്‍ മാറ്റമുണ്ടാകണം. സമൂഹത്തിന്റെ സുരക്ഷ മാത്രം അടിസ്ഥാനമാക്കിയാകണം ജാമ്യം നല്‍കേണ്ടത്‌. വിചാരണയ്‌ക്കായി പ്രതി ഹാജരാകില്ലെന്ന്‌ കോടതിക്ക്‌ ആശങ്കയുണ്ടെങ്കില്‍, ട്രാന്‍സ്‌പോര്‍ട്ട്‌ വൗച്ചറുകള്‍, ടെക്‌സ്റ്റ്‌ മെസേജ്‌, ശിശു പരിപാലനം എന്നിവപോലുള്ള സേവനങ്ങള്‍ നല്‍കണം.
വീടാണ്‌ എല്ലാ ആളുകളുടെയും പ്രധാന ആശങ്ക. ഉറങ്ങാന്‍ ഒരിടം, മോശം കാലാവസ്ഥയില്‍ അഭയം തേടാനുള്ള സ്ഥലം, കുളിമുറി, സുരക്ഷിതമായി താമസിക്കാനുള്ള ഇടം എന്നിവയൊക്കെയാണ്‌ ഒരാള്‍ക്ക്‌ അയാളുടെ വീട്‌. എന്നാല്‍ അടുത്ത കാലത്ത്‌ വീട്ടുചെലവുകള്‍ അതിവേഗം വര്‍ദ്ധിച്ചു. എന്നാല്‍ വേതനത്തില്‍ വര്‍ധനവുണ്ടായതുമില്ല. ചിലതരം വീടുകളുടെ നിര്‍മാണം തടയുന്ന സോണിംഗ്‌ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വംശീയ ഭവന വിവേചനങ്ങള്‍ സമൂഹത്തില്‍ വേര്‍തിരിവിനു കാരണമായി. താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള വീടുകള്‍ക്കായി പണം മുടക്കുന്നത്‌ കൂടുതല്‍ ആളുകള്‍ക്ക്‌ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും.
അമേരിക്കയിലെ ദാരിദ്ര്യവും വീടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒറ്റരാത്രികൊണ്ടു പരിഹരിക്കാനാവില്ല. എന്നാല്‍ വ്യക്തമായ പരിഹാരങ്ങളുണ്ട്‌. അത്‌ ആളുകള്‍ക്ക്‌ വളരെയധികം ഗുണം ചെയ്യും. ഈ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുന്നത്‌ വ്യക്തികളെയും സമൂഹത്തെയും മൊത്തത്തില്‍ സഹായിക്കും.

Load More Related Articles
Load More By GinsJaiHind
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…